Big stories

മഹാരാഷ്ട്രയില്‍ 40 ലക്ഷം പേര്‍ക്ക് വോട്ടില്ല; ബിജെപി ഗൂഢാലോചനയെന്ന് ജെഡിഎസ്

ഒഴിവാക്കപ്പെട്ട 39,27,882 പേരുകളില്‍ 17 ലക്ഷം വോട്ടര്‍മാര്‍ ദലിതരാണ്. 10 ലക്ഷം പേര്‍ മുസ്‌ലിംകളും. വോട്ടര്‍പട്ടികയില്‍ 44 ലക്ഷം വ്യാജവോട്ടര്‍മാര്‍ കടന്നുകൂടിയിട്ടുണ്ടെന്ന ആരോപണവുമായി നേരത്തെ മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി രംഗത്തെത്തിയിരുന്നു.

മഹാരാഷ്ട്രയില്‍ 40 ലക്ഷം പേര്‍ക്ക് വോട്ടില്ല;  ബിജെപി ഗൂഢാലോചനയെന്ന് ജെഡിഎസ്
X

മുംബൈ: ദലിതരും മുസ്‌ലിംകളും അടക്കം 40 ലക്ഷം പേര്‍ മഹാരാഷ്ട്ര വോട്ടര്‍ പട്ടികയില്‍നിന്ന് പുറത്തായെന്ന ആരോപണവുമായി ജനതാ ദള്‍ (സെക്കുലര്‍) രംഗത്തെത്തി. ആകെയുള്ള സമ്മതിദായകരില്‍ 4.6 ശതമാനം പേരാണ് പട്ടികയില്‍ നിന്ന് പുറത്തായതെന്ന് ജനതാദള്‍ ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ ബോംബൈ ഹൈക്കോടതി ജഡ്ജിയുമായ ബി ജി ഖോല്‍സെ പാട്ടീല്‍ ആരോപിച്ചു. ഒഴിവാക്കപ്പെട്ട 39,27,882 പേരുകളില്‍ 17 ലക്ഷം വോട്ടര്‍മാര്‍ ദലിതരാണ്. 10 ലക്ഷം പേര്‍ മുസ്‌ലിംകളും. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ബിജെപി ഗൂഢാലോചനയുടെ ഫലമാണിതെന്നും ജെഡിഎസ് ആരോപിച്ചു. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തിരമായി ഇടപെടണമെന്നും വോട്ട് നിഷേധത്തില്‍ നടപടിയെടുക്കണമെന്നും പാട്ടീല്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഖാലിദ് സെയ്ഫുള്ള എന്ന ഐടി എന്‍ജിനീയറുടെ 'മിസിങ് വോട്ടര്‍ ആപ്' ആണ് കണ്ടെത്തല്‍ നടത്തിയത്. രാജ്യത്ത് 12.7 കോടി വോട്ടര്‍മാരുടെ പേര് പട്ടികയില്‍ നിന്ന് കാണാതായതായും ആപ്പ് ഉപയോഗിച്ച് കണ്ടെത്തിയിരുന്നു.

രാജ്യത്ത് മൂന്ന് കോടി മുസ്‌ലിംകളാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായത്. താന്‍ നിര്‍മ്മിച്ച മിസ്സിങ് വോട്ടേഴ്‌സ് ആപ്ലിക്കേഷനില്‍ എല്ലാ മണ്ഡലങ്ങളിലേയും ഓരോ തെരുവിലേയും വീടുകളിലെ വോട്ടര്‍മാരുടെ വിവരങ്ങളുണ്ടെന്ന് സെയ്ഫുള്ള അവകാശപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റിലെ വിവരങ്ങള്‍ ആശ്രയിച്ചാണ് മിസ്സിങ് വോട്ടേഴ്‌സ് ആപ്പിന്റെ പ്രവര്‍ത്തനം.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മഹാരാഷ്ട്രയില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ 44 ലക്ഷം വ്യാജവോട്ടര്‍മാര്‍ കടന്നുകൂടിയിട്ടുണ്ടെന്ന ആരോപണവുമായി നേരത്തെ മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മഹാരാഷ്ട്രയില്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് കോണ്‍ഗ്രസ് നേതൃത്വം ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസയ്ക്ക് പരാതി നല്‍കിയത്. പരാതിയെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. 2019 ജനുവരി 31നാണ് മഹാരാഷ്ട്രയില്‍ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്. ആകെ 8,73,30,484 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 4,57,02,579 പുരുഷന്‍മാരും 4,16,25,819 സ്ത്രീകളും ഉള്‍പ്പെടും. 2,086 ട്രാന്‍സ്‌ജെന്‍ഡറുകളും വോട്ടര്‍പട്ടികയില്‍ ഇടംതേടിയിട്ടുണ്ട്.

Next Story

RELATED STORIES

Share it