- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രളയക്കെടുതിയില്‍ വിറങ്ങലിച്ച് കേരളം; പൊലിഞ്ഞത് ഒമ്പത് ജീവനുകള്‍, ഉരുള്‍പൊട്ടലില്‍ നിരവധി പേരെ കാണാതായി
കാഞ്ഞാറില്‍ കാര്‍ വെള്ളത്തില്‍ വീണ് രണ്ടുപേരും കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ ഏഴ് പേരുമാണ് മരിച്ചത്. സ്വകാര്യസ്ഥാപനത്തിലെ സഹപ്രവര്‍ത്തകരായ കൂത്താട്ടുകുളം സ്വദേശി നിഖില്‍ ഉണ്ണികൃഷ്ണനും ഒപ്പമുണ്ടായിരുന്ന നിമ കെ വിജയനുമാണ് മരിച്ചത്.
കോട്ടയം: അപ്രതീക്ഷിതമായുണ്ടായ പ്രളയക്കെടുതിയില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ് കേരളം. മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും കനത്ത മഴയും വെള്ളപ്പൊക്കവും വിതച്ച ദുരിതങ്ങള്‍ ഏറെയാണ്. കോട്ടയം, ഇടുക്കി ജില്ലകളെയാണ് പ്രളയം വിഴുങ്ങിയത്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം നിരവധി ജീവനുകളാണ് പൊലിഞ്ഞത്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ ഒമ്പത് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കാഞ്ഞാറില്‍ കാര്‍ വെള്ളത്തില്‍ വീണ് രണ്ടുപേരും കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ ഏഴ് പേരുമാണ് മരിച്ചത്. സ്വകാര്യസ്ഥാപനത്തിലെ സഹപ്രവര്‍ത്തകരായ കൂത്താട്ടുകുളം സ്വദേശി നിഖില്‍ ഉണ്ണികൃഷ്ണനും ഒപ്പമുണ്ടായിരുന്ന നിമ കെ വിജയനുമാണ് മരിച്ചത്.
ഇരുപതോളം പേരെ കാണാതായി. മഴക്കെടുതിയില്‍ വന്‍ദുരന്തമുണ്ടായത് കോട്ടയത്താണ്. കിഴക്കന്‍മേഖല പൂര്‍ണമായും വെള്ളത്തിലായി. കൂട്ടിക്കല്‍ പ്ലാപ്പിള്ളിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 15 പേരെ കാണാതായി. ഏഴുപേരുടെ മൃതദേഹം കണ്ടെത്തി. ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചത് ഒറ്റലാങ്കല്‍ മാര്‍ട്ടിന്റെ കുടുംബമൊന്നാകെയാണ്. മാര്‍ട്ടിന്‍, അമ്മ അന്നക്കുട്ടി, മാര്‍ട്ടിന്റെ ഭാര്യ സിനി, മക്കളായ സ്‌നേഹ, സോന, സാന്ദ്ര എന്നിവരാണ് ദുരന്തത്തില്‍പെട്ടത്. ക്ലാരമ്മ ജോസഫ് (65), സിനി (35), സിനിയുടെ മകള്‍ സോന (10) എന്നിവരുടെ മൃതദേഹങ്ങളാണ് ആദ്യം തിരിച്ചറിഞ്ഞത്. വീടിന് മുകള്‍ഭാഗത്തുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഇവരുടെ വീട് ഒലിച്ചുപോയതായാണ് വിവരം.
