Big stories

പാലത്തായി ബാലികാ പീഡനക്കേസ്: അനുബന്ധ കുറ്റപത്രത്തില്‍ പത്മരാജനെതിരേ വധശിക്ഷ വരെ ലഭിക്കാവുന്ന പോക്‌സോ വകുപ്പുകള്‍

പുതിയ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ പത്മരാജന്റെ ജാമ്യം കോടതി റദ്ദാക്കുമോയെന്നാണ് ഇനി അറിയേണ്ടത്. 376 എ, ബി വകുപ്പുകള്‍ക്ക് പുറമേ 376- 2 എഫ് തുടങ്ങിയ വകുപ്പുകളാണ് പ്രത്യേക അന്വേഷണസംഘം അനുബന്ധ കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ളത്. 376 എ, ബി വകുപ്പിന് കുറഞ്ഞ ശിക്ഷ 20 വര്‍ഷം തടവാണ്. ശേഷിക്കുന്ന കാലം മുഴുവന്‍ തടവ് അല്ലെങ്കില്‍, വധശിക്ഷവരെ ലഭിച്ചേക്കാം. അധ്യാപകര്‍ തങ്ങളുടെ വിദ്യാര്‍ഥികള്‍ക്ക് നേരെ നടത്തുന്ന ലൈംഗികാതിക്രമമാണ് 376- 2 എഫ് വകുപ്പിന്റെ പരിധിയില്‍ വരുന്നത്. ഇതിന് ചുരുങ്ങിയത് 10 വര്‍ഷം തടവ് അല്ലെങ്കില്‍, ആജീവനാന്തകാലം തടവാണ് ശിക്ഷ.

പാലത്തായി ബാലികാ പീഡനക്കേസ്: അനുബന്ധ കുറ്റപത്രത്തില്‍ പത്മരാജനെതിരേ വധശിക്ഷ വരെ ലഭിക്കാവുന്ന പോക്‌സോ വകുപ്പുകള്‍
X

കണ്ണൂര്‍: പാലത്തായി ബാലികാ പീഡനക്കേസിലെ പ്രതിയായ ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കുനിയില്‍ പത്മരാജനെതിരേ (പപ്പന്‍- 45) അനുബന്ധ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന ഗുരുതര പോക്‌സോ വകുപ്പുകള്‍. ഡിവൈഎസ്പി രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് തലശ്ശേരി ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി മുമ്പാകെ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. പാലത്തായി കേസില്‍ മുമ്പ് ക്രൈംബ്രാഞ്ച് നടത്തിയ കണ്ടെത്തലുകളെ പൂര്‍ണമായി തള്ളിക്കളയുന്നതാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കുറ്റപത്രം. പോക്‌സോ പ്രകാരം പാനൂര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ പോക്‌സോ ഒഴിവാക്കിയിരുന്നു.

ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്ന് അന്വേഷണം നടന്നത്. പ്രതിക്ക് അനുകൂലമായി റിപോര്‍ട്ട് നല്‍കുകയും പോക്‌സോ നിയമം ഒഴിവാക്കുകയും ചെയ്തതിനെത്തതുടര്‍ന്ന് പത്മരാജന്‍ ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. പുതിയ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ പത്മരാജന്റെ ജാമ്യം കോടതി റദ്ദാക്കുമോയെന്നാണ് ഇനി അറിയേണ്ടത്. 376 എ, ബി വകുപ്പുകള്‍ക്ക് പുറമേ 376- 2 എഫ് തുടങ്ങിയ വകുപ്പുകളാണ് പ്രത്യേക അന്വേഷണസംഘം അനുബന്ധ കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ളത്.

376 എ, ബി വകുപ്പിന് കുറഞ്ഞ ശിക്ഷ 20 വര്‍ഷം തടവാണ്. ശേഷിക്കുന്ന കാലം മുഴുവന്‍ തടവ് അല്ലെങ്കില്‍, വധശിക്ഷവരെ ലഭിച്ചേക്കാം. അധ്യാപകര്‍ തങ്ങളുടെ വിദ്യാര്‍ഥികള്‍ക്ക് നേരെ നടത്തുന്ന ലൈംഗികാതിക്രമമാണ് 376- 2 എഫ് വകുപ്പിന്റെ പരിധിയില്‍ വരുന്നത്. ഇതിന് ചുരുങ്ങിയത് 10 വര്‍ഷം തടവ് അല്ലെങ്കില്‍, ആജീവനാന്തകാലം തടവാണ് ശിക്ഷ. ഗൗരവമേറിയ ലൈംഗികാതിക്രമം സംബന്ധിച്ച മറ്റ് വകുപ്പുകളും കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. കുട്ടിയുടെ മെഡിക്കല്‍ റിപോര്‍ട്ട് ഉള്‍പ്പെടെ ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. പീഡനം നടന്ന സ്‌കൂളിലെ ശുചിമുറിയില്‍നിന്ന് ലഭിച്ച രക്തക്കറയും അതിന്റെ ഫോറന്‍സിക് പരിശോധനാ റിപോര്‍ട്ടുമാണ് പ്രതിക്കെതിരേ പ്രധാന തെളിവായുള്ളത്.

ഇരയുടെ കൂട്ടുകാരികളുടെ മൊഴിയും പത്മരാജനെതിരാണ്. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായ കടവത്തൂര്‍ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ പത്മരാജന്‍ നാലാം ക്ലാസുകാരിയെ സ്‌കൂളിലെ ശുചിമുറിയില്‍ പീഡിപ്പിച്ചെന്നാണ് കേസ്. 2020 മാര്‍ച്ചിലാണ് പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ മുമ്പാകെ മൊഴി നല്‍കിയത്. തുടക്കം മുതല്‍ നിസ്സംഗത പാലിച്ച പാനൂര്‍ പോലിസ് ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് പോക്‌സോ പ്രകാരം കേസെടുക്കാന്‍ തയ്യാറായത്. നാട്ടിലാകെ വിലസി നടന്ന പ്രതിയെ അറസ്റ്റുചെയ്യാതെ പോലിസ് ഒളിച്ചുകളി തുടര്‍ന്നു. വീണ്ടും ജനകീയപ്രതിഷേധമുയര്‍ന്നതോടെ പത്മരാജനെ അറസ്റ്റുചെയ്യാന്‍ പോലിസ് നിര്‍ബന്ധിതരായി.

കേസന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ക്രൈംബ്രാഞ്ച് മേധാവി ഐജി എസ് ശ്രീജിത്ത് പത്മരാജനെതിരേ തെളിവില്ലെന്നും പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴിക്ക് വിശ്വാസ്യതയില്ലെന്നും പറഞ്ഞത് ഏറെ വിവാദമായിരുന്നു. പ്രതിക്കെതിരേ പോക്‌സോ ചുമത്താനാവില്ലെന്ന റിപോര്‍ട്ടാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയത്. ഇരയായ പെണ്‍കുട്ടിയെ അധിക്ഷേപിക്കുന്ന വിധത്തില്‍ ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്തുവന്നതോടെ പെണ്‍കുട്ടിയുടെ മാതാവും ആക്ഷന്‍ കമ്മിറ്റിയും ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഐജി ശ്രീജിത്തിനെ അന്വേഷണ ചുമതലയില്‍നിന്ന് കോടതി നീക്കുകയും ഡിവൈഎസ്പി രത്‌നകുമാറിന്റെ നേതൃത്വത്തില്‍ എഡിജിപി ഇ ജെ ജയരാജന്റെ മേല്‍നോട്ടത്തിലുള്ള പുതിയ അന്വേഷണസംഘത്തെ നിയോഗിക്കുകയും ചെയ്തു.

അവര്‍ നടത്തിയ അന്വേഷണത്തിലാണ് സ്‌കൂളിലെ ശുചിമുറിയിലെ ടൈല്‍സില്‍ രക്തക്കറ കണ്ടെത്തുകയും പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് സ്ഥിരീകരിക്കുകയും ചെയ്തത്. ആറു മാസത്തിലേറെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നിര്‍ണായ തെളിവുകള്‍ ശേഖരിച്ച് അനുബന്ധ കുറ്റപത്രം തയ്യാറാക്കിയത്. അതിനിടെ, കേസില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതി പത്മരാജന്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിന് സിബിഐയുടെയും സര്‍ക്കാരിന്റെയും വിശദീകരണം തേടിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it