Big stories

തലശേരിയില്‍ പൈപ്പ് ബോംബ് സ്‌ഫോടനം; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്, ഒരാളുടെ മൂക്ക് ചിതറി, കേള്‍വി ശക്തി നഷ്ടപ്പെട്ടു; പിന്നില്‍ ബിജെപിയെന്ന് എംഎല്‍എ

ഇന്ന് രാവിലെ 11ഓടെ മുകുന്ദ മല്ലര്‍ റോഡില്‍ ബിജെപി ഓഫിസിനു സമീപത്ത് ആളൊഴിഞ്ഞ പറമ്പിലാണ് സ്‌ഫോടനം നടന്നത്. പൈപ്പ് ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.

തലശേരിയില്‍ പൈപ്പ് ബോംബ് സ്‌ഫോടനം;  മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്, ഒരാളുടെ മൂക്ക് ചിതറി,  കേള്‍വി ശക്തി നഷ്ടപ്പെട്ടു; പിന്നില്‍ ബിജെപിയെന്ന് എംഎല്‍എ
X

തലശേരി: നഗര മധ്യത്തിലുണ്ടായ വന്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 11ഓടെ മുകുന്ദ മല്ലര്‍ റോഡില്‍ ബിജെപി ഓഫിസിനു സമീപത്ത് ആളൊഴിഞ്ഞ പറമ്പിലാണ് സ്‌ഫോടനം നടന്നത്. പൈപ്പ് ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്തിനു പിന്നില്‍ ബിജെപിയാന്നെന്ന് എ എന്‍ ഷംസീര്‍ എംഎല്‍എ ആരോപിച്ചു. സ്‌ഫോടനത്തില്‍ ഗുരുതര പരിക്കേറ്റ കൊല്ലം സ്വദേശി സക്കീര്‍ (36) പേരാമ്പ്ര കരി കുളത്തില്‍ പ്രവീണ്‍ (33) വേളം പുളിയര്‍ കണ്ടി റഫീഖ് (34) എന്നിവരെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്‌ഫോടനത്തില്‍ പ്രവീണിന്റെ മൂക്ക് ചിതറിയ നിലയിലാണുള്ളത്. സക്കീറിന്റെ ഇരു കാലുകള്‍ക്കും സാരമായ പരിക്കേറ്റു. റഫീഖിന്റെ കേള്‍വി ശക്തി നഷ്ടപെട്ടിട്ടുണ്ട്. പൂജക്കാവശ്യമായ ഇത്തി മൊട്ട്, അല്‍ മൊട്ട്, അരയാല്‍ മൊട്ട് എന്നിവ ശേഖരിക്കുന്നതിനിടയില്‍ ശ്രദ്ധയില്‍ പെട്ട ഭാരമുള്ള പൈപ്പ് എടുത്ത് മാറ്റുന്നതിനിടയിലാണ് സ്‌ഫോടനം നടന്നതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.

പരിക്കേറ്റവരെ എ എന്‍ ഷംസീര്‍ എംഎല്‍എ, നഗരസഭ ചെയര്‍മാന്‍ സി കെ രമേശന്‍, വൈസ് ചെയര്‍മാന്‍ നജ്മ ഹാഷിം, കാത്താണ്ടി റസാഖ്, കെ ടി ജെയ്‌സണ്‍, ഷമീര്‍ സന്ദര്‍ശിച്ചു. ബിജെപി ഓഫിസിനു സമീപം നടന്ന ബോംബ് സ്‌ഫോടനത്തെ കുറിച്ച് സമഗ്ര അന്വാഷണം നടത്തണമെന്ന് എ എന്‍ ഷംസീര്‍ എംഎല്‍എ ആവശ്യപ്പെട്ടു.

ബിജെപി വലിയ അക്രമത്തിന് കോപ്പു കൂട്ടുന്നുവെന്നാണ് നഗരമധ്യത്തില്‍ ബിജെപി കേന്ദ്രത്തില്‍ നടന്ന സ്‌ഫോടനം നല്‍കുന്ന സൂചന. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നും ഷംസീര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it