കെട്ടിട നിര്‍മാണ സ്‌റ്റോറിലെ ജോലിക്കാരനായിരുന്നു മാര്‍ട്ടിന്‍. ശനിയാഴ്ച രാവിലെ 11 ഓടെയാണ് പ്ലാപ്പള്ളിയില്‍ ഉരുള്‍പൊട്ടലുണ്ടായത്. പ്ലാപ്പള്ളി ടൗണിലെ ചായക്കടയും രണ്ടുവീടും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. പ്ലാപ്പള്ളിയില്‍ കാണാതായവരില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തൊട്ടിപ്പറമ്പില്‍ മോഹനന്റെ ഭാര്യ സരസമ്മ, ആറ്റുചാലില്‍ ജോമി ആന്റണിയുടെ ഭാര്യ സോണിയ, മുണ്ടശേരി വേണുവിന്റെ ഭാര്യ റോഷ്‌നി എന്നിവരെയാണ് കാണാതായതായി സ്ഥിരീകരിച്ചത്. പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. കനത്തമഴയും പിന്നീടുണ്ടായ ഉരുള്‍പൊട്ടലുകളും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തു. ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടി ഒരു കുടുംബത്തിലെ അഞ്ചുപേരടക്കം എട്ടുപേരെ കാണാതായതായി സംസ്ഥാന ദുരന്തനിവാരണ അതോറ്റി അറിയിച്ചു. ഇവരില്‍ അഞ്ചുപേര്‍ കുട്ടികളാണ്.
രണ്ട് പുരുഷന്‍മാര്‍, ഒരു സ്ത്രീ എന്നിവരും ഉള്‍പ്പെടുന്നു. കൊക്കയാര്‍ ഇടുക്കി ജില്ലയുടെ അതിര്‍ത്തി പ്രദേശമാണ്. കോട്ടയം ജില്ലയിലെ കൂട്ടിക്കലിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലം കൂടിയാണിത്. നൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്തിന് സമീപമാണ് ഉരുള്‍പൊട്ടലുണ്ടായത്. കൊക്കയാറില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണെന്ന് അതോറിറ്റി വ്യക്തമാക്കി. കൊക്കയാര്‍ വില്ലേജില്‍ മാകോചി, പൂവഞ്ചി എന്നിവിടങ്ങളിലായി നാല് വീടുകള്‍ ഒലിച്ചുപോയതായാണ് റിപോര്‍ട്ട്. കുത്തൊഴുക്കില്‍ വീടുകള്‍ താഴെയുള്ള പുല്ലകയാറിലേക്ക് ഒലിച്ചുപോവുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സംഭവസ്ഥലത്തേക്ക് എന്‍ഡിആര്‍എഫ് സംഘം പുറപ്പെട്ടിട്ടുണ്ട്. വ്യോമസേനയുടെ ഉള്‍പ്പെടെയുള്ള സഹായം കൂട്ടിക്കല്‍ മേഖലയിലേക്ക് ലഭിക്കുമെന്നാണ് വിവരം. തിരുവനന്തപുരം പാങ്ങോടുനിന്ന് രക്ഷാപ്രവര്‍ത്തനത്തിനായി ഒരു സംഘം പ്രദേശത്തേക്ക് പുറപ്പെട്ടു. റോഡുകള്‍ പൂര്‍ണമായും തകര്‍ന്നതിനാല്‍ ഈ മേഖല പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണുള്ളത്.
മഴയും ഇരുട്ടും വൈദ്യുതിസംവിധാനങ്ങള്‍ തകര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാവുന്നുണ്ടെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തെ ഏകോപിപ്പിക്കാന്‍ സഹകരണ മന്ത്രി വി എന്‍ വാസവന്‍ സ്ഥലത്തെത്തി. എയര്‍ഫോഴ്‌സ് എത്താന്‍ വൈകുന്നതിനാല്‍ ലിഫ്റ്റിങ്ങിനായി നാവികസേനയുടെ കൂടി സഹായം തേടിയതായി കോട്ടയം കലക്ടര്‍ അറിയിച്ചു. എയര്‍ ലിഫ്റ്റിങ്ങിന് സജ്ജമെന്ന് നാവിക സേന അറിയിച്ചിട്ടുണ്ട്. കൊച്ചിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. കാലാവസ്ഥ അനുകൂലമാണെങ്കില്‍ രാത്രി തന്നെ രക്ഷപ്രവര്‍ത്തനം തുടങ്ങും. ഡൈവേഴ്‌സ് അടക്കമുള്ള രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ റോഡ് മാര്‍ഗം കോട്ടയത്തേക്ക് തിരിക്കും. ഇടുക്കി പുല്ലുപാറയില്‍ അപ്രതീക്ഷിതമായുണ്ടായ ഉരുള്‍പൊട്ടലില്‍ റോഡ് തകര്‍ന്നതിനെത്തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങള്‍ കടന്നുപോവുമ്പോഴാണ് ഉരുള്‍പൊട്ടി കല്ലും മണ്ണും അടക്കം മലവെള്ളപ്പാച്ചിലുണ്ടായത്. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
മണിക്കൂറുകളോളമാണ് ഇവിടെ വാഹനങ്ങള്‍ കുടുങ്ങിക്കിടന്നത്. ആളപായമൊന്നുമുണ്ടാവാത്തത് ആശ്വാസകരമാണ്. മലയോര മേഖലകളില്‍ ദുരന്തനിവാരണം, രക്ഷാപ്രവര്‍ത്തനം, മെഡിക്കല്‍ അടിയന്തര സേവനം ഒഴികെ യാത്രാ വിലക്കേര്‍പ്പെടുത്തി. മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ തൃശൂര്‍ താലൂക്കിലെ പുത്തൂര്‍, മാടക്കത്തറ പഞ്ചായത്തുകളിലുള്ളവരോട് മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കി. മരോട്ടിച്ചാല്‍ കള്ളായിക്കുന്നില്‍ 11 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇടിമിന്നലില്‍ പരിക്കേറ്റു. തൊഴിലുറപ്പ് പണിയുടെ ഭാഗമായി കല്ല് കെട്ടുകയായിരുന്ന തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പൊള്ളലേറ്റ തൊഴിലാളികളെ തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധ്യകേരളത്തില്‍ മഴയുടെ ശക്തി കുറയുന്നുണ്ട്. വടക്കന്‍ തെക്കന്‍ ജില്ലകളില്‍ മഴ ശക്തമായി തുടരാന്‍ സാധ്യതയുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി ഇരട്ടയാര്‍ അണക്കെട്ട് 8.30 ന് തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
രണ്ട് ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തുക. പാല മീനച്ചിലാറില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. മലക്കപ്പാറ റൂട്ടില്‍ നാളെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. മേലുകാവ്- ഈരാറ്റുപേട്ട- തൊടുപുഴ റൂട്ടില്‍ കാഞ്ഞിരംകവല കല്ലുവെട്ടം ഭാഗത്ത് വീടിന്റെ മുകളില്‍ മണ്ണിടിഞ്ഞു വീണ് ഭാഗികമായി തകരാറുണ്ടായി. ആളപായമില്ല. എല്ലാവരെയും മാറ്റിപ്പാര്‍പ്പിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനവും മണ്ണെടുപ്പും നിരോധിച്ചു. ഇന്നും നാളെയുമാണ് നിരോധനം.
ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ക്കായി നാളെ (ഞായര്‍) പത്തനംതിട്ട ജില്ലയിലെ വില്ലേജ് ഓഫിസുകളും പഞ്ചായത്ത് നഗരസഭ ഓഫിസുകളും തുറന്നുപ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മുണ്ടക്കയം- കുട്ടിക്കാനം റൂട്ടില്‍ മുറിഞ്ഞപുഴക്കും പെരുവന്തനത്തിനും ഇടയില്‍ നിരവധി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. പല ഭാഗത്തായി മണ്ണിടിഞ്ഞതാണ് കാരണം. ആളുകളെ കെഎസ്ആര്‍ടിസി ബസ്സില്‍ കുട്ടിക്കാനത്തേക്ക് എത്തിക്കാനുള്ള ശ്രമം തുടങ്ങി. കോടഞ്ചേരി പഞ്ചായത്തിലെ മുണ്ടൂര്‍ പാലത്തിന്‍മേല്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. കോഴഞ്ചേരിനെല്ലിപ്പൊയില്‍ ആനക്കാംപൊയില്‍ റോഡിലാണ് പാലം.
