Big stories

നിയമസഭാ തിരഞ്ഞെടുപ്പ്: ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ മേല്‍നോട്ട സമിതി ചെയര്‍മാന്‍

നിയമസഭാ തിരഞ്ഞെടുപ്പ്: ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ മേല്‍നോട്ട സമിതി ചെയര്‍മാന്‍
X

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രൂപീകരിക്കുന്ന കെപിസിസി തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കേരളത്തിന്റെ ചുമതലയുള്ള താരീഖ് അന്‍വര്‍, കെ സി വേണുഗോപാല്‍, കെ മുരളീധരന്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, വി എം സുധീരന്‍ എന്നിവരുള്‍പ്പെടുന്ന 10അംഗ സമിതിയും രൂപീകരിച്ചിട്ടുണ്ട്. കേരളത്തില്‍ ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രനേതൃത്വത്തിന്റെ സജീവ ഇടപെടല്‍ പ്രചാരണരംഗത്തുണ്ടാവും. എ കെ ആന്റണിക്കാണ് കേരളത്തിന്റെ ചുമതല. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ച ശേഷം എ കെ ആന്റണി മുഴുവന്‍ സമയവും സംസ്ഥാനത്തുണ്ടാവും. കേരളയാത്ര തുടങ്ങിയ ശേഷം സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് നീങ്ങും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ഹൈക്കമാന്റിന്റെ ഇടപെടല്‍ ഉണ്ടാവും. സംസ്ഥാനത്തിന്റെ പ്രചാരണ മേല്‍നോട്ട ചുമതല ഉമ്മന്‍ചാണ്ടിക്കും സംസ്ഥാനത്തിന്റെ ആകെ ചുമതല എ കെ ആന്റണിക്കും നല്‍കുക വഴി, ജോസ് കെ മാണിയിലൂടെ എല്‍ഡിഎഫ് ക്രൈസ്തവ മേഖലകളിലുണ്ടാക്കുന്ന സ്വാധീനം ഇല്ലാതാക്കാനാവുമെന്നാണു വിലയിരുത്തല്‍.

അതേസമയം, മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്ന് പ്രഖ്യാപിക്കാനിടയില്ലെന്നാണു സൂചന. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മല്‍സരിക്കുമെന്ന കാര്യത്തില്‍ ഏകദേശ തീരുമാനമായിട്ടുണ്ട്. ഉമ്മന്‍ചാണ്ടി നേതൃസ്ഥാനത്തേക്ക് എത്തണമെന്ന് ഘടകകക്ഷികള്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെന്നിത്തലയെയാണ് മുഖ്യമന്ത്രി പദവിയിലേക്ക് ഉയര്‍ത്തിക്കാട്ടേണ്ടത് എന്ന അഭിപ്രായം ചില കോണുകളില്‍ നിന്നുയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ ഹൈക്കമാന്റ് ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ തവണ കോണ്‍ഗ്രസ് മല്‍സരിച്ച 87 സീറ്റുകളില്‍ 60 സീറ്റുകളില്‍ ജയസാധ്യതയുണ്ടെന്നാണ് കെപിസിസി സമിതി സംസ്ഥാന ഘടകം ഹൈക്കമാന്‍ഡിന് കൈമാറിയ റിപോര്‍ട്ടില്‍ വ്യക്തമാക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നേട്ടം ഭരണം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിലെ നിറംമങ്ങള്‍ സംസ്ഥാന നേതൃത്വത്തില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

Kerala Assembly election 2021: Oommen Chandy is the chairman of the KPCC committee

Next Story

RELATED STORIES

Share it