Big stories

ലൈഫ് മിഷനില്‍ മുഖ്യമന്ത്രിയും മാത്യു കുഴല്‍നാടനും തമ്മില്‍ വാക് പോരും വെല്ലുവിളിയും; ഇന്നും സഭ പ്രക്ഷുബ്ധം

ലൈഫ് മിഷനില്‍ മുഖ്യമന്ത്രിയും മാത്യു കുഴല്‍നാടനും തമ്മില്‍ വാക് പോരും വെല്ലുവിളിയും; ഇന്നും സഭ പ്രക്ഷുബ്ധം
X

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതിയെച്ചൊല്ലി ഇന്നും നിയമസഭ പ്രക്ഷുബ്ധം. പദ്ധതി സ്തംഭനാവസ്ഥയിലാണെന്ന് ആരോപിച്ചുള്ള അടിയന്തരപ്രമേയ നോട്ടിസിന്‍ അവതരണ വേളയിലാണ് ഭരണ- പ്രതിപക്ഷ വാക്‌പോരുണ്ടായത്. കേരളം കണ്ട ശാസ്ത്രീയവും ആസൂത്രിതവുമായ അഴിമതിയാണ് ലൈഫ് മിഷനെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. ശിവശങ്കറിന്റെ വാട്‌സ് ആപ് സന്ദേശം നിഷേധിക്കാന്‍ മുഖ്യമന്ത്രിക്ക് തന്റേടമുണ്ടോ? ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് ക്ലിഫ് ഹൗസില്‍ യോഗം ചേര്‍ന്നെന്ന് കേസിലെ പ്രതി സ്വപ്‌ന സുരേഷ് പറഞ്ഞിട്ടുണ്ട്. ശിവശങ്കര്‍, സ്വപ്‌ന, കോണ്‍സല്‍ ജനറല്‍ എന്നിവരാണ് ക്ലിഫ് ഹൗസിലെ യോഗത്തില്‍ പങ്കെടുത്തതെന്ന് നോട്ടിസ് അവതരിപ്പിച്ച മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

ഇതിനു പിന്നാലെയാണ് സഭയില്‍ മാത്യു കുഴല്‍നാടനും മുഖ്യമന്ത്രിയും തമ്മില്‍ വാക്‌പോരുണ്ടായത്. മാത്യുവിന്റേത് പച്ചക്കള്ളമെന്നും സ്വപ്‌നയെ താന്‍ കണ്ടിട്ടില്ലെന്നും എല്ലാം നേരത്തെ വിശദീകരിച്ചതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍, താന്‍ പറഞ്ഞത് കള്ളമാണെങ്കില്‍ മുഖ്യമന്ത്രി കോടതിയെ സമീപിക്കണമെന്ന് കുഴല്‍നാടന്‍ പറഞ്ഞു. ഇഡി കൊടുത്ത റിപോര്‍ട്ട് തെറ്റെന്ന് പറയാന്‍ കഴിയുമോ. മാത്യു ഇഡിയുടെ വക്കീലായി സഭയിലെത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.

എന്നാല്‍, താന്‍ എഴുതി തയ്യാറാക്കിയ തിരക്കഥയല്ലിതെന്നും കോടതിയില്‍ ചലഞ്ച് ചെയ്യാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നതായും മുഖ്യമന്ത്രി കോടതിയെ സമീപിച്ചാല്‍ ഒപ്പം നില്‍ക്കുമെന്നും കുഴല്‍നാടന്‍ പറഞ്ഞു. ഇതോടെ ക്ഷുഭിതനായ മുഖ്യമന്ത്രി ഉപദേശം ആവശ്യമുണ്ടെങ്കില്‍ കുഴല്‍നാടന് തന്നെ സമീപിക്കാം. ഇദ്ദേഹത്തെപ്പോലുള്ള ആളുകളുടെ ഉപദേശം തനിക്ക് ഇപ്പോള്‍ ആവശ്യമില്ലെന്നും തനിക്ക് ഉപദേശം വേണമെങ്കില്‍ സര്‍ക്കാരിന്റെ സംവിധാനമുണ്ടെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. അതിനിടെ, മാത്യു കുഴല്‍നാടനെ വെല്ലുവിളിച്ച് നിയമമന്ത്രി പി രാജീവ് രംഗത്തെത്തി.

സ്വപ്‌നയുടെ വാട്‌സ് ആപ്പ് ചാറ്റുകള്‍ സാക്ഷ്യപ്പെടുത്തി മേശപ്പുറത്ത് വയ്ക്കണമെന്ന് കുഴല്‍നാടനോട് മന്ത്രി ആവശ്യപ്പെട്ടു. വെല്ലുവിളി ഏറ്റെടുത്ത കുഴല്‍നാടന്‍ റിമാന്‍ഡ് റിപോര്‍ട്ട് മേശപ്പുറത്തുവയ്ക്കാമെന്ന് പറഞ്ഞതോടെ ഭരണപക്ഷ അംഗങ്ങള്‍ ബഹളവുമായി രംഗത്തെത്തി. റിമാന്‍ഡ് റിപോര്‍ട്ട് വെച്ച് വിഷയം ചര്‍ച്ച ചെയ്യാനാവില്ലെന്നും റിപോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കണമെന്നും മന്ത്രി പി രാജീവ് ആവശ്യപ്പെട്ടു. പിന്നാലെ സഭ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി സ്പീക്കര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it