- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആശങ്ക പരത്തി എച്ച്1 എന്‍1; ഒരുമാസത്തിനിടെ സംസ്ഥാനത്ത് പനി സ്ഥിരീകരിച്ചത് 78 പേര്‍ക്ക്
ഒരിടവേളയ്ക്കുശേഷം മറ്റ് ജില്ലകളിലും രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം കൂടുന്നതായാണ് റിപോര്‍ട്ട്. ഈമാസം 25 വരെ സംസ്ഥാനത്ത് 78 പേര്‍ക്ക് എച്ച്1 എന്‍1 ബാധിച്ചുവെന്നാണ് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്ക്. ഇതില്‍ ഒരാള്‍ മരണപ്പെടുകയും ചെയ്തു. രോഗലക്ഷണങ്ങളോടെ 69 പേര്‍ നിരീക്ഷണത്തിലുമാണ്.
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ആശങ്ക പരത്തി എച്ച്1 എന്‍1 പടരുന്നു. കാസര്‍കോഡ് ജില്ലയിലെ പെരിയ നവോദയ സ്‌കൂളിലെ 520 കുട്ടികളില്‍ അഞ്ച് പേര്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിക്കുകയും 67 കുട്ടികള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയും ചെയ്തതാണ് കൂടുതല്‍ ഭീതിക്കിടയാക്കിയിരിക്കുന്നത്. ഒരിടവേളയ്ക്കുശേഷം മറ്റ് ജില്ലകളിലും രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം കൂടുന്നതായാണ് റിപോര്‍ട്ട്. ഈമാസം 25 വരെ സംസ്ഥാനത്ത് 78 പേര്‍ക്ക് എച്ച്1 എന്‍1 ബാധിച്ചുവെന്നാണ് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്ക്. ഇതില്‍ ഒരാള്‍ മരണപ്പെടുകയും ചെയ്തു. രോഗലക്ഷണങ്ങളോടെ 69 പേര്‍ നിരീക്ഷണത്തിലുമാണ്.
രണ്ടുമാസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ 167 പേര്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചതായി വ്യക്തമാവും. നാലുപേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. 2018ല്‍ 801 പേര്‍ക്ക് എച്ച്1 എന്‍1 ബാധിച്ചതില്‍ 53 പേരാണ് മരണത്തിന് കീഴടങ്ങിയത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടിയവരുടെയും മരണപ്പെട്ടവരുടെയും കണക്കുകളാണ് ആരോഗ്യവകുപ്പ് പുറത്തുവിടുന്നത്. എന്നാല്‍, സ്വകാര്യാശുപത്രികളിലെ കണക്കുകള്‍കൂടി പുറത്തുവന്നാല്‍ എണ്ണം ഇതിലും വര്‍ധിക്കും. എച്ച്1 എന്‍1 പനിക്കെതിരേ ജാഗ്രതപുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2009, 2012, 2015 കാലഘട്ടങ്ങളിലാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ എച്ച്1 എന്‍1 പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയത്. 2017 മുതലാണ് കേരളത്തില്‍ എച്ച്1 എന്‍1 ബാധയില്‍ വര്‍ധന രേഖപ്പെടുത്തിയതെന്ന് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
ഡോക്ടര്‍മാര്‍ രോഗനിര്‍ണയ ജാഗ്രത പാലിക്കണമെന്നും നിലവിലെ എ, ബി, സി മാര്‍ഗരേഖകള്‍ പ്രകാരമുള്ള ചികില്‍സ നല്‍കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് എച്ച്1 എന്‍1 രോഗബാധ കൂടുതലായി കണ്ടുവരുന്നതിന് പ്രധാനമായ കാരണമായി ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ പകല്‍ കനത്ത ചൂടും രാത്രിയില്‍ തണുപ്പുമുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഇതുമൂലം മറ്റ് പകര്‍ച്ചവ്യാധികള്‍ ബാധിച്ച് ചികില്‍സ തേടുന്നവരുടെ എണ്ണത്തിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ചത്തെ കണക്കുകള്‍പ്രകാരം സംസ്ഥാനത്ത് 8,411 പേര്‍ക്കാണ് വൈറല്‍പനി ബാധിച്ചത്.
