Big stories

ജോഷിമഠും സമീപപ്രദേശങ്ങളും പ്രതിവര്‍ഷം 2.5 ഇഞ്ച് വീതം താഴുന്നതായി പഠനം

ജോഷിമഠും സമീപപ്രദേശങ്ങളും പ്രതിവര്‍ഷം 2.5 ഇഞ്ച് വീതം താഴുന്നതായി പഠനം
X

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ജോഷിമഠും സമീപപ്രദേശങ്ങളും എല്ലാ വര്‍ഷവും 6.5 സെന്റീമീറ്റര്‍ അല്ലെങ്കില്‍ 2.5 ഇഞ്ച് വീതം താഴ്ന്നുകൊണ്ടിരിക്കുന്നതായി പഠനം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റിമോട്ട് സെന്‍സിങ് നടത്തിയ രണ്ടുവര്‍ഷത്തെ പഠനത്തിലാണ് കണ്ടെത്തല്‍. ഡെറാഡൂണ്‍ ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റിയൂട്ട്, പ്രദേശത്തിന്റെ സാറ്റലൈറ്റ് ഡാറ്റ ഉപയോഗിച്ചാണ് പഠനം നടത്തിയത്. 2020 ജൂലൈ മുതല്‍ 2022 മാര്‍ച്ച് വരെ ശേഖരിച്ച സാറ്റലൈറ്റ് ചിത്രങ്ങളാണ് പഠനത്തിനുപയോഗിച്ചത്. മുഴുവന്‍ പ്രദേശവും സാവധാനം താഴ്ന്നുകൊണ്ടിരിക്കുകയാണെന്നാണ് ഇത് കാണിക്കുന്നത്.

സാറ്റലൈറ്റ് ചിത്രങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ചുവന്ന ഡോട്ടുകള്‍ താഴ്ന്നുകൊണ്ടിരിക്കുന്ന ഭാഗങ്ങളെ അടയാളപ്പെടുത്തുന്നു. അവ പരിശോധിക്കുമ്പോള്‍ താഴ്‌വരയില്‍ ഉടനീളം വ്യാപിച്ചുകിടക്കുകയാണെന്ന് വ്യക്തമാവുന്നു. ജോഷിമഠില്‍ മാത്രമല്ല, താഴ്‌വരയില്‍ ഉടനീളം ഭൂമി താഴുന്നതായി സാറ്റലൈറ്റ് ചിത്രങ്ങള്‍ കാട്ടിത്തരുന്നു. ഈ വര്‍ഷമാണ് ജോഷിമഠില്‍ പ്രശ്‌നം ഗുരുതരമായത്. കെട്ടിടങ്ങളും റോഡുകളും വന്‍തോതില്‍ വിള്ളലുകള്‍ വികസിച്ചതോടെ ക്ഷേത്രനഗരമായ ജോഷിമഠ് പ്രതിസന്ധിയിലായി.

90 കിലോമീറ്റര്‍ താഴെയുള്ള മറ്റൊരു നഗരത്തിലും വിള്ളലുകള്‍ രൂപപ്പെട്ടുതുടങ്ങിയിട്ടുണ്ട്. സമീപത്തെ നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്റെ തപോവന്‍ പദ്ധതിയാണ് സ്ഥിതി വഷളാക്കിയതെന്ന് ജോഷിമഠിലെ നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. വിള്ളല്‍ വീണ വീടുകളുകളുടെ എണ്ണം 678 ആയി ഉയര്‍ന്നു. 27 കുടുംബങ്ങളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. ഇരുനൂറിലേറെ വീടുകളില്‍ ജില്ലാ ഭരണകൂടം റെഡ് ക്രോസ് മാര്‍ക്ക് ചെയ്തിട്ടുണ്ട്. ഇവിടെനിന്ന് ദുരിതാശ്വാസ ക്യാംപുകളിലേക്കോ വാടകവീടുകളിലേക്കോ മാറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജോഷിമഠിലെ 110ലധികം കുടുംബങ്ങള്‍ വീടുവിട്ടിറങ്ങി.

നഗരം മുഴുവന്‍ ഒഴിപ്പിക്കാനാണ് പദ്ധതി. എന്നാല്‍, ഇന്ന് തുടങ്ങേണ്ടിയിരുന്ന ബുള്‍ഡോസര്‍ ഉപയോഗിച്ചുള്ള പൊളിക്കല്‍ രോഷാകുലരായ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചു. തീര്‍ത്ഥാടകര്‍ ആശ്രയിക്കുന്ന നഗരത്തിലെ വ്യാപാരികളും ഹോട്ടല്‍ ഉടമകളും തങ്ങളെ മുന്‍കൂട്ടി പൊളിക്കല്‍ അറിയിച്ചിരുന്നില്ലെന്ന് ആരോപിച്ചു. എന്റെ ഹോട്ടല്‍ പൊതുതാല്‍പ്പര്യാര്‍ഥം പൊളിക്കുകയാണെങ്കില്‍ എനിക്ക് അതില്‍ കുഴപ്പമില്ല.

പക്ഷേ, എനിക്ക് കുറച്ച് മുമ്പ് നോട്ടീസ് നല്‍കണമായിരുന്നു- തകൂര്‍ സിങ് റാണ പറഞ്ഞു. വിള്ളല്‍ വീണ ഹോട്ടലിന്റെ ഉടമയായിരുന്നു താക്കൂര്‍ സിങ് റാണ. വീടൊഴിയുന്ന ഓരോ കുടുംബത്തിനും മാസം തോറും 4000 രൂപ വീതം ആറു മാസത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കും. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍ എഫ് സംഘങ്ങളെ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. ജോഷിമഠിലെ 16 സ്ഥലങ്ങളിലാണ് ദുരിതാശ്വാസ ക്യാന്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂ ടാതെ 19 ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും ഒരുക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it