Big stories

ആര്‍എസ്എസ് ആസ്ഥാനത്ത് മോദി: പദവിമാറ്റത്തിന്റെ പ്രാരംഭമോ?

ആര്‍എസ്എസ് ആസ്ഥാനത്ത് മോദി: പദവിമാറ്റത്തിന്റെ പ്രാരംഭമോ?
X

രാം പുനിയാനി

അടുത്തിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗ്പൂരിലെ ആർ‌എസ്‌എസ് ആസ്ഥാനം സന്ദർശിച്ചു. അവിടെ അദ്ദേഹം ആർ‌എസ്‌എസ് സ്ഥാപകൻ ഡോ. കെ ബി ഹെഡ്‌ഗേവാറിനും രണ്ടാം മേധാവിയായ എം എസ് ഗോൾവാൾക്കറിനും ആദരാഞ്ജലി അർപ്പിച്ചു. പ്രസ്തുത സന്ദർശനത്തിന് വ്യാപകമായ പ്രചാരണം ലഭിക്കുകയും വിപുലമായ ചർച്ചകൾക്ക് തിരികൊളുത്തുകയും ചെയ്തു. അടുത്ത സെപ്റ്റംബറിൽ മോദിക്ക് 75 വയസ്സ് തികയുമെന്നും പാർട്ടിയുടെ ചട്ടങ്ങൾ പ്രകാരം സജീവ രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുമെന്നും ചിലർ അനുമാനിക്കുന്നു. ഈ സന്ദർശനം ഒരു വിടവാങ്ങൽ ചടങ്ങായി വിലയിരുത്തുന്നുമുണ്ട്.

അതേസമയം, 'അച്ഛനും' (ആർ‌എസ്‌എസ്) 'മകനും' (ബിജെപി) തമ്മിലുള്ള ബന്ധത്തിൽ ഒരു പിരിമുറുക്കമുള്ളതായി വിവിധ സംഭവങ്ങൾ സൂചിപ്പിക്കുന്നു. 2024 ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പ്, പാർട്ടി സ്വയംപര്യാപ്തത നേടിയെന്നും ഇനി അധികനാൾ ആർ‌എസ്‌എസ് പിന്തുണ ആവശ്യമില്ലെന്നും ബിജെപി പ്രസിഡന്റ് ജെ പി നദ്ദ പ്രഖ്യാപിച്ചിരുന്നു. നേരത്തെ ബിജെപി വേണ്ടത്ര ശക്തമല്ലായിരുന്നുവെന്നും വോട്ടുകൾ നേടാൻ ആർ‌എസ്‌എസിന്റെ പിന്തുണ ആവശ്യമായിരുന്നെന്നും അദ്ദേഹം സമ്മതിച്ചു.

മറ്റൊരു പ്രശ്നം മോദിയുടെ വർധിച്ചു വരുന്ന ഈഗോയാണ്. താൻ 'ജൈവമനുഷ്യനല്ല' എന്നും തന്നെ ദിവ്യസന്ദേശ വാഹകനായി ദൈവം നിയോഗിച്ചതാണ് എന്നും മോദി ഒരിക്കൽ പ്രസ്താവിച്ചിരുന്നു. മോദിയുടെ ഈ സ്വയം പ്രതിച്ഛായാ നിർമിതി അതിരുകടന്നതാണെന്ന് ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവത് അന്നു പ്രതികരിക്കുകയും ചെയ്തിരുന്നു. ചില ആളുകൾ ആരാധനാ മൂർത്തികളായും പിന്നീട് ദൈവങ്ങളായും സ്വയം കാണാൻ തുടങ്ങുന്നുവെന്ന് പരസ്യമായി അഭിപ്രായപ്പെടുകയും ചെയ്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സീറ്റുകളുടെ എണ്ണം കുറഞ്ഞിