- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തദ്ദേശ ഫലം ഭരണത്തുടര്‍ച്ചയുടെ സൂചനയോ...?; 101 നിയമസഭാ മണ്ഡലങ്ങളില്‍ മേല്‍ക്കൈ എല്‍ഡിഎഫിന്
തിരുവനന്തപുരം: മാസങ്ങള്‍ക്കു ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കേരളത്തില്‍ പുതുചരിത്രം സൃഷ്ടിക്കുമോ..?. പിണറായി വിജയന്റെ നേതൃത്വത്തില്‍ ആദ്യമായി കേരളത്തില്‍ ഭരണത്തുടര്‍ച്ച നേടുമോ...?. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായതും ഭരണത്തുടര്‍ച്ചയെ കുറിച്ചായിരിക്കും. കാരണം മറ്റൊന്നുമല്ല. മുന്‍കാലങ്ങളില്‍ വ്യത്യസ്തമായി ഭരണത്തിലിരിക്കുന്ന മുന്നണിക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടികളാണ് നേരിട്ടതെങ്കില്‍ ഇക്കുറി നേര്‍ വിപരീതമാണ്. നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ തന്നെ 101 നിയമസഭാ മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് വോട്ടുവിഹിതത്തില്‍ മുന്നിട്ടുനില്‍ക്കുന്നത്. ഇത് കഴിഞ്ഞ തവണ എല്‍ഡിഎഫ് അധികാരത്തിലെത്തിയതിനേക്കാള്‍ 10 സീറ്റുകള്‍ കൂടുതലാണെന്നതാണു മറ്റൊരു യാഥാര്‍ത്ഥ്യം. തദ്ദേശ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ക്കു മുമ്പ് ഒരു സ്വകാര്യ ചാനല്‍ നടത്തിയ സര്‍വേയില്‍ ഭരണത്തുടര്‍ച്ചയുണ്ടാവുമെന്നായിരുന്നു അവലോകനം. ആ സമയങ്ങളില്‍ പിണറായി സര്‍ക്കാരിനെതിരേ വികാരമുയര്‍ത്തുന്ന കാര്യങ്ങള്‍ നന്നേ കുറവായിരുന്നു. എന്നാല്‍, ഇതിനു ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫിസും ഓഫിസിലെ പ്രമുഖരെയും പ്രതിക്കൂട്ടിലാക്കിക്കൊണ്ട് സ്വര്‍ണക്കടത്ത് വിഷയം പുറത്തുവന്നത്. ഇതേത്തുടര്‍ന്ന് മാധ്യമങ്ങളില്‍ നിറയെ മുഖ്യമന്ത്രിയെയും എല്‍ഡിഎഫിനെ പ്രത്യേകിച്ച് സിപിഎമ്മിനെ ലക്ഷ്യമിട്ടുള്ള വാര്‍ത്തകളുടെ പ്രളയമായിരുന്നു. എന്നിട്ടും തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേട്ടമുണ്ടാക്കിയെന്നത് അവര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ഇതിന്റെ ബലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ടി കേരള പര്യടനത്തിനൊരുങ്ങുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടുനില അനുസരിച്ച് 101 സീറ്റുകളിലാണ് എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുന്നത്. യുഡിഎഫ് ആവട്ടെ 38 സീറ്റുകളിലേക്ക് കുറഞ്ഞു. ബിജെപിക്ക് ഒരു സീറ്റിലാണ് മേല്‍ക്കൈ. പതിവുപോലെ വയനാട്, മലപ്പുറം, എറണാകുളം ജില്ലകളില്‍ യുഡിഎഫിന് മേല്‍ക്കൈ ഉറപ്പിക്കാനാവുമെന്ന് പറയുമ്പോളും പല സിറ്റിങ് മണ്ഡലങ്ങളും എല്‍ഡിഎഫിനൊപ്പമാണെന്നതാണ് യുഡിഎഫിനെ ആശങ്കയിലാഴ്ത്തുന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 91 സീറ്റുകളിലാണ് ഇടതുപക്ഷം ജയിച്ചത്. യുഡിഎഫ് 47 സീറ്റുകളിലും ബിജെപി ഒരു സീറ്റിലും. ഇവിടെ നിന്നാണ് നാലു