Big stories

രാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം

രാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
X

ബെംഗളൂരു: കര്‍ണാടകയിലെ രാമനഗര ജില്ലയുടെ പേരുമാറ്റത്തിന് വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇതുപ്രകാരം രാമനഗര ജില്ലയുടെ പേര് ബെംഗളൂരു സൗത്ത് എന്നാക്കി. പാര്‍ലമെന്ററികാര്യമന്ത്രി എച്ച് കെ പാട്ടീലാണ് ഇക്കാര്യം അറിയിച്ചത്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പേരുമാറ്റം. ജെഡിഎസ് നേതാവും ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായിരിക്കെയാണ് രാമനഗര ജില്ല രൂപീകരിച്ചത്. അതിനാല്‍ തന്നെ പേരുമാറ്റത്തിനെതിരേ ജെഡിഎസ് രംഗത്തെത്തിയിട്ടുണ്ട്.

കര്‍ണാടകയിലെ രാമനഗര, മാഗഡി, കനകപുര, ചന്നപട്ടണ, ഹാരോഹള്ളി താലൂക്കുകള്‍ ചേര്‍ന്നുള്ള രാമനഗര ജില്ലയുടെ ആസ്ഥാനം രാമനഗരയാണ്. നഗരത്തില്‍നിന്ന് അകലെയുള്ള ഇവയ്ക്ക് ബെംഗളൂരു സൗത്ത് എന്നുപേരുവരുന്നതോടെ ബെംഗളൂരുവിന്റെ വികസനപദ്ധതികളുടെ ഗുണഫലങ്ങള്‍ ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നേരത്തേ ദൊഡ്ഡബല്ലാപുര, നെലമംഗല, യെലഹങ്ക, ദേവനഹള്ളി, അനെകല്‍, ബെംഗളൂരു സൗത്ത്, ബെംഗളൂരു ഈസ്റ്റ്, ഹൊസകോട്ടെ, രാമനഗര, മാഗഡി, കനകപുര, ചന്നപട്ടണ താലൂക്കുകള്‍ചേര്‍ന്നാണ് ആദ്യം ബെംഗളൂരു ജില്ല രൂപീകരിച്ചിരുന്നതെന്നാണ് ഡി കെ ശിവകുമാറും സംഘവും നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 1986ല്‍ ദൊഡ്ഡബല്ലാപുര, നെലമംഗല, ദേവനഹള്ളി, ഹൊസകോട്ടെ, ചന്നപട്ടണ, രാമനഗര, മാഗഡി, കനകപുര താലൂക്കുകളെ ഉള്‍പ്പെടുത്തി ബെംഗളൂരു റൂറല്‍ജില്ല നിലവില്‍വന്നു. 2007ല്‍ ഇതില്‍നിന്ന് മാഗഡി, കനകപുര, ചന്നപട്ടണ, രാമനഗര താലൂക്കുകള്‍ ചേര്‍ത്താണ് ജെഡിഎസ് ഭരണകാലത്ത് രാമനഗര ജില്ല രൂപീകരിച്ചത്. ചന്നപട്ടണ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള നീക്കം. വ്യക്തിത്വത്തെ വീണ്ടെടുക്കാനുള്ള ശ്രമമാണ് ഇതെന്നാണ് ശിവകുമാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it