Big stories

''എന്‍ഐഎയുടെ അസ്തിത്വം ചോദ്യംചെയ്യപ്പെടുന്ന ചരിത്രവിധി''(വീഡിയോ)

പാനായിക്കുളം കേസില്‍ ജയില്‍മോചിതരായ യുവാക്കള്‍

എന്‍ഐഎയുടെ അസ്തിത്വം ചോദ്യംചെയ്യപ്പെടുന്ന ചരിത്രവിധി(വീഡിയോ)
X



കൊച്ചി:
പാനായിക്കുളം കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെവിട്ട ഹൈക്കോടതി വിധി എന്‍ ഐഎയുടെ അസ്തിത്വത്തെ ചോദ്യംചെയ്യുന്ന ചരിത്രവിധിയാണെന്നു ജയില്‍ മോചിതരായ യുവാക്കള്‍ പറഞ്ഞു. കേരളത്തില്‍ ആദ്യമായി എന്‍ഐഎ ഏറ്റെടുത്ത കേസാണിത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജയിലില്‍ കഴിയുന്നവര്‍ക്കുള്ള നിരപരാധികളുടെ മോചനത്തിനു വേണ്ടിയുള്ള ഞങ്ങളുടെ പരിശ്രമത്തിന് ആക്കം കൂട്ടുന്ന ശക്തമായ വിധിയാണിത്. വിധിയില്‍ വളരെയേറെ സന്തോഷം തോന്നുന്നുവെന്നും ഈരാറ്റുപേട്ട നടക്കല്‍ പേരകത്തുശ്ശേരി വീട്ടില്‍ അബ്ദുര്‍റാസിക് പറഞ്ഞു. എന്‍ഐഎയുടെ നിലപാടിനെയും പ്രവര്‍ത്തനത്തെയുമാണ് കോടതി ചോദ്യം ചെയ്തിട്ടുള്ളത്. മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കുമെതിരേ മാത്രമാണ് എന്‍ഐഎ കേസുകളെടുത്തിട്ടുള്ളത്. അത്തരമൊരു നിലപാടിനെതിരായ വലിയ വിധിയാണിത്. വലിയ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് എന്‍ഐഎ കേസെടുത്തത് എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോയിരുന്നത്. മാത്രമല്ല, കേരളത്തിനു പുറത്ത് സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസ് പോലുള്ള വിഷയത്തില്‍ എന്‍ഐഎ കാട്ടിയ ഇരട്ടത്താപ്പ് കോടതിക്ക് ബോധ്യം വന്നിട്ടുണ്ടെന്നാണു മനസ്സിലാവുന്നത്. ഇത്തരത്തില്‍ നിരപരാധികളായവര്‍ ജയിലില്‍ കഴിഞ്ഞ ശേഷം വെറുതെവിട്ടാലും സമൂഹത്തിലേക്ക് പോവുമ്പോള്‍ സ്വീകരിക്കാതെ വരുന്നത് വലിയ സാമൂഹികപ്രശ്‌നങ്ങള്‍ക്കിടയാക്കും. മൂന്നര വര്‍ഷം മുമ്പ് ഞങ്ങളെ തീവ്രവാദികളെന്ന് മുദ്രകുത്തിയാണ് ജയിലിലടച്ചത്. ഇന്ന് നിരപരാധികളെന്നു തിരിച്ചുവിളിക്കേണ്ട സാഹചര്യമാണുള്ളത്. മാധ്യമങ്ങളുടെയും മറ്റും പിന്തുണയുള്ളവര്‍ക്ക് അത് സാധിച്ചെന്നിരിക്കും. പക്ഷേ, അതിനപ്പുറം സാധാരണക്കാരായവര്‍ക്ക്, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ കേരളംപോലുള്ള വിദ്യാസമ്പന്നരില്ലാത്ത സ്ഥലങ്ങളില്‍ സാധിക്കുന്നില്ല എന്നത് വലിയ ദുരന്തമാണ്. അത്തരം വിഷയങ്ങളില്‍ യോജിച്ചുനില്‍ക്കുന്നവരുമായി കൂടിച്ചേര്‍ന്നുകൊണ്ട് മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ ഒരു ഐക്യനിരയുമായി മുന്നോട്ടുപോവുമെന്നും യുവാക്കള്‍ പറഞ്ഞു.

പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പരസ്യമായി സെമിനാര്‍ സംഘടിപ്പിച്ചതിനാണ് ഈരാറ്റുപേട്ട സ്വദേശികളായ പി എ ഷാദുലി, അബ്ദുര്‍ റാസിക്, വടക്കേക്കര ഷമ്മി എന്ന ഷമ്മാസ്, ആലുവയിലെ അന്‍സാര്‍ നദ്‌വി എന്നിവരെ ജയിലിലടച്ചത്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് എന്‍ഐഎ കോടതി റാസിഖിനും ശാദുലിക്കും 14 വര്‍ഷവും മറ്റുള്ളവര്‍ക്ക് 12 വര്‍ഷവും തടവ് ശിക്ഷ വിധിച്ചു. കേസില്‍ ഹൈക്കോടതി ഇന്ന് ഉച്ചയോടെയാണ് മുഴുവന്‍ പ്രതികളെയും വെറുതെവിട്ടത്. തുടര്‍ന്ന് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി രാത്രി എട്ടോടെയാണ് യുവാക്കള്‍ ജയില്‍ മോചിതരായത്. യുവാക്കളെ സ്വീകരിക്കാന്‍ സുഹൃത്തുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും എത്തിയിരുന്നു. ഇന്നു രാത്രി 11.30നു ഈരാറ്റുപേട്ട ഇളപൊങ്കല്‍ ദാറുസ്സലാം മസ്ജിദിനു മുന്‍വശം എത്തിച്ചേരുന്ന യുവാക്കളെ ഈരാറ്റുപേട്ട പൗരാവലി സ്വീകരിച്ച് ആനയിക്കും.



Next Story

RELATED STORIES

Share it