Big stories

കോതി മാലിന്യ പ്ലാന്റിനെതിരേ സമരം ശക്തമാവുന്നു; കോഴിക്കോട് കോര്‍പറേഷന്‍ വളഞ്ഞ് പ്രതിഷേധക്കാര്‍

കോതി മാലിന്യ പ്ലാന്റിനെതിരേ സമരം ശക്തമാവുന്നു; കോഴിക്കോട് കോര്‍പറേഷന്‍ വളഞ്ഞ് പ്രതിഷേധക്കാര്‍
X

കോഴിക്കോട്: കോതി മേഖലയില്‍ സ്ഥാപിക്കാന്‍ പദ്ധതിയിട്ട മാലിനജല സംസ്‌കരണ പ്ലാന്റിനെതിരേ പ്രദേശവാസികളുടെ സമരം ശക്തമാവുന്നു. ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ ഓഫിസ് വളഞ്ഞു. ബീച്ച് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ബീച്ച് ഓപണ്‍ സ്‌റ്റേജിന് മുന്‍വശത്തു നിന്നും പ്രകടനങ്ങളായാണ് സമരസമിതി പ്രവര്‍ത്തകര്‍ കോര്‍പറേഷന്‍ ഓഫിസ് വളഞ്ഞത്. പ്രതിഷേധത്തിനിടെ പോലിസും സമരക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഓഫിസിനുള്ളിലേക്ക് കടന്ന് കയറാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പോലിസ് തടഞ്ഞു.

കോര്‍പറേഷന്‍ ഓഫിസ് വളഞ്ഞ സമരക്കാര്‍, അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ജീവനക്കാരെ തടഞ്ഞു. ഇതോടെ പോലിസും സമരക്കാരും തമ്മില്‍ വാക്കുതര്‍ക്കവും ഉന്തും തള്ളുണ്ടാവുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും ഭരണകര്‍ത്താക്കള്‍ വിട്ടുവീഴ്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ കോര്‍പറേഷന്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. ആവിക്കല്‍ പ്ലാന്റിനെതിരേ പ്രതിഷേധിക്കുന്നന്നവരും സമരത്തിലുണ്ട്. യുഡിഎഫും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ശുചിമുറി മാലിന്യപ്ലാന്റിനെതിരേ ദിവസങ്ങളായി വലിയ പ്രതിഷേധമാണ് കോതിയില്‍ തുടരുന്നത്. ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ നിരവധി പ്രദേശവാസികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റോഡ് ഉപരോധിച്ചിരുന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. എന്നാല്‍, മാലിന്യപ്ലാന്റ് സ്ഥാപിക്കുന്നതില്‍ നിന്ന് ഒരുകാരണവശാലും പിന്‍മാറില്ലെന്ന നിലപാടിലാണ് കോര്‍പറേഷന്‍.

കോടതിയില്‍ നിന്ന് അനുകൂല വിധി കിട്ടിയതിനെ തുടര്‍ന്നാണ് കോര്‍പറേഷന്‍ അധികൃതര്‍ ശുചിമുറി മാലിന്യപ്ലാന്റ് നിര്‍മാണവുമായി മുന്നോട്ടുപോയത്. എന്നാല്‍, തീരദേശ പരിപാലന നിയമം ലംഘിച്ചാണ് മാലിന്യ പ്ലാന്റ് നിര്‍മിക്കുന്നതെന്നും ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നുമാണ് പ്രതിഷേധക്കാര്‍ അറിയിച്ചിരിക്കുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മൂന്ന് ദിവസമായി പ്ലാന്റിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ജനവാസ മേഖലയ്ക്ക് നടുവില്‍ പ്ലാന്റ് നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. ആവിക്കല്‍ തോടിലും മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ പ്രദേശവാസികളുടെ സമരം ശക്തമാവുകയാണ്.

Next Story

RELATED STORIES

Share it