Big stories

'കൊല്ലപ്പെടുന്നതും അറസ്റ്റിലാവുന്നതും മുസ്‌ലിംകള്‍'; ഡല്‍ഹി കലാപ കേസില്‍ വിമര്‍ശനവുമായി മഹമൂദ് മദനി

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായ അറസ്റ്റുകളാണ് നടക്കുന്നതെന്നും ഒരു സമുദായത്തെ ലക്ഷ്യമാക്കിയാണ് ഡല്‍ഹി പോലിസ് നടപടികളെന്നും മഹമൂദ് മദനി കുറ്റപ്പെടുത്തി.

കൊല്ലപ്പെടുന്നതും അറസ്റ്റിലാവുന്നതും മുസ്‌ലിംകള്‍; ഡല്‍ഹി കലാപ കേസില്‍ വിമര്‍ശനവുമായി മഹമൂദ് മദനി
X

ന്യൂഡല്‍ഹി: രാജ്യത്ത് കലാപങ്ങളില്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെടുന്നതും അറസ്റ്റിലാവുന്നതും മുസ് ലിംകളാണെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ജനറല്‍ സെക്രട്ടറി മഹമൂദ് മദനി. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായ അറസ്റ്റുകളാണ് നടക്കുന്നതെന്നും ഒരു സമുദായത്തെ ലക്ഷ്യമാക്കിയാണ് ഡല്‍ഹി പോലിസ് നടപടികളെന്നും മഹമൂദ് മദനി കുറ്റപ്പെടുത്തി.


ഇതൊന്നും പുതിയ സംഭവങ്ങളല്ല. രാജ്യത്ത് എല്ലാ കലാപങ്ങളിലും കൂടുതലും മുസ് ലിംകളാണ് ഇരകളാക്കപ്പെട്ടതും കൊല്ലപ്പെട്ടതും. പിന്നീട് ആ സമുദായത്തില്‍ പെട്ടവര്‍ തന്നേയാണ് കലാപ കേസുകളില്‍ അറസ്റ്റിലാവുന്നതെന്നും മദനി പറഞ്ഞു.

'ആക്രമണങ്ങള്‍ നടന്നാല്‍ അറസ്റ്റ് ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍, ഈ അറസ്റ്റുകളെല്ലാം ഏകപക്ഷീയമായാണ് നടക്കുന്നത്. ഒരു സമുദായത്തെ മാത്രം ലക്ഷ്യമിട്ടാണ് അറസ്റ്റ് നടക്കുന്നത്.'. ദി പ്രിന്റിന് നല്‍കിയ അഭിമുഖത്തില്‍ മഹമൂഹ് മദനി പറഞ്ഞു.

ഏത് പാര്‍ട്ടി ഭരിച്ചാലും ഇതാണ് അവസ്ഥ. ബിജെപി ഭരണകാലത്തോ, കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി ഭരണത്തിലോ നടക്കുന്ന കലാപങ്ങളിലും മുസ് ലിംകള്‍ തന്നെയാണ് ഇരകളാകുന്നത്. കൂടുതല്‍ പേര്‍ കൊല്ലപ്പെടുന്നും കൂടുതല്‍ പേര്‍ അറസ്റ്റിലാവുന്നതും കൂടുതല്‍ സ്വത്ത് നഷ്ടം ഉണ്ടാകുന്നതും മുസ്‌ലിംകള്‍ക്കാണ്. മദനി പറഞ്ഞു.

ഫെബ്രുവരില്‍ ഡല്‍ഹി കലാപത്തില്‍ 53 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ കൂടുതലും മുസ് ലിംകളായിരുന്നു. കലാപവുമായി ബന്ധപ്പെട്ട് നൂറുകണക്കിന് പേര്‍ അറസ്റ്റിലായി. ഇതിലും കൂടുതല്‍ പേര്‍ മുസ് ലിംകളാണ്. ജാമിഅ മില്ലിയ്യ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളും ആക്ടിവിസ്റ്റുകളുമാണ് അറസ്റ്റിലായവരില്‍ ഭൂരിഭാഗവും.

കലാപത്തിന് പരസ്യമായി ആഹ്വാനം ചെയ്ത രാഷ്ട്രീയ നേതാക്കള്‍ എന്ത് കൊണ്ട് അറസ്റ്റിലാവുന്നില്ലെന്നും മദനി ചോദിച്ചു. സാധാരണക്കാരാണ് അറസ്റ്റിലായവരില്‍ അധികവും. തെരുവില്‍ പ്രതികാരം ചെയ്യുമെന്നും രക്തപ്പുഴ ഒഴുക്കുമെന്നും ആക്രോഷിച്ചവരെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പോലിസ് തയ്യാറാവുന്നില്ല. ബിജെപി നേതാവ് കപില്‍ മിശ്ര പൗരത്വ പ്രക്ഷോഭങ്ങള്‍ തെരുവില്‍ നേരിടുമെന്ന് പരസ്യമായി വെല്ലുവിളിച്ചിരുന്നു. പോലിസ് സമരം അടിച്ചമര്‍ത്താന്‍ തയ്യാറായില്ലെങ്കില്‍ തങ്ങള്‍ നേരിടുമെന്നാണ് കപില്‍ മിശ്ര പറഞ്ഞത്. ഡല്‍ഹി കലാപത്തിന് തൊട്ട് മുന്‍പായിരുന്നു കപില്‍ മിശ്രയുടെ വെല്ലുവിളി.

Next Story

RELATED STORIES

Share it