Big stories

മധ്യപ്രദേശില്‍ ബിജെപിയുടെ രാഷ്ടിയ കരുനീക്കം; കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് ഗവര്‍ണര്‍ക്ക് കത്ത്

മധ്യപ്രദേശില്‍ ബിജെപിയുടെ രാഷ്ടിയ കരുനീക്കം; കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് ഗവര്‍ണര്‍ക്ക് കത്ത്
X

ഭോപാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനു ഭൂരിപക്ഷമില്ലെന്നും പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും ആവശ്യപ്പെട്ടു ബിജെപി ഗവര്‍ണര്‍ക്കു കത്തു നല്‍കി. കമല്‍നാഥ് സര്‍ക്കാരിനു ഭൂരിപക്ഷമില്ലെന്നു കാണിച്ചു പ്രതിപക്ഷമായ ബിജെപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനാണു കത്തു നല്‍കിയത്. സംസ്ഥാനത്തു നിരവധി കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിടുമെന്നു വ്യക്തമാക്കിയാണ് ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ക്കു കത്തു നല്‍കിയത്.

സംസ്ഥാനത്തു കുതിരക്കച്ചവടത്തിനു ശ്രമിക്കില്ലെന്നും എന്നാല്‍ കമല്‍നാഥ് സര്‍ക്കാര്‍ സ്വയം നിലംപതിക്കുമെന്നും പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ പറഞ്ഞു. 230 നിയമസഭാ സീറ്റുകളുള്ള സംസ്ഥാനത്തു കോണ്‍ഗ്രസിന് 114 സീറ്റാണുള്ളത്. കേവലഭൂരിപക്ഷമായ 116 തികക്കാനാവാത്ത കോണ്‍ഗ്രസ് മായാവതിയുടെയും അഖിലേഷിന്റെയും പിന്തുണയോടെയാണു ഭരണം കയ്യാളുന്നത്. ബിജെപിക്ക് 109 സീറ്റാണുള്ളത്.

നാല് സ്വതന്ത്ര എംഎല്‍എമാര്‍ രണ്ട് ബിഎസ്പി എം എല്‍എമാര്‍, ഒരു എസ്പി എം എല്‍എ എന്നിവരാണ് കമല്‍നാഥ് സര്‍ക്കാരിന് പിന്തുണ നല്‍കിയിരുന്നത്. 109 അംഗങ്ങളാണ് ബി ജെപിക്കുള്ളത്

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്കനുകൂലമായിരിക്കുമെന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തു വന്ന ഉടനെയാണ് മധ്യപ്രദേശില്‍ ബിജെപിയുടെ രാഷ്ട്രീയ നീക്കം. മധ്യപ്രദേശില്‍ 29 സീറ്റില്‍ 24 എണ്ണവും ബിജെപി നേടുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലം. കഴിഞ്ഞ വര്‍ഷം ബിജെപിയില്‍നിന്ന് കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ച സംസ്ഥാനമാണ് മധ്യപ്രദേശ്.

Next Story

RELATED STORIES

Share it