തെക്കന്‍ ജില്ലകളിലും കനത്ത മഴയും ദുരിതവും
തിരുവനന്തപുരം ജില്ലയില്‍ തെക്കന്‍ മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. വാമനപുരം നദിയില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. നെയ്യാറിലും ജലനിരപ്പ് ഉയരുകയാണ്. അമ്പൂരി ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 370 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. കരമനയാറ്റില്‍ ജലനിരപ്പ് ഉയരുകയാണ്. വെള്ളായണിയില്‍ ദുരിതാശ്വാസ ക്യാംപ് തുറന്ന് 27 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കണ്ണമ്മൂലയില്‍ ഒഴുക്കില്‍പെട്ട് ഒരാളെ കാണാതായിട്ടുണ്ട്.
ജാര്‍ഖണ്ഡ് സ്വദേശി നെഹര്‍ദീപ് കുമാറിനെയാണ് കാണാതായത്. വെള്ളപ്പൊക്കം മണ്ണിടിച്ചില്‍ സാധ്യതകളെ തുടര്‍ന്ന് ശബരിമലയിലേക്ക് തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കില്ല. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് തീര്‍ത്ഥാടകര്‍ക്ക് ശബരിമലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഗൗരവതരമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവര്‍ത്തനം ശക്തമാക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗം തീരുമാനിച്ചു.
കോട്ടയം ജില്ലയില്‍ 26 ദുരിതാശ്വാസ ക്യാംപുകള്‍
കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കോട്ടയം ജില്ലയില്‍ 26 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. കാഞ്ഞിരപ്പള്ളി താലൂക്കില്‍ 15 ഉം മീനച്ചില്‍ താലൂക്കില്‍ 10 ഉം കോട്ടയത്ത് ഒന്നും ദുരിതാശ്വാസ ക്യാംപുകളാണുള്ളത്. 155 കുടുംബങ്ങളിലായി 501 അംഗങ്ങളാണ് ക്യാംപുകളിലുള്ളത്.
ഏന്തയാര്‍ ജെ.ജെ മര്‍ഫി സ്‌കൂള്‍, മുണ്ടക്കയം സി.എം.എസ്, വരിക്കാനി എസ്.എന്‍ സ്‌കൂള്‍, കൊരട്ടി സെന്റ് ജോസഫ് പള്ളി ഹാള്‍, ചെറുവള്ളി ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍, ആനക്കല്ല് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, കാഞ്ഞിരപ്പള്ളി നൂറുല്‍ ഹുദ സ്‌കൂള്‍, കൂവക്കാവ് ഗവണ്‍മെന്റ് എച്ച്എസ്, കെ.എം.ജെ സ്‌കൂള്‍ മുണ്ടക്കയം, വട്ടക്കാവ് എല്‍പി സ്‌കൂള്‍, പുളിക്കല്‍ കോളനി അങ്കണവാടി, ചെറുമല അങ്കണവാടി, കോരുത്തോട് സികെഎംഎച്ച്എസ് എന്നിവ അടക്കമുള്ള സ്ഥലങ്ങളിലാണ് ക്യാംപുകള്‍.
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTമഞ്ഞപ്പിത്തം; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍
21 Nov 2024 8:37 AM GMTഎറണാകുളത്ത് രോഗിയുമായി പോയ ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍...
14 Nov 2024 3:34 PM GMTവാഴക്കാലയില്‍ ഇന്റര്‍നാഷനല്‍ ജിമ്മില്‍ തീപിടിത്തം
13 Nov 2024 8:14 AM GMTവഖ്ഫ് ഭൂമി കൈവശം വെച്ചത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല...
12 Nov 2024 11:16 AM GMTവഖഫ്, മദ്റസ സംരക്ഷണം : എസ്ഡിപിഐ പറവൂരില്‍ ചര്‍ച്ചാ സംഗമം...
12 Nov 2024 5:28 AM GMT