Big stories

ഹാഥ്‌റസ് പ്രതിഷേധം: രാജ്യദ്രോഹക്കുറ്റം ചുമത്തി യുപി പോലിസ് കേസെടുത്തു

ജാതി കലാപത്തിന് അന്താരാഷ്ട്ര ഗൂഢാലോചനയെന്ന് പുതിയ എഫ്‌ഐആര്‍

ഹാഥ്‌റസ് പ്രതിഷേധം: രാജ്യദ്രോഹക്കുറ്റം ചുമത്തി യുപി പോലിസ് കേസെടുത്തു
X

ലക്‌നോ: ഹാഥ്‌റസില്‍ ദലിത് യുവതിയെ സവര്‍ണര്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനും ജാതി കലാപം നടത്താനും അന്താരാഷ്ട്രതലത്തില്‍ ഗൂഢാലോചന നടത്തിയെന്ന് യുപി പോലിസ്. രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള ഐപിസിയുടെ കര്‍ശനമായ നിരവധി വകുപ്പുകള്‍ ചേര്‍ത്ത് പുതുതായി രജിസ്റ്റര്‍ ചെയ്ത കേസിലാണ് പരാമര്‍ശം. ഞായറാഴ്ച ഹാഥ്‌റസിലെ ചാന്ദ്പ പോലിസ് സ്‌റ്റേഷനിലാണ് കണ്ടാലറിയാവുന്നവര്‍ക്കു നേരെ കേസെടുത്തിട്ടുള്ളതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു.

ഹാഥ്‌റസില്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും നാവറുക്കുകയും ചെയ്ത ശേഷം ആശുപത്രിയില്‍ മരണപ്പെട്ട 19 കാരിയായ ദലിത് യുവതിയുടെ മൃതദേഹം അര്‍ധരാത്രി പോലിസ് ദഹിപ്പിച്ചതിനെതിരേ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പോലിസിനുമെതിരേ പ്രതിഷേധം ശക്തമായതോടെ പ്രതിരോധത്തിലായ സര്‍ക്കാര്‍ സിബി ഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, തുടര്‍ച്ചയായി പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതുതായി രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ജസ്റ്റിസ് ഫോര്‍ ഹാഥ്‌റസ് വിക്റ്റിംസ്.സിഎഎആര്‍ഡി.കോ എന്ന വെബ് സൈറ്റിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തതായും എഫ് ഐആറില്‍ സൂചിപ്പിച്ചിട്ടുണ്ട്. നേരത്തേ അമേരിക്കയില്‍ നടന്ന ബ്ലാക്ക് ലൈവ്‌സ് മാറ്റേഴ്‌സ് പ്രതിഷേധവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധത്തിന്റെ മാതൃകയിലുള്ള ഉള്ളടക്കമാണ് ഇതിലുണ്ടായിരുന്നതെന്നും ആരോപിക്കുന്നുണ്ട്. വെബ്‌സൈറ്റ് നിലവില്‍ ലഭ്യമല്ല. കലാപസമയത്തും പോലിസ് കണ്ണീര്‍ വാതകം പ്രയോഗിക്കുമ്പോഴും എങ്ങനെ സുരക്ഷിതമായി തുടരാം എന്നതിനെക്കുറിച്ചും മറ്റും വെബ്‌സൈറ്റില്‍ പരാമര്‍ശിക്കുന്നുണ്ടെന്നാണ് പോലിസ് പറയുന്നത്. രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടുത്തിയതിനെ കുറിച്ച് ചാന്ദ്പ പോലിസ് സ്‌റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ സമ്മതിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല. ജീവപര്യന്തം തടവോ ശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഐടി നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

രാജ്യദ്രോഹക്കുറ്റം കൂടാതെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കല്‍, സമുദായ ഐക്യം തകര്‍ക്കല്‍, ഗൂഢാലോചന നടത്തി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കല്‍, ഇരയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കല്‍, ആദിത്യനാഥ് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കല്‍, അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ സര്‍ക്കാരിനെതിരേ ഗൂഢാലോചനയുണ്ടെന്നു ബിജെപി പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും രാജ്യത്തും സംസ്ഥാനത്തും ജാതിവര്‍ഗീയ കലാപങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നവരെ തുറന്നുകാട്ടണമെന്നും ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പോലിസ് കേസെടുത്തത് എന്നതും ശ്രദ്ധേയമാണ്. വികസനം ഇഷ്ടപ്പെടാത്തവര്‍ രാജ്യത്തും സംസ്ഥാനത്തും ജാതി, വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ പ്രേരിപ്പിക്കുകയാണെന്നു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് അവലോകന യോഗത്തിനു ശേഷം ആദിത്യനാഥ് പറഞ്ഞിരുന്നു.

In fresh FIR, Hathras police claims 'international plot' to defame Yogi govt




Next Story

RELATED STORIES

Share it