Big stories

ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ രണ്ട് ലക്ഷത്തിലേക്ക്; മരണം 5394

കൊവിഡ് രോഗ ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ഫ്രാന്‍സിനെ മറികടന്ന് എഴാം സ്ഥാനത്തായി. രാജ്യത്ത് കൂടുതല്‍ ഇളവുകളോടെ അഞ്ചാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ന് മുതല്‍ നിലവില്‍ വരും.

ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ രണ്ട് ലക്ഷത്തിലേക്ക്; മരണം 5394
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8392 പേര്‍ക്ക് രോഗം ബാധിച്ചതോടെ രാജ്യത്ത് 1,90,535 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 5394 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. ഇന്ത്യയിലെ കൊവിഡ് കേസുകള്‍ അധികം വൈകാതെ രണ്ട് ലക്ഷം കടന്നേക്കും.

കൊവിഡ് രോഗ ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ഫ്രാന്‍സിനെ മറികടന്ന് എഴാം സ്ഥാനത്തായി. രാജ്യത്ത് കൂടുതല്‍ ഇളവുകളോടെ അഞ്ചാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ന് മുതല്‍ നിലവില്‍ വരും.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ 2487 പുതിയ കൊവിഡ് കേസും 89 മരണവും കൂടി റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ ആകെ കോവിഡ് രോഗികളുടെ എണ്ണം 67655ഉം മരണം 2286ഉം ആയി. സംസ്ഥാനത്ത് 91 പോലിസുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവിടെ ആകെ രോഗം ബാധിച്ച പൊലീസുകാരുടെ എണ്ണം 2416 ആയി.

ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 19844ഉം മരണസംഖ്യ 473ഉം ആണ്. എയിംസിന് പുറമെ സഫ്ദര്‍ജംഗ്, ആര്‍.എം.എല്‍, ലോക് നായക് തുടങ്ങിയ ആശുപത്രികള്‍ക്ക് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകുന്നു എന്ന പരാതിയില്‍ ഡല്‍ഹി സര്‍ക്കാര്‍ നോട്ടീസ് അയച്ചു. ഡല്‍ഹിയില്‍ രണ്ട് പോലീസുകാര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.

ഗുജറാത്തില്‍ കൊവിഡ് സംഖ്യ 16794 ആയി. രാജസ്ഥാനില്‍ രോഗ ബാധിതരുടെ എണ്ണം 8831 കടന്നു. ഉത്തര്‍ പ്രദേശില്‍ 262ഉം ഒഡീഷയില്‍ 129ഉം അസമില്‍ 56ഉം ഹിമാചല്‍ പ്രദേശിലും മണിപ്പൂരിലും നാല് വീതവും കൊവിഡ് കേസുകള്‍ പുതിയതായി സ്ഥിരീകരിച്ചു.

ഉത്തരാഖണ്ഡില്‍ സംസ്ഥാന മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവര്‍ക്കും സ്റ്റാഫുമടക്കം 22 പേര്‍ക്ക് കോവിഡ് കണ്ടെത്തി.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6,263,901 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 3200ആയി. ഇതുവരെ കൊവിഡ് ബാധിച്ച് 373,899 പേര്‍ മരിച്ചു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പല രാജ്യങ്ങളും പിന്‍വലിച്ചു തുടങ്ങി. ഇന്ത്യയിലും ലോക്ക്ഡൗണില്‍ ഇളവ് നല്‍കി. തിങ്കളാഴ്ച മുതല്‍ ട്രെയിനുകള്‍ ഭാഗികമായി ഓടി തുടങ്ങി. ജൂണ്‍ എട്ടുമുതല്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും.

Next Story

RELATED STORIES

Share it