Big stories

അസം വെള്ളപ്പൊക്കം: ഭക്ഷണവും സര്‍ക്കാര്‍ സഹായവും എത്തുന്നില്ല; റെയില്‍വേ പാളങ്ങളില്‍ കഴിയുന്നത് ആയിരങ്ങള്‍

'ഇവിടത്തെ സാഹചര്യം അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതാണ്, സുരക്ഷിതമായ കുടിവെള്ള സ്രോതസ്സില്ല, ഞങ്ങള്‍ ദിവസത്തില്‍ ഒരിക്കല്‍ മാത്രം ഭക്ഷണം കഴിക്കുന്നു. കഴിഞ്ഞ നാല് ദിവസമായി ഞങ്ങള്‍ക്ക് കുറച്ച് അരി മാത്രമേ ലഭിച്ചിട്ടുള്ളൂ,' മിസ് ബോര്‍ഡോലോയിയുടെ ബന്ധു സുനന്ദ ഡോളോയ് പറഞ്ഞു.

അസം വെള്ളപ്പൊക്കം: ഭക്ഷണവും സര്‍ക്കാര്‍ സഹായവും എത്തുന്നില്ല; റെയില്‍വേ പാളങ്ങളില്‍ കഴിയുന്നത് ആയിരങ്ങള്‍
X

ഗുവാഹത്തി: വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ച അസമിലെ രണ്ട് ഗ്രാമങ്ങളില്‍ നിന്നുള്ള 500ലധികം കുടുംബങ്ങള്‍ കഴിയുന്നത് റെയില്‍വേ പാളങ്ങളില്‍. ജമുനാമുഖ് ജില്ലയിലെ രണ്ട് ഗ്രാമങ്ങളില്‍ നിന്നുള്ള ആയിരങ്ങളാണ് റെയില്‍വേ ട്രാക്കുകളില്‍ താമസിക്കുന്നു. വെള്ളപ്പൊക്കത്തില്‍ മുങ്ങാത്ത ഒരേയൊരു ഉയര്‍ന്ന സ്ഥലം റെയില്‍വേ പാളങ്ങളാണ്.

ചാങ്ജുറൈ, പട്യാ പഥര്‍ ഗ്രാമങ്ങളില്‍ നിന്നുള്ള ആളുകള്‍ വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് തെരുവിലാണ് കഴിയുന്നത്. ടാര്‍പോളിന്‍ ഷീറ്റുകള്‍ കൊണ്ട് നിര്‍മ്മിച്ച താത്കാലിക കൂരകളില്‍ അഭയം പ്രാപിച്ച ഗ്രാമീണര്‍, കഴിഞ്ഞ അഞ്ച് ദിവസമായി തങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്നും ജില്ലാ ഭരണകൂടത്തില്‍ നിന്നും കാര്യമായ സഹായം ലഭിച്ചില്ലെന്ന് പറയുന്നു.

43 കാരിയായ മോണ്‍വാര ബീഗം തന്റെ കുടുംബത്തോടൊപ്പം വെള്ളപ്പൊക്കത്തില്‍ അവരുടെ വീട് തകര്‍ന്നതിനെത്തുടര്‍ന്ന് ഒരു താല്‍ക്കാലിക ഷെഡിലാണ് താമസിക്കുന്നത്. പ്രളയത്തെ അതിജീവിക്കാന്‍ ഇവര്‍ക്കൊപ്പം മറ്റ് നാല് കുടുംബങ്ങളും എത്തിയിട്ടുണ്ട്. ഭക്ഷണം പോലും ലഭിക്കാതെയാണ് ഭൂരിഭാഗം കുടുംബങ്ങളും കഴിയുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

'മേല്‍ക്കൂര പോലുമില്ലാതെ തുറന്ന ആകാശത്തിന് കീഴിലാണ് മൂന്ന് ദിവസം ഞങ്ങള്‍ കഴിഞ്ഞത്. തുടര്‍ന്ന് ഞങ്ങള്‍ കുറച്ച് പണമെടുത്ത് ഈ ടാര്‍പോളിന്‍ ഷീറ്റ് വാങ്ങി. ഒരേ ഷീറ്റിന് കീഴില്‍ ഞങ്ങള്‍ അഞ്ച് കുടുംബങ്ങളാണ് താമസിക്കുന്നത്. ആവശ്യത്തിന് ഭക്ഷ്യ വസ്തുക്കള്‍ പോലുമില്ല'. മോണ്‍വാര ബീഗം പറഞ്ഞു.

ചാങ്ജുറൈ ഗ്രാമത്തില്‍ വീട് നഷ്ടപ്പെട്ട് ടാര്‍പോളിന്‍ ഷീറ്റിലാണ് ബ്യൂട്ടി ബോര്‍ഡോലോയിയുടെ കുടുംബവും കഴിയുന്നത്. 'ഞങ്ങളുടെ വിളവെടുപ്പിന് തയ്യാറായ നെല്‍കൃഷി വെള്ളപ്പൊക്കത്തില്‍ നശിച്ചു. ഇതുപോലെ അതിജീവിക്കാന്‍ വളരെ പ്രയാസമുള്ളതിനാല്‍ സ്ഥിതി അനിശ്ചിതത്വത്തില്‍ തുടരുന്നു,' അവര്‍ പറഞ്ഞു.

'ഇവിടത്തെ സാഹചര്യം അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതാണ്, സുരക്ഷിതമായ കുടിവെള്ള സ്രോതസ്സില്ല, ഞങ്ങള്‍ ദിവസത്തില്‍ ഒരിക്കല്‍ മാത്രം ഭക്ഷണം കഴിക്കുന്നു. കഴിഞ്ഞ നാല് ദിവസമായി ഞങ്ങള്‍ക്ക് കുറച്ച് അരി മാത്രമേ ലഭിച്ചിട്ടുള്ളൂ,' മിസ് ബോര്‍ഡോലോയിയുടെ ബന്ധു സുനന്ദ ഡോളോയ് പറഞ്ഞു.

'നാലു ദിവസത്തിന് ശേഷം ഞങ്ങള്‍ക്ക് ഇന്നലെ സര്‍ക്കാരില്‍ നിന്ന് സഹായം ലഭിച്ചു. അവര്‍ ഞങ്ങള്‍ക്ക് കുറച്ച് അരിയും പരിപ്പും എണ്ണയും നല്‍കി. എന്നാല്‍ ചിലര്‍ക്ക് അത് പോലും ലഭിച്ചിട്ടില്ല,' പാട്യ പഥറിലെ മറ്റൊരു പ്രളയബാധിതനായ നസിബുര്‍ റഹ്മാന്‍ പറഞ്ഞു.

അസമിലെ വെള്ളപ്പൊക്കം ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. 29 ജില്ലകളിലെ 2,585 ഗ്രാമങ്ങളിലായി 8 ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചു. കാലവര്‍ഷത്തിനു മുമ്പുള്ള മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 14 പേര്‍ മരിച്ചു.

343 ദുരിതാശ്വാസ ക്യാംപുകളിലായി 86,772 പേരാണ് അഭയം പ്രാപിച്ചിട്ടുള്ളത്. കൂടാതെ 411 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. കരസേനയും അര്‍ധസൈനിക വിഭാഗങ്ങളും ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളും ചേര്‍ന്ന് 21,884 പേരെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്ന് ബോട്ടുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് ഒഴിപ്പിച്ചു.

Next Story

RELATED STORIES

Share it