Latest News

കാനഡയില്‍ കാലുകുത്തിയാല്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് ജസ്റ്റിന്‍ ട്രൂഡോ

അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) നെതന്യാഹുവിനെതിരേ അറസ്റ്റ് വാറന്റ്് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ട്രൂഡോ ഇക്കാര്യം പറഞ്ഞത്

കാനഡയില്‍ കാലുകുത്തിയാല്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് ജസ്റ്റിന്‍ ട്രൂഡോ
X

ഒട്ടാവ: കാനഡയില്‍ കാലുകുത്തിയാല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയന്‍ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോ. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) നെതന്യാഹുവിനെതിരേ അറസ്റ്റ് വാറന്റ്് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ട്രൂഡോ ഇക്കാര്യം പറഞ്ഞത്. ഇസ്രായേല്‍ മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെതിരെയും അറസ്റ്റ് വാറന്റ് ഉണ്ട്. കാനഡ എപ്പോഴും പറഞ്ഞതുപോലെ, എല്ലാവരും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കേണ്ടത് വളരെ പ്രധാനമാണ്, ഇത് സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍ ഞങ്ങള്‍ ആവശ്യപ്പെടുന്ന കാര്യമാണ്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ (ഐസിസി) സ്ഥാപക അംഗങ്ങളില്‍ ഒന്നാണ് കാനഡ. ഞങ്ങള്‍ അന്താരാഷ്ട്ര നിയമത്തിനുവേണ്ടി നിലകൊള്ളുന്നു, അന്താരാഷ്ട്ര കോടതികളുടെ എല്ലാ നിയന്ത്രണങ്ങളും വിധികളും ഞങ്ങള്‍ അനുസരിക്കും. കാരണം ഞങ്ങള്‍ കനേഡിയന്‍മാരാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐസിസിയുടെ തീരുമാനം അനുസരിക്കുമെന്നും ട്രൂഡോ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകരോട് നടത്തിയ പരാമര്‍ശത്തില്‍, ഗസയിലെ യുദ്ധം അവസാനിപ്പിക്കാനും ക്ഷാമവും രോഗവും നേരിടുന്ന ഫലസ്തീനികള്‍ക്ക് അടിയന്തര അന്താരാഷ്ട്ര സഹായം ലഭ്യമാക്കാനും ലോകം പ്രേരിപ്പിക്കണമെന്ന് ട്രൂഡോ പറഞ്ഞു. 2023 ഒക്ടോബര്‍ 7ന് അതിര്‍ത്തി കടന്നുള്ള ആക്രമണത്തില്‍ 1200 പേരെ ഹമാസ് കൊലപ്പെടുത്തിയപ്പോള്‍ പിടികൂടിയ എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.'സിവിലിയന്മാരെ സംരക്ഷിക്കുന്ന വെടിനിര്‍ത്തല്‍ നാം കാണേണ്ടതുണ്ട്. സമാധാനപരമായ ഫലസ്തീന്‍ രാഷ്ട്രത്തിനൊപ്പം സമാധാനപരമായ ഇസ്രായേലിനെയും ഉള്‍ക്കൊള്ളുന്ന ദ്വിരാഷ്ട്ര പരിഹാരത്തിലേക്കുള്ള പാതയിലേക്ക് തിരികെ പോകേണ്ടതുണ്ട്' ട്രൂഡോ പറഞ്ഞു.

അതേസമയം ''ഇത്തരം തീരുമാനവുമായി കാനഡ സ്വയം അണിനിരക്കുന്നതില്‍ ഞങ്ങള്‍ ലജ്ജിക്കുന്നു,'' എന്നാണ് ഇസ്രായേലിന്റെ പ്രതികരണം. കാനഡ അന്താരാഷ്ട്ര നിയമത്തെ ദുര്‍ബലപ്പെടുത്തുകയും യുഎസുമായുള്ള സഖ്യം വിച്ഛേദിക്കുകയും ഇസ്രായേലുമായുള്ള ബന്ധത്തെ തകര്‍ക്കുകയും ചെയ്യുന്നു. ഈ തീരുമാനം ആഗോള വേദിയില്‍ നീതിക്കും വേണ്ടിയുള്ള വക്താവ് എന്ന നിലയില്‍ കാനഡയുടെ പങ്ക് ഇല്ലാതാക്കുമെന്നും അവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം അറിയിച്ചു.

നാഷണല്‍ കൗണ്‍സില്‍ ഓഫ് കനേഡിയന്‍ മുസ്ലീംസ് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധക്കുറ്റ കോടതിയായ ഐസിസിക്ക് ട്രൂഡോ നല്‍കിയ പിന്തുണയെ അഭിനന്ദിച്ചു. ഇന്ന്, ഈ ഐസിസി അറസ്റ്റ് വാറന്റുകള്‍ കാനഡ അംഗീകരിച്ചുകൊണ്ട് പ്രധാനമന്ത്രി പ്രധാന ചുവടുവെപ്പ് നടത്തി. കാനഡയില്‍ കാലുകുത്തിയാല്‍ നെതന്യാഹുവും ഗാലന്റും അറസ്റ്റിലാകുമെന്നര്‍ഥം.ഇതൊരു സുപ്രധാന നിമിഷമാണ്. കാനഡ ശരിയായ ഒരു കാര്യം ചെയ്യാന്‍ തിരഞ്ഞെടുത്ത നിമിഷം. എന്നായിരുന്നു അവരുടെ പക്ഷം.

അതേസമയം, തനിക്കെതിരായ അറസ്റ്റ് വാറന്റിനെ അപലപിച്ച നെതന്യാഹു, കോടതിയുടെ അസംബന്ധവും തെറ്റായതുമായ നടപടികളെ ഇസ്രായേല്‍ വെറുപ്പോടെ നിരസിക്കുന്നു എന്ന് പറഞ്ഞു.തന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ നെതന്യാഹു പറഞ്ഞത് ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന യുദ്ധത്തേക്കാള്‍ ന്യായമായ മറ്റൊന്നുമില്ല എന്നായിരുന്നു.

Next Story

RELATED STORIES

Share it