വര്‍ഷം പിന്നിട്ട് മറ്റൊരു തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്‍ഡിഎഫിന് 10 സീറ്റുകളില്‍ അധികമായി വോട്ടുനിലയുള്ളത്. നിലവിലെ കണക്കനുസരിച്ച് കാസര്‍കോഡ് ജില്ലയില്‍ യുഡിഎഫിന് 2 മണ്ഡലങ്ങളിലും എല്‍ഡിഎഫിന് മൂന്ന് മണ്ഡലങ്ങളിലുമാണ് വിജയ സാധ്യത. കണ്ണൂര്‍ ജില്ലയില്‍ കണ്ണൂര്‍, ഇരിക്കൂര്‍ മണ്ഡലങ്ങളില്‍ യുഡിഎഫിനും 9 ഇടങ്ങളില്‍ എല്‍ഡിഎഫും മുന്നിലാണ്. ധര്‍മ്മടം, പയ്യന്നൂര്‍, മട്ടന്നൂര്‍, തലശ്ശേരി, തളിപ്പറമ്പ്, പേരാവൂര്‍, കല്യാശ്ശേരി, അഴീക്കോട്, കൂത്തുപറമ്പ് എന്നിവിടങ്ങളാണ് എല്‍ഡിഎഫിന് മുന്‍തൂക്കമുള്ള മണ്ഡലങ്ങള്‍. ഇതില്‍ അഴീക്കോട് രണ്ടു തവണ എല്‍ഡിഎഫിനെ കൈവിട്ടതാണ്. പേരാവൂര്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് മണ്ഡലമാണ്.
വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്‍ കല്‍പ്പറ്റയിലും ബത്തേരിയും യുഡിഎഫിനാണ് മുന്‍തൂക്കം. എന്നാല്‍, മാനന്തവാടിയില്‍ എല്‍ഡിഎഫിനാണ് മേല്‍ക്കൈ. കോഴിക്കോട് ജില്ലയില്‍ വടകര യുഡിഎഫിന് അനുകൂലമാണ്. നാദാപുരം, കുറ്റിയാടി, ബാലുശ്ശേരി, പേരാമ്പ്ര, കൊയിലാണ്ടി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, കുന്നമംഗലം, തിരുവമ്പാടി, ബേപ്പൂര്‍ എന്നിവിടങ്ങളിലെല്ലാം എല്‍ഡിഎഫ് ആധിപത്യമുണ്ടാവുമെന്നാണ് തദ്ദേശഫലം നല്‍കുന്ന സൂചന.
മലപ്പുറത്ത് യുഡിഎഫിന് ആശ്വാസം നല്‍കുന്നുണ്ട്. 14 ഇടങ്ങളില്‍ യുഡിഎഫ് മേല്‍ക്കൈ നേടിയപ്പോള്‍ മൂന്നു മണ്ഡലങ്ങള്‍ എല്‍ഡിഎഫിന് ലഭിച്ചേക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്. പാലക്കാട് ജില്ലയില്‍ 12 മണ്ഡലങ്ങളിലും എല്‍ഡിഎഫിനാണ് സാധ്യത. വി ടി ബല്‍റാമിന്റെ മണ്ഡലമായ തൃത്താലയില്‍ പോലും എല്‍ഡിഎഫിനാണ് മേല്‍ക്കൈ. തൃശൂര്‍ ജില്ലയിലെ 13 മണ്ഡലങ്ങളില്‍ 12 സീറ്റില്‍ എല്‍ഡിഎഫും തൃശൂര്‍ മണ്ഡലത്തില്‍ യുഡിഎഫിനുമാണ് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്. അതേസമയം എറണാകുളം യുഡിഎഫിനെ കൈവിട്ടിട്ടില്ല. ഇടുക്കി, കോട്ടയം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലയിലും നിലവില്‍ എല്‍ഡിഎഫിനാണ് വോട്ട് കൂടുതലുള്ളത്. ബിജെപിയാവട്ടെ തിരുവനന്തപുരം നേമം സീറ്റ് നിലനിര്‍ത്തുമെന്നാണു വോട്ടുനില വ്യക്തമാക്കുന്നത്. എന്നാല്‍, 2204 വോട്ടുകള്‍ മാത്രമാണ് അധികമുള്ളത് എന്നതിനാല്‍ ആ സീറ്റും നഷ്ടപ്പെട്ടാലും അല്‍ഭുതപ്പെടേണ്ടതില്ലെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. കഴിഞ്ഞ ലോക്‌സഭ-നിയമസഭ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ വോട്ട് ശതമാനം കുറവാണ് ബിജെപിക്കു ലഭിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 15.64 ശതമാനവും 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 14.96 ശതമാനവും വോട്ട് ലഭിച്ചപ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ 14.52 ശതമാനം വോട്ടാണ് ലഭിച്ചത്. സിറ്റിങ് സീറ്റായ നേമത്ത് നേരിയ വോട്ടിന് ഒന്നാം സ്ഥാനത്താണെങ്കിലും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏഴിടത്ത് രണ്ടാം സ്ഥാനത്തെത്തിയത് ഇപ്രാവശ്യം നാലായി ചുരുങ്ങി. മലമ്പുഴ, പാലക്കാട്, ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം എല്‍ഡിഎഫിലേക്കെത്തിയത് അവര്‍ക്ക് അനുകൂലമാവുമെന്നാണ് കരുതുന്നത്. പി ജെ ജോസഫിന്റെ തട്ടകമെന്ന് കരുതുന്ന സ്ഥലങ്ങളില്‍ പോലും യുഡിഎഫിനു മേല്‍ക്കൈ നേടാനായില്ലെങ്കില്‍ യുഡിഎഫിനു ഭരണമെന്ന സ്വപ്‌നം മോഹമായി മാറിയേക്കും. അതേസമയം, മുന്നണികളില്‍ സ്ഥാനമില്ലാത്ത ചെറു കക്ഷികള്‍ പിടിക്കുന്ന വോട്ടുകളും അതിനിര്‍ണായകമായേക്കുമെന്നാണു കരുതുന്നത്. എസ് ഡിപി ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ബിഎസ് പി, പിഡിപി തുടങ്ങിയ കക്ഷികള്‍ പിടിക്കുന്ന വോട്ടുകള്‍ ചില മണ്ഡലങ്ങളിലെങ്കിലും ജയപരാജയങ്ങള്‍ നിര്‍ണയിച്ചേക്കും. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിനു ഭരണത്തുടര്‍ച്ചയുണ്ടാവുമെന്നു കരുതിയിരുന്നെങ്കിലും രണ്ടു സീറ്റുകളുടെ വ്യത്യാസത്തിലാണ് യുഡിഎഫ് അധികാരത്തിലെത്തിയത്. ഈസമയം എട്ടോളം സീറ്റുകളില്‍ എസ് ഡിപി ഐ ഉള്‍പ്പെടെയുള്ള കക്ഷികളുടെ വോട്ടുനില ജയപരാജയങ്ങളെ നിര്‍ണയിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ 102 സീറ്റുകള്‍ നേടുകയും 200ഓളം സീറ്റുകളില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്ത എസ് ഡിപിഐ മികച്ച നേട്ടം കൊയ്തതായാണു വിലയിരുത്തപ്പെടുന്നത്. മൂന്നു മുന്നണികളിലെയും പാര്‍ട്ടികള്‍ക്കു ശേഷം ഒറ്റ കക്ഷിയെന്ന നിലയില്‍ തൊട്ടടുത്ത് എസ് ഡിപി ഐയ്ക്കാണു സ്ഥാനം. വെല്‍ഫെയര്‍ പാര്‍ട്ടി തദ്ദേശ തിരഞ്ഞെടുപ്പില്‍ പലയിടത്തും യുഡിഎഫുമായി ധാരണയിലായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തുടങ്ങിയ ധാരണ പക്ഷേ, തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികള്‍ക്കും വലിയ മെച്ചമുണ്ടാക്കിയില്ലെന്ന വിലയിരുത്തല്‍ തനിച്ചു മല്‍സരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണെങ്കില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നേടുന്ന വോട്ടുകള്‍ യുഡിഎഫിനെയാവും ബാധിക്കുക.
Local poll results a sign of continuity of government ...?; LDF dominates 101 assembly constituencies
RELATED STORIES
സ്കൂളില് ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില് പിഴയടച്ചില്ലെങ്കില് സംഭല് എംപി സിയാവുര്...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില് വെടിവച്ചിട്ടത് ഹൂത്തികള് (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില് സിപിഎം നേതാക്കള് ആനന്ദം...
22 Dec 2024 1:48 PM GMT