Big stories

അന്തിമഘട്ടത്തില്‍ മണ്ഡല സാധ്യതകള്‍ മാറിമറിയുന്നു; എല്‍ഡിഎഫ് ഉറപ്പിച്ച സീറ്റുകളില്‍ തീപാറും പോരാട്ടം

ബിഡിജെഎസ് മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ ബിജെപി നിര്‍ജ്ജീവമായതിനാല്‍ ആ മണ്ഡലങ്ങളിലെ ബിജെപി വോട്ട് ആര്‍ക്ക്?

അന്തിമഘട്ടത്തില്‍ മണ്ഡല സാധ്യതകള്‍ മാറിമറിയുന്നു; എല്‍ഡിഎഫ് ഉറപ്പിച്ച സീറ്റുകളില്‍ തീപാറും പോരാട്ടം
X

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ എല്‍ഡിഎഫ് ഉറപ്പിച്ച മണ്ഡലങ്ങളിലുള്‍പ്പെടെ സാധ്യതകള്‍ മാറിമറിയുന്നു. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല, കാട്ടാക്കട, വാമനപുരം തുടങ്ങി ഇടതുപക്ഷം ഉറപ്പിച്ചിരുന്ന മണ്ഡലങ്ങളില്‍ അവരുടെ സാധ്യത കുറയുന്നു. അതോടൊപ്പം കൊല്ലം ജില്ലയില്‍ കൊല്ലം, കുണ്ടറ, ചടയമംഗലം മണ്ഡലങ്ങളിലും കനത്ത മല്‍സരമാണ് നടക്കുന്നത്. പരമ്പരാഗതമായി എല്‍ഡിഎഫിനൊപ്പം നിന്ന മണ്ഡലങ്ങളിലാണ് ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നത്. വര്‍ക്കലയില്‍ തുടക്കത്തില്‍ മങ്ങലോടെ തുടങ്ങിയ യുഡിഎഫ് സ്ഥാനാര്‍ഥി ബിആര്‍എം ഷഫീര്‍, അവസാനഘട്ടത്തില്‍ മേല്‍ക്കൈ നേടുന്നു. അതിനൊപ്പം ബിഡിജെഎസിന് വോട്ട് ചെയ്യില്ലെന്ന ബിജെപിയുടെ പരസ്യനിലപാടിന്റെ പ്രയോജനം ആര്‍ക്കാണ് ലഭിക്കുന്നതെന്നതും നിര്‍ണായകമാണ്. എന്നാല്‍ ബിജെപി എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ജോയിയെ തോല്‍പിക്കുമെന്നാണ് വര്‍ക്കലയിലെ ബിജെപി നേതാക്കള്‍ പരസ്യമായി പറയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ 32000 വോട്ടുകള്‍ മണ്ഡലത്തില്‍ ബിജെപി നേടിയിട്ടുണ്ട്. ബിഡിജെഎസിന് സീറ്റു നല്‍കിയതിനെതിരേ ബിജെപി വര്‍ക്കലയില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ബിജെപി ഘടകത്തനിപ്പുറം, മണ്ഡലത്തിലെ ശക്തമായ ന്യൂനപക്ഷ വോട്ടുബാങ്കില്‍ ഷെഫീര്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. മണ്ഡലത്തില്‍ സാധാരണക്കാരനായ സ്ഥാനാര്‍ഥി എന്ന നിലയില്‍ വോട്ടര്‍മാരുടെ സിംപതി ഇതിനകം ഷെഫീര്‍ പിടിച്ചുപറ്റി.

ഇതേ സാഹചര്യം തന്നെയാണ് ഇടതു കോട്ടയായി കണക്കായിരുന്ന വാമനപുരത്തും സംഭവിക്കുന്നത്. ഇടതു സിറ്റിങ് എംഎല്‍എ അഡ്വ. ഡികെ മുരളിക്കൊപ്പമാണ് യുഡിഎഫ് സ്ഥാനാര്‍ഥി ആനാട് ജയനും. ജനകീയന്‍ എന്ന് പേരെടുത്ത മുന്‍ ആനാട് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ആനാട് ജയന്‍ വമ്പിച്ച മുന്നേറ്റമാണ് മണ്ഡലത്തില്‍ നടത്തുന്നത്. ന്യൂനപക്ഷ-ഭൂരിപക്ഷ മേഘലകളില്‍ ജയന്‍ മേല്‍ക്കൈ നേടിയിട്ടുണ്ട്. അതോടൊപ്പം ബിഡിജെഎസ് സ്ഥാനാര്‍ഥിക്ക് ബിജെപി പ്രവര്‍ത്തകര്‍ വോട്ടു ചെയ്യുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. ബിജെപി വോട്ടുകള്‍ കൂടി പെട്ടിയിലായാല്‍ ആനാട് ജയന്റെ വിജയം സുനിശ്ചിതമാവും. എസ്ഡിപിഐ സ്ഥാനാര്‍ഥി അജ്മല്‍ ഇസ്മാഈല്‍ പിടിക്കുന്ന വോട്ട് മുന്നണികളുടെ ജയപരാജയം നിര്‍ണായിക്കുന്നതില്‍ സുപ്രധാനഘടമാകമാവും. ഇഞ്ചോടിഞ്ച് പോരാട്ടമാണ് വാമനപുരം മണ്ഡലത്തില്‍ നടക്കുന്നത്. എല്‍ഡിഎഫ് ഏറെ പ്രതീക്ഷയോടെ കാണുന്ന കട്ടാക്കട നിയോജക മണ്ഡലത്തിലും ഇടതു സ്ഥാനാര്‍ഥി ഐബി സതീശിന്റെ നിലയും പരിങ്ങലിലാണ്. മണ്ഡലത്തില്‍ ഏറെ ജനകീയനും ഐബി സതീഷിന്റെ ബന്ധുവുമാണ് യുഡിഎഫ് സ്ഥാനാര്‍ഥി മലയിന്‍കീഴ് വേണുഗോപാല്‍. യുഡിഎഫ് സ്ഥാനാര്‍ഥി ശക്തമായ മല്‍സരമാണ് മണ്ഡലത്തില്‍ കാഴ്ചവെക്കുന്നത്. നേരത്തെയുണ്ടായിരുന്ന ഇടതു മേല്‍ക്കോയ്മ ഇപ്പോഴില്ല. 2016ല്‍ ആയിരത്തില്‍ താഴെ വോട്ടുകള്‍ക്കാണ് ഐബി സതീഷ് യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ ശക്തനെ പരാജയപ്പെടുത്തിയത്. ഇക്കുറി അന്തിമഘട്ടത്തില്‍ കടുത്ത വെല്ലുവിളിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി നേരിട്ടുകൊണ്ടിരിക്കുന്നത്. ബിജെപി സ്ഥാനാര്‍ഥി പികെ കൃഷ്ണദാസ് വലിയ വോട്ടാണ് പ്രതീക്ഷ വെയ്ക്കുന്നത്. കഴിഞ്ഞ പ്രാവശ്യം 37000 വോട്ടാണ് പികെ കൃഷ്ണദാസിന് ലഭിച്ചത്.