മലപ്പുറത്താണ് (1,007) ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത്. തൊട്ടുപിന്നില്‍ പാലക്കാടാണ്- 935. തിരുവനന്തപുരം-685, കൊല്ലം- 551, പത്തനംതിട്ട- 309, ഇടുക്കി- 278, കോട്ടയം- 332, എറണാകുളം- 652, തൃശൂര്‍- 685, കോഴിക്കോട്- 767, വയനാട്- 603, കണ്ണൂര്‍- 773, കാസര്‍കോഡ്- 439 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്. ഒരുമാസത്തിനിടെ 1,73,353 പേര്‍ക്ക് വൈറല്‍പനി ബാധിച്ചതായാണ് റിപോര്‍ട്ട്. ഇക്കാലയളവില്‍ 12 പേര്‍ക്ക് ഡെങ്കിപ്പനിയും 52 പേര്‍ക്ക് ചിക്കുന്‍ഗുനിയയും 3,610 പേര്‍ക്ക് ചിക്കന്‍പോക്‌സും 45 പേര്‍ക്ക് സ്‌ക്രബ് ടൈഫസും 573 മന്ത് രോഗവും 36,426 പേര്‍ക്ക് വയറിളക്കവും ബാധിച്ചു. വിവിധ വകഭേദങ്ങളിലുള്ള മഞ്ഞപ്പിത്തം ബാധിച്ച് 147 പേരും എലിപ്പനി ബാധിച്ച് 50 പേരും ചികില്‍സ തേടിയതായി ആരോഗ്യവകുപ്പിന്റെ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
എച്ച്1 എന്‍1 ലക്ഷണങ്ങളും മുന്‍കരുതലും
എച്ച്1 എന്‍1 എന്ന വൈറസ് പരത്തുന്ന പനിയാണ് എച്ച്1 എന്‍1. ജലദോഷത്തിന്റെ ലക്ഷണങ്ങളുമായി തുമ്മലും ചീറ്റലുമുള്ള പനിയാണിത്. ജലദോഷങ്ങളില്‍ 25 ശതമാനത്തിനും കാരണം എച്ച്1 എന്‍1 വൈറസാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സാധാരണ ജലദോഷത്തിന്റെ അതേ ലക്ഷണങ്ങള്‍തന്നെയാണ് എച്ച്1 എന്‍1 പനിക്കും കണ്ടുവരുന്നത്. തലവേദന, തൊണ്ടവേദന, ഛര്‍ദി, സന്ധിവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍, രോഗം കടുത്താല്‍ മാത്രം നെഞ്ചുവേദന, ശ്വാസംമുട്ട്, കഫത്തില്‍ രക്തം എന്നിവയും കൈകാലുകളില്‍ ചെറുതായി നീലനിറം എന്നീ അസാധാരണ ലക്ഷണങ്ങളും കണ്ടേക്കാം.
കടുത്ത രോഗബാധയുണ്ടായാല്‍ ന്യുമോണിയയും പിടിപെടാന്‍ സാധ്യതയുണ്ട്. എച്ച്1 എന്‍1 പനി വ്യാപനം തടയുന്നതിന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയെന്നതാണ് പ്രധാനം. ജലദോഷപ്പനികള്‍, ചുമ, തൊണ്ടവേദന, ശ്വാസംമുട്ട് മുതലായ ലക്ഷണങ്ങളുള്ളവര്‍ രോഗം കുറയുന്നതില്‍ കാലതാമസം നേരിട്ടാല്‍ ഡോക്ടറുടെ സേവനം തേടണം. ഗര്‍ഭിണികള്‍, വൃക്ക, പ്രമേഹം, കരള്‍ രോഗങ്ങള്‍ക്ക് ചികില്‍സ നടത്തുന്നവര്‍ എന്നിവര്‍ പനി വന്നാല്‍ എത്രയുംവേഗം ആശുപത്രിയല്‍ സമീപിച്ച് ചികില്‍സ തേടുന്നതാണ് ഉചിതം.
തിരിച്ചറിയാന്‍ എളുപ്പം; ചികില്‍സ ഫലപ്രദം
എച്ച്1 എന്‍1 പനിയാണോയെന്ന് എളുപ്പം തിരിച്ചറിയാന്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യാശുപത്രികള്‍ക്കും എ, ബി, സി ഗൈഡ്‌ലൈന്‍ എന്ന പേരില്‍ ലക്ഷണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും തയ്യാറാക്കി ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് വിശദമായ പരിശോധനയില്ലാതെ വേഗത്തില്‍ പനി തിരിച്ചറിയാനും ചികില്‍സ ആരംഭിക്കാനുമാവും. വ്യാപകമായി ഇത്തരം പനികള്‍ വരുമ്പോഴാണ് വൈറസിന്റെ സ്ഥിതിയും വ്യാപ്തിയുമറിയാന്‍ മണിപ്പാലിലോ ആലപ്പുഴയിലോ ഉള്ള വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ അല്ലെങ്കില്‍ തിരുവനന്തപുരം രാജീവ് ഗാന്ധി സെ്ന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ രക്തസാമ്പിളുകള്‍ പരിശോധിക്കേണ്ടിവരുന്നത്.
ഒസല്‍ടാമിവിര്‍ ഗുളിക ഉപയോഗിച്ചുള്ള ചികില്‍സയാണ് രോഗത്തിന്റെ പ്രതിവിധി. മരുന്ന് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാക്കിയിട്ടുണ്ട്. സ്വകാര്യാശുപത്രികളിലും സ്‌റ്റോക്കുണ്ടാവും. ഡോക്ടറുടെ നിര്‍ദേശപ്രകാരമേ മരുന്ന് കഴിക്കേണ്ടത്. വിശ്രമമാണ് ആദ്യം വേണ്ടത്. പോഷകമൂല്യമുള്ള ആഹാരവും കഴിക്കണം. എളുപ്പം ദഹിക്കുന്ന ഭക്ഷണമാണ് കഴിക്കേണ്ടത്. പ്രതിരോധശേഷി നഷ്ടപ്പെടാതിരിക്കാന്‍ കഞ്ഞിവെള്ളം കുടിക്കണം. വേണമെങ്കില്‍ ചൂട് കഞ്ഞിവെള്ളത്തില്‍ ചെറുനാരങ്ങയും ഉപ്പും ചേര്‍ത്ത് ഗുണവും രുചിയും കൂട്ടി കഴിക്കാം.
പ്രതിരോധമാര്‍ഗങ്ങള്‍
രോഗം പിടിപെട്ടവരുമായുള്ള ഹസ്തദാനം, സമ്പര്‍ക്കം, തുമ്മല്‍ എന്നിവയും രോഗബാധയ്ക്കു കാരണമാവാം. വായുവിലൂടെയാണ് രോഗം പകരുന്നത്. രോഗബാധയുള്ളവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താതെ വീട്ടില്‍ വിശ്രമിക്കുന്നതാണു നല്ലത്. രോഗം പിടിപെട്ടവരുമായുള്ള ഹസ്തദാനം, സമ്പര്‍ക്കം, തുമ്മല്‍ എന്നിവയും രോഗബാധയ്ക്കു കാരണമാവാം. പനി എളുപ്പം മാറുന്നതിന് മാത്രമല്ല, പകരാതിരിക്കാനും കൂടിയാണ് പനിയുള്ളവര്‍ പുറത്തുപോവാതെ വീട്ടില്‍ വിശ്രമിക്കണമെന്നു പറയുന്നത്.
സ്‌കൂളുകളിലും പ്ലേ സ്‌കൂളുകള്‍പോലുള്ള സ്ഥലങ്ങളിലും ഇത്തരം പനിയുള്ള കുട്ടികളെ വിടരുത്. ഈ സീസണില്‍ രോഗപ്പകര്‍ച്ച സാധ്യതയുള്ളതുകൊണ്ട് ആശുപത്രിസന്ദര്‍ശനം ഒഴിവാക്കണം. ശ്വാസകോശസംബന്ധമായ അസുഖമുള്ളവരുമായി രോഗികള്‍ സമ്പര്‍ക്കം ഒഴിവാക്കുക, ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക, രോഗിയുടെ കുടുംബാംഗങ്ങള്‍ കൂടെക്കൂടെ സോപ്പുപയോഗിച്ച് കൈ കഴുകുക, രോഗാവസ്ഥയില്‍ സന്ദര്‍ശകരെ അനുവദിക്കാതിരിക്കുക എന്നിവ മുന്‍കരുതലായി സ്വീകരിക്കാം.
RELATED STORIES
മൃതദേഹം സംസ്കരിച്ച് നാലാം ദിവസം പരേതന് തിരിച്ചെത്തി; മരണാനന്തര...
18 Nov 2024 4:30 AM GMTകമ്പനി മീറ്റിങ്ങില്‍ പങ്കെടുത്തില്ല; 99 ജീവനക്കാരെ പിരിച്ച് വിട്ട്...
18 Nov 2024 3:36 AM GMTയുവാവിനെ ആക്രമിച്ച് അഞ്ചരലക്ഷം കവര്‍ന്നു; സ്ത്രീയടക്കം രണ്ടു പേര്‍...
18 Nov 2024 3:16 AM GMTതൃപ്പൂണിത്തുറയില്‍ ബൈക്ക് പാലത്തില്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു
18 Nov 2024 3:09 AM GMT''നിലമ്പൂര്‍ അറ്റ് 1921'' ചരിത്ര ഗ്രന്ഥം പ്രകാശനം 20ന്
18 Nov 2024 1:37 AM GMTപാലക്കാട് ഇന്ന് കൊട്ടിക്കലാശം
18 Nov 2024 1:27 AM GMT