Big stories

അഭിമാനയാന്‍...; ഇന്ത്യ ചന്ദ്രനില്‍

അഭിമാനയാന്‍...; ഇന്ത്യ ചന്ദ്രനില്‍
X


ബെംഗളൂരു: ലോകം ആകാംക്ഷയോടെ ഉറ്റുനോക്കിയ നിമിഷങ്ങള്‍ക്കും ദശകോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രാര്‍ഥനയ്ക്കുമൊടുവില്‍, ബഹിരാകാശചരിത്രത്തില്‍ പുത്തന്‍ ചരിത്രം രചിച്ച് ഇന്ത്യയുടെ ചന്ദ്രയാന്‍-മൂന്ന് ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രനിലിറങ്ങി. വൈകീട്ട് 6.03നാണ് ചരിത്രത്തില്‍ ഇടംപിടിച്ച അപൂര്‍വനിമിഷം പിറന്നത്. ഇതോടെ, ചന്ദ്രനില്‍ ഇറങ്ങിയിട്ടുള്ള യുഎസ്, സോവിയറ്റ് യൂനിയന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയുടെ പേരും എഴുതിച്ചേര്‍ത്തു. ബുധനാഴ്ച വൈകീട്ട് 5.45 നു ചന്ദ്രോപരിതലത്തില്‍നിന്ന് ഏകദേശം 25 കിലോമീറ്റര്‍ ഉയരത്തില്‍ വച്ചാണ് ലാന്റിങ് പ്രക്രിയ തുടങ്ങിയത്. ലാന്‍ഡറിലെ 4 ത്രസ്റ്റര്‍ എന്‍ജിനുകള്‍ വേഗം കുറച്ച് സാവധാനം ഇറങ്ങാന്‍ സഹായിച്ചു. 25ന് ലാന്‍ഡര്‍ മൊഡ്യൂളിന്റെ ഉള്ളിലുള്ള റോവര്‍ ചന്ദ്രോപരിതലത്തിലിറങ്ങും. ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്കിനു (ഇസ്ട്രാക്) കീഴിലെ മിഷന്‍ ഓപറേഷന്‍സ് കോംപ്ലക്‌സിലാണ് ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡിങ് നിരീക്ഷിച്ചത്. പേടകത്തിന്റെ ആന്തരികഘടകങ്ങള്‍ ഉള്‍പ്പെടെ മിഷന്‍ ഓപറേഷന്‍സ് കോംപ്ലക്‌സിലെ ഗവേഷകര്‍ പരിശോധിച്ചു വിലയിരുത്തിയിരുന്നു. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ആഗസ്ത് 27ലേക്ക് ലാന്‍ഡിങ് മാറ്റാനായിരുന്നു തീരുമാനമെങ്കില്‍ അത് വേണ്ടി വന്നില്ല. ഇതോടെ ഇന്ത്യയുടെ ചാന്ദ്രദൗത്യം മൂന്നാംഘട്ടത്തില്‍ വിജയകരമായി പൂര്‍ത്തിയാവുകയായിരുന്നു.

Next Story

RELATED STORIES

Share it