കൊല്ലം ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ കനത്ത പോരാട്ടമാണ് ഇക്കുറി നടക്കുന്നത്. കൊല്ലം, കുണ്ടറ, ചടയമംഗലം മണ്ഡലങ്ങളില്‍ തീപാറുന്ന പോരാട്ടമാണ് നടക്കുന്നത്. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ അതിശക്തമായ പോരാട്ടമാണ് ഈ മണ്ഡലങ്ങളില്‍ നടക്കുന്നത്. കൊല്ലം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം മുകേഷ് കടുത്ത വെല്ലുവിളി നേരിടുകയാണ്. അവസാന ഘട്ടത്തില്‍ ബിന്ദു കൃഷ്ണ വലിയ മേല്‍ക്കൈ മണ്ഡലത്തില്‍ നേടുന്നുണ്ട്. കടലോര മേഖലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു കൃഷ്ണ ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എ മുകേഷ് തന്റെ കാലയളിവില്‍ മണ്ഡലത്തില്‍ സജീവമല്ലാതിരുന്നതും യുഡിഎഫ് ചര്‍ച്ചയാക്കുന്നുണ്ട്. മുകേഷിന്റെ ഈ അസാനിധ്യവും ആഴക്കടല്‍ കരാറുമാണ് ബിന്ദു കൃഷ്ണക്ക് അനുകൂലമാവുന്ന ഘടകങ്ങള്‍.

കുണ്ടറ മണ്ഡലത്തിലും സമാനമായ സാചര്യമാണുള്ളത്. മന്ത്രി മെഴ്‌സിക്കുട്ടിയമ്മയ്ക്ക് കടുത്ത ഭീഷണിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി പിസി വിഷ്്ണുനാഥ് ഉയര്‍ത്തുന്നത്. വിഷ്ണുനാഥിന്റെ സ്ഥാനാര്‍ഥിത്വം വൈകിയാണ് എത്തിയതെങ്കിലും, ആഴക്കടല്‍ മല്‍സ്യബന്ധനകരാര്‍ ഉള്‍പ്പെടെ മണ്ഡലത്തില്‍ സജീവമായ ചര്‍ച്ചവിഷയമാണ്. എന്‍ഡിഎയില്‍ ബിഡിജെഎസിനാണ് കുണ്ടറ സീറ്റ്. അതുകൊണ്ട് തന്നെ ബിജെപി പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് രംഗത്ത് അത്ര സജീവമല്ല. ബിജെപി വോട്ടുകള്‍ ഇവിടെ കോണ്‍ഗ്രസിലേക്ക് മാറിയാന്‍ സാധ്യതയുണ്ട്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഈ മണ്ഡലത്തലും നടക്കുന്നത്. ഇടതുപക്ഷത്തിന് കൃത്യമായ മേല്‍കൈ പ്രവചിച്ചിരുന്ന മണ്ഡലമായിരുന്നു കുണ്ടറ. ഏറെക്കാലമായി ഇടതു ആധിപത്യമുള്ള മണ്ഡലമാണ് സിപിഐ സിറ്റിങ് സീറ്റായ ചടയമംഗലം. ഇക്കുറി സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരേ തന്നെ വലിയ തോതില്‍ പ്രതിഷേധമുണ്ടായിരുന്നു. സിപിഐ നേതാവ് ജെ ചിഞ്ചുറാണിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സിപിഐ ജില്ലാ കൗണ്‍സിലംഗം മുസ്തഫയെ സ്ഥാനാര്‍ഥിയാക്കാത്തതില്‍ പ്രതിഷേധിച്ചു സിപിഐ പ്രവര്‍ത്തകര്‍ തന്നെ പ്രതിഷേധിച്ചിരുന്നു. മണ്ഡലത്തില്‍ കാര്യമായ സ്വാധീനമുള്ള മുസ്തഫ തിരഞ്ഞെടുപ്പ് രംഗത്ത് ഇപ്പോഴും സജീവമല്ല. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ഥി എഎം നസീര്‍ വലിയ മുന്നേറ്റമാണ് മണ്ഡലത്തില്‍ നടത്തുന്നത്.

Next Story

RELATED STORIES

Share it