Big stories

സര്‍ക്കാരിന്റെ ജനപ്രീതിയില്‍ എതിരാളികള്‍ക്ക് ആശങ്ക; കൃത്രിമ വാര്‍ത്തയുണ്ടാക്കി ചര്‍ച്ച വഴിതിരിച്ച് വിടാന്‍ ശ്രമം: പിണറായി

സര്‍ക്കാരിന്റെ ജനപ്രീതിയില്‍ എതിരാളികള്‍ക്ക് ആശങ്ക; കൃത്രിമ വാര്‍ത്തയുണ്ടാക്കി ചര്‍ച്ച വഴിതിരിച്ച് വിടാന്‍ ശ്രമം: പിണറായി
X
കണ്ണൂര്‍: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനപ്രീതിയില്‍ എതിരാളികള്‍ക്ക് ആശങ്കയുണ്ടെന്നും അതിനാലാണ് ചില പ്രതീകങ്ങളെ ഉയര്‍ത്തികൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി കണ്‍വന്‍ഷന്‍ സെന്ററില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ബിജെപിക്കെതിരായ പോരാട്ടമായി ഉയര്‍ത്തിക്കാട്ടുന്നത് നേമത്തെയാണ്. എന്നാല്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേമം നിയമസഭാ മണ്ഡലത്തില്‍ നഷ്ടമായ വോട്ടുകളെ കുറിച്ച് കോണ്‍ഗ്രസ് ആദ്യം പറയണം. കോണ്‍ഗ്രസും ബിജെപിയും നേമത്ത് പരസ്പരം സഹകരിച്ചു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എട്ട് ലക്ഷത്തോളം ഒഴിവുകളില്‍ നിയമനം നടത്താനുണ്ട്. എന്നാല്‍, അതിനെ വിമര്‍ശിക്കാതെ പിഎസ് സിയെ മാത്രമാണ് പ്രതിപക്ഷം വിമര്‍ശിക്കുന്നത്. ഇത് ഇരു പാര്‍ട്ടികളും തമ്മിലുള്ള ധാരണയുടെ ഭാഗമാണ്.

കേരളത്തില്‍ ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ട് ശക്തമാണ്. തിരഞ്ഞെടുപ്പ് പ്രചാരണം പോലും ഇരു കൂട്ടരും പരസ്പര ധാരണയിലാണ് നടത്തുന്നത്. നേമം മണ്ഡലത്തിലെ മല്‍സരമാണ് ബിജെപിക്കെതിരായ തുറുപ്പുചീട്ടെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ആദ്യം അവര്‍ മുന്‍ തിരഞ്ഞെടുപ്പുകളില്‍ ഒഴുകിപ്പോയ വോട്ടുകളെക്കുറിച്ചാണ് പറയേണ്ടത്. ആ വോട്ട് തിരിച്ചുപിടിച്ചാലല്ലേ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് എത്തിയ നിലയുടെ ഏഴയലത്തെങ്കിലും എത്താന്‍ കഴിയൂ.

കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ധാരണ ഉണ്ടാകുന്നതായി കഴിഞ്ഞ കുറേ കാലത്തെ അനുഭവങ്ങളിലൂടെ വ്യക്തമാണ്. ഒരാള്‍ രാവിലെ ഒരു ആരോപണം ഉന്നയിക്കുന്നു. മറ്റേ കക്ഷിയുടെ ആള്‍ വൈകുന്നേരം അതേ ആരോപണം ഉന്നയിക്കുന്നു. ഇരു പാര്‍ട്ടി നേതാക്കളും മാറിമാറി ഇക്കാര്യം ചെയ്യുന്നത് നാട് ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ്. പരസ്പര ധാരണയിലാണ് പ്രചാരണം പോലും നടത്തുന്നത്.

നേമത്ത് പുതിയ ശക്തനെ ഇറക്കിയതുതന്നെ ഒരു യഥാര്‍ഥ പോരാട്ടത്തിനാണോ അതോ ഇവര്‍ തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണോ എന്നത് വരും ദിവസങ്ങളിലേ വ്യക്തമാകൂ. കാരണം, നേമത്തെ നേരത്തെയുള്ള അനുഭവം വളരെ വിഷമം ഉണ്ടാക്കുന്ന ഒന്നാണ്. കേരളത്തില്‍ ആദ്യമായി ബിജെപിക്ക് ഒരു സീറ്റുണ്ടാക്കിക്കൊടുത്തത് ആരാണെന്ന് നമ്മള്‍ കണ്ടതാണ്. സ്വന്തം വോട്ട് ബിജെപിക്ക് കൊടുത്ത് അതിനുള്ള അവസരം ഉണ്ടാക്കുകയായിരുന്നു കോണ്‍ഗ്രസ്. ഇത് കോണ്‍ഗ്രസിന്റെ മറ്റൊരു സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ വേണ്ടിയുള്ള ഒത്തുകളിയാണെന്ന കാര്യം അന്നേ വ്യക്തമായിരുന്നതാണ്.

കൊവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാറിന്റെ ഭക്ഷ്യകിറ്റ് വിതരണം കേന്ദ്ര സര്‍ക്കാറിന്റെതെന്ന് വ്യാജ പ്രചാരണം നടത്തുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയതാണെങ്കില്‍ മറ്റ് സംസ്ഥാനങ്ങളിലും ഇതുപോലെ കിറ്റ് കൊടുക്കേണ്ടെ. കോണ്‍ഗ്രസിന്റെ എത്ര എംപിമാര്‍ കര്‍ഷക സമരത്തിന് പോയി. പല സംസ്ഥാനങ്ങളിലും ബിജെപിയെ പ്രതിരോധിക്കുന്നതിനാണ് കോണ്‍ഗ്രസിനെ ജയിപ്പിച്ചത്. എന്നാല്‍, കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് പോയി. കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കഴിയുന്ന സാഹചര്യമല്ല നിലനില്‍ക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

Opponents worried about the government's popularity: Pinarayi

Next Story

RELATED STORIES

Share it