Big stories

ഉത്തരാഖണ്ഡില്‍ സംഘപരിവാര ആക്രമണം; ക്രിസ്ത്യന്‍ വൈദികന്റെ വീട് തകര്‍ത്തു, കുരിശുപീഠം നശിപ്പിച്ചു

ഉത്തരാഖണ്ഡില്‍ സംഘപരിവാര ആക്രമണം; ക്രിസ്ത്യന്‍ വൈദികന്റെ വീട് തകര്‍ത്തു, കുരിശുപീഠം നശിപ്പിച്ചു
X

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ക്രിസ്തുമത വിശ്വാസികള്‍ക്കു നേരെ സംഘപരിവാര ആക്രമണം. മതപരിവര്‍ത്തനം ആരോപിച്ച് വീട്ടില്‍ ഇരച്ചുകയറിയ സംഘം പ്രാര്‍ഥനാ യോഗം അലങ്കോലപ്പെടുത്തി. സ്ത്രീകളെയും കുട്ടികളെയും ക്രൂരമായി മര്‍ദ്ദിക്കുകയും വൈദികന്റെ വീട് തകര്‍ക്കുകയും ചെയ്തു. പ്രാര്‍ഥനാ മുറിയും കുരിശുപീഠവും നശിപ്പിച്ച സംഘം ക്രിസ്തുമതത്തിനെതിരേ അധിക്ഷേപം പറഞ്ഞതായും പരാതിയുണ്ട്. സംഭവത്തില്‍ 11 പേര്‍ക്കെതിരേ കേസെടുത്തെങ്കിലും പോലിസ് ആരെയും അറസ്റ്റ് ചെയ്യാന്‍ തയ്യാറായിട്ടില്ല. ഇക്കഴിഞ്ഞ ഞായറാഴ്ച ഡെറാഡൂണ്‍ നവാഡയിലെ നെഹ്‌റു കോളനിയിലാണ് സംഭവം. ഹരിദ്വാറിലെ വൈദികനായ രാജേഷ് ഭൂമിയുടെ വീട്ടിലെത്തിയ സംഘപരിവാര്‍ സംഘം നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് ആക്രമിക്കുകയായിരുന്നു. രാജേഷ് ഭൂമിയുടെ ഭാര്യ ദീക്ഷാപോള്‍ ഉള്‍പ്പെടെ ഏഴുപേരാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. ഇവരുടെ ബന്ധുക്കളും അയല്‍വാസികളുമായ ഏതാനും പേര്‍ പ്രാര്‍ഥന നടത്തുന്ന സമയത്തായിരുന്നു ആക്രമണം. സ്ത്രീകളെയും കുട്ടികളെയും ക്രൂരമായി ആക്രമിച്ച സംഘം മുറിയിലെ കുരിശ് രൂപത്തിലുള്ള പ്രസംഗപീഠവും സംഗീത ഉപകരണങ്ങളും നശിപ്പിച്ചു. ആക്രമണത്തിന് നേതൃത്വം നല്‍കിയത് മുന്‍ സൈനികനും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ദേവേന്ദ്ര ദോഭല്‍ ആണെന്ന് ദീക്ഷാ പോള്‍ ആരോപിച്ചു. 'അവര്‍ ഞങ്ങളുടെ വാതിലില്‍ മുട്ടിയപ്പോള്‍ തുറന്നു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ മറുപടിയൊന്നും പറയാതെ അകത്തു കയറി മതപരിവര്‍ത്തനം നടത്തുന്നുവെന്ന് കുറ്റപ്പെടുത്തി. ഞങ്ങളുമായി എന്ത് പ്രശ്‌നമുണ്ടെങ്കിലും സംസാരിക്കാമെന്ന് പറഞ്ഞെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല. ഞങ്ങള്‍ക്ക് നേരെ ആക്രോശിക്കാന്‍ തുടങ്ങി. ഞങ്ങളുടെ കൂട്ടത്തിലുള്ള വിശ്വാസികള്‍ മനുഷ്യരക്തം കുടിക്കുമെന്നും സ്ത്രീകള്‍ സിന്ദൂരം ഉപയോഗിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. അതെല്ലാം എന്റെ വ്യക്തിപരമായ കാര്യമാണെന്ന് പറഞ്ഞെങ്കിലും ആക്രമണം തുടര്‍ന്നു.

മറുപടിയൊന്നും പറയാതെ ഞങ്ങളുടെ പ്രാര്‍ഥനാ മുറി നശിപ്പിച്ചു. ലാപ്‌ടോപ്പ് തറയിലേയ്ക്ക് എറിഞ്ഞു. കിടപ്പുമുറിയില്‍ കയറി അതും നശിപ്പിച്ചു. എന്നിട്ട് അവര്‍ ഞങ്ങളെ എല്ലാവരെയും, പ്രത്യേകിച്ച് സ്ത്രീകളെ കുട്ടികളുടെ മുന്നിലിട്ട് തല്ലി. ഒന്നുമുതല്‍ അഞ്ച് വയസ്സ് വരെയുള്ള പിഞ്ചുമക്കളുടെ മുന്നിലിട്ടാണ് മര്‍ദ്ദിച്ചതെന്നും ദീക്ഷാപോള്‍ പറഞ്ഞു. കുട്ടികളോടും അവര്‍ മോശമായി പെരുമാറിയെന്ന് ദീക്ഷാപോളിന്റെ ഭര്‍ത്താവ് രാജേഷ് ഭൂമി പറഞ്ഞു. നിങ്ങളെന്തിനാണ് പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നതെന്ന് അവര്‍ തലയിലിടിച്ച് ചോദിച്ചു. ഇനിയൊരിക്കലും ഞായറാഴ്ച പ്രാര്‍ഥനകളില്‍ പങ്കെടുക്കരുതെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ആക്രമണത്തില്‍ 11 പ്രതികള്‍ക്കെതിരേ നെഹ്‌റു കോളനി പോലിസ് കേസെടുത്തിട്ടുണ്ട്. മതവികാരം വ്രണപ്പെടുത്തല്‍, സ്വത്ത് നശിപ്പിക്കല്‍, കലാപശ്രമം, അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ദേവേന്ദ്ര ദോഭല്‍, ബിജേന്ദ്ര ഥാപ്പ, സധീര്‍ ഥാപ്പ, സഞ്ജീവ് പോള്‍, സുധീര്‍ പോള്‍, ധീരേന്ദ്ര ധോബല്‍, അര്‍മാന്‍ ധോബാല്‍, ആര്യമാന്‍ ധോബാല്‍, അനില്‍ ഹിന്ദു, ഭൂപേഷ് ജോഷി, ബിജേന്ദ്ര എന്നിവരെ തിരിച്ചറിഞ്ഞതായും പോലിസ് പറഞ്ഞു. വീട്ടില്‍ മതപരിവര്‍ത്തനം നടന്നിട്ടില്ലെന്നും ഹിന്ദുത്വ സംഘടനകളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് അതിക്രമം കാട്ടിയതെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ സത്ബീര്‍ സിങ് ന്യൂസ്‌ലൗണ്ട്രിയോട് പറഞ്ഞു. പോലിസ് വിഷയം അന്വേഷിക്കുകയാണ്. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആക്രമണത്തെ ന്യായീകരിച്ച് വിഎച്ച്പി ഡെറാഡൂണ്‍ തലവന്‍ വികാസ് വര്‍മ രംഗത്തെത്തി. പ്രതികളില്‍ ചിലര്‍ ഹിന്ദുത്വ സംഘടനകളില്‍ അംഗങ്ങളായിരുന്നു എന്നത് ശരിയാണെന്നും ഉത്തരാഖണ്ഡില്‍ വര്‍ധിച്ചുവരുന്ന മതപരിവര്‍ത്തന കേസുകള്‍ തടയാന്‍ അവര്‍ സ്വമേധയാ സ്വീകരിച്ച നടപടികളാണിതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it