Big stories

മാലിന്യസംസ്‌കരണത്തില്‍ വീഴ്ച; തെലങ്കാന സര്‍ക്കാരിന് 3,800 കോടി രൂപ പിഴ ചുമത്തി ഹരിത ട്രൈബ്യൂണല്‍

മാലിന്യസംസ്‌കരണത്തില്‍ വീഴ്ച; തെലങ്കാന സര്‍ക്കാരിന് 3,800 കോടി രൂപ പിഴ ചുമത്തി ഹരിത ട്രൈബ്യൂണല്‍
X

ഹൈദരാബാദ്: ഖര, ദ്രവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ തെലങ്കാന സര്‍ക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍ജിടി) 3,800 കോടി രൂപ പിഴ ചുമത്തി. ദ്രവമാലിന്യമോ മലിനജലമോ സംസ്‌കരിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് 3,648 കോടി രൂപയും ഖരമാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതില്‍ പരാജയപ്പെട്ടതിന് 177 കോടി രൂപയുമാണ് ഹരിത ട്രൈബ്യൂണല്‍ ബെഞ്ചിന്റെ കണക്കനുസരിച്ച് തെലങ്കാന നല്‍കേണ്ട മൊത്തം പാരിസ്ഥിതിക നഷ്ടപരിഹാരം. മൊത്തം നഷ്ടപരിഹാരം തെലങ്കാന സംസ്ഥാനത്തിന് രണ്ടുമാസത്തിനുള്ളില്‍ പ്രത്യേക റിങ് ഫെന്‍സ്ഡ് അക്കൗണ്ടില്‍ നിക്ഷേപിക്കാം.

ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം ഈ അക്കൗണ്ട് പ്രവര്‍ത്തിക്കുകയും പുനരുദ്ധാരണ നടപടികള്‍ക്കായി ഉപയോഗിക്കുകയും ചെയ്യും. 141 അര്‍ബന്‍ ലോക്കല്‍ ബോഡികളിലായി 5.9 ദശലക്ഷം ടണ്‍ അനിയന്ത്രിതമായ പൈതൃക മാലിന്യങ്ങളുണ്ടെന്ന് കോടതി വിലയിരുത്തി. കൂടുതല്‍ സംസ്‌കരിക്കാത്ത മാലിന്യങ്ങള്‍, പ്രതിദിനം 2,446 ടണ്‍ ആണ്. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ (ജിഎച്ച്എംസി) ജവഹര്‍നഗര്‍ ഡംപ്‌സൈറ്റില്‍ 12 ദശലക്ഷം ടണ്‍ പൈതൃക മാലിന്യം സംസ്‌കരിച്ചെന്ന് എന്‍ജിടി ബെഞ്ച് പറഞ്ഞു.

മാലിന്യസംസ്‌കരണത്തിന്റെ കാര്യത്തില്‍ തെലങ്കാന സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനങ്ങളാണ് ബെഞ്ച് നടത്തിയത്. ട്രൈബ്യൂണലിന്റെ നിര്‍ദേശങ്ങള്‍ സംസ്ഥാനം ഗൗരവമായി എടുത്തിട്ടുണ്ടെന്നോ അല്ലെങ്കില്‍ ഈ ഉത്തരവനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചെന്നോ കരുതാന്‍ പ്രയാസമാണ്. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ വേണ്ടത്ര അനുകൂല ഇടപെടലുണ്ടായില്ല. ഉത്തരവാദിത്തം കാണിച്ചില്ല. ഓഡിറ്റോ ആനുവല്‍ കോണ്‍ഫിഡന്‍ഷ്യല്‍ റിപോര്‍ട്ട് സംബന്ധിച്ച് എന്‍ട്രികളൊന്നും നടത്തിയിട്ടില്ല.

ട്രിബ്യൂണലിന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി നഷ്ടപരിഹാരം ഈടാക്കിയതായി കാണിക്കാന്‍ ഒന്നുമില്ല. ഇത് പാലിക്കുന്നതിന്റെ ഉത്തരവാദിത്തം ചീഫ് സെക്രട്ടറിക്കായിരിക്കുമെന്ന് വ്യക്തമാക്കിയ എന്‍ജിടി, ഓരോ ആറുമാസം കൂടുമ്പോഴും പുരോഗതി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. പുരോഗതി വിലയിരുത്തുന്നതിന് എസിഎസ് റാങ്കിലുള്ള സീനിയര്‍ നോഡല്‍ ഓഫിസറെ നിയമിക്കുക, നിലവിലുള്ളതും വരാനിരിക്കുന്നതുമായ എസ്ടിപികളെ വ്യവസായങ്ങളുമായും മറ്റ് ബള്‍ക്ക് ഉപയോക്താക്കളുമായും ശുദ്ധീകരിച്ച മലിനജലം ഉപയോഗിക്കുന്നതിന് ബന്ധിപ്പിക്കുന്നത് ഉള്‍പ്പെടെ ഭാവിപരിഹാര നടപടികളുടെ ഭാഗമായി നിരവധി നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിയോട് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.

2014ലും 2017ലും പുറപ്പെടുവിച്ച സുപ്രിംകോടതി ഉത്തരവുകള്‍ക്ക് അനുസൃതമായി സംസ്ഥാനങ്ങള്‍ മാലിന്യസംസ്‌കരണം നടത്തുന്നത് ട്രൈബ്യൂണല്‍ നിരീക്ഷിച്ചുവരുന്നു. 2022 സപ്തംബര്‍ 28ന് ചീഫ് സെക്രട്ടറി മലിനജലവും ഖരമാലിന്യ സംസ്‌കരണവും സംബന്ധിച്ച വിവരങ്ങളടങ്ങിയ അവതരണം സമര്‍പ്പിച്ചു. ചീഫ് സെക്രട്ടറി അവസാനമായി ട്രൈബ്യൂണലില്‍ ഹാജരായത് മുതല്‍ മാലിന്യസംസ്‌കരണത്തില്‍ കാര്യമായ പുരോഗതിയുണ്ടായെന്ന് ബെഞ്ച് പറഞ്ഞു.

Next Story

RELATED STORIES

Share it