Sub Lead

സിറിയയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; 200ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു

സിറിയയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; 200ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു
X

ദമസ്‌കസ്: സിറിയയുടെ മുന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ പിന്തുണക്കുന്നവരും ഇടക്കാല സര്‍ക്കാരിന്റെ സൈനികരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. അസദിന്റെ നാടായ ലദാക്കിയ കേന്ദ്രീകരിച്ചാണ് സംഘര്‍ഷം വ്യാപകമാവുന്നത്. ഇതുവരെ 200ല്‍ അധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ട്. ഇടക്കാല സര്‍ക്കാരിന്റെ 50 സൈനികരും അസദ് അനുകൂലികളായ 45 പേരും കൊല്ലപ്പെട്ടു. ലദാക്കിയയിലെ അലവി വിഭാഗക്കാരെ ഇടക്കാല സര്‍ക്കാരിന്റെ സൈനികര്‍ വെടിവച്ചു കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.


വ്യാഴാഴ്ച്ച തുടങ്ങിയ സംഘര്‍ഷം ഇപ്പോഴും തുടരുകയാണെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് റിപോര്‍ട്ട് ചെയ്തു. ഗ്രാമങ്ങളില്‍ 140 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഷീര്‍, ഹഫ എന്നീ ഗ്രാമങ്ങളില്‍ കടന്ന സര്‍ക്കാര്‍ സൈന്യം സ്ത്രീകളെയും കുട്ടികളെയും ഒഴിവാക്കി 69 പുരുഷന്‍മാരെ കൊന്നുവെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. മുന്നില്‍ കണ്ട ഓരോ പുരുഷന്‍മാരെയും സര്‍ക്കാര്‍ സൈന്യം വെടിവച്ചു കൊന്നെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് മേധാവി റാമി അബ്ദുല്‍റഹ്മാന്‍ പറഞ്ഞു. മുഖ്താറിയെഹ് ഗ്രാമത്തില്‍ മാത്രം 30 പേര്‍ കൊല്ലപ്പെട്ടെന്ന് ബെയ്‌റൂത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ടിവി ചാനല്‍ റിപോര്‍ട്ട് ചെയ്തു. ബനിയാസ് നഗരത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം 60തോളം പേര്‍ കൊല്ലപ്പെട്ടു.


സര്‍ക്കാര്‍ സൈനികര്‍ക്കെതിരെയുണ്ടായ ആക്രമണങ്ങള്‍ക്ക് പ്രതികാരം ചെയ്യാന്‍ നിരവധി പേര്‍ ലദാക്കിയയിലേക്ക് പോയതായി സിറിയന്‍ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ സന റിപോര്‍ട്ട് ചെയ്തു. പ്രതികാരത്തിന് പോയ ചിലര്‍ അതിക്രമങ്ങള്‍ പ്രവര്‍ത്തിച്ചതായും അവരെ തടയാന്‍ ശ്രമങ്ങള്‍ നടത്തുന്നതായും സനയിലെ റിപോര്‍ട്ട് പറയുന്നു.

ധാര്‍മികത ലംഘിച്ചാല്‍ നമ്മളും ശത്രുക്കളും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്ന് സിറിയന്‍ പ്രസിഡന്റ് അഹമദ് അല്‍ ഷറ സൈനികരോട് പറഞ്ഞു. അസദിന്റെ അനുകൂലികള്‍ പ്രകോപനത്തിനായി കാത്തിരിക്കുകയാണെന്നും എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് വലിയൊരു ജനക്കൂട്ടം ചരിത്രപ്രസിദ്ധമായ ഉമ്മായദ് സ്‌ക്വയറില്‍ തടിച്ചുകൂടി.


അതേസമയം, ലദാക്കിയയിലെ റഷ്യന്‍ വ്യോമസേനാ താവളത്തിന് മുന്നിലും ജനക്കൂട്ടം എത്തി. റഷ്യന്‍ സൈന്യത്തിന്റെ സംരക്ഷണം ആവശ്യപ്പെട്ടാണ് അവര്‍ എത്തിയത്. സിറിയയില്‍ സംഘര്‍ഷം അതിവേഗം വ്യാപിക്കുകയാണെന്നും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും റഷ്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. സിറിയന്‍ അറബ് റിപ്പബ്ലിക്കിന്റെ ഭൂമിശാസ്ത്രപരമായ പരമാധികാരത്തെ ബാധിക്കുന്ന ഒരു കാര്യവും ചെയ്യില്ലെന്നും റഷ്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ഏറ്റുമുട്ടലുകള്‍ സിറിയന്‍ സര്‍ക്കാരിന് വലിയ ഭീഷണിയാണെന്ന് തുര്‍ക്കിയും പ്രതികരിച്ചു. സിറിയയില്‍ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് തുര്‍ക്കിയുടെ വിദേശകാര്യ വക്താവ് ഒന്കു കെസെലി പറഞ്ഞു.

Next Story

RELATED STORIES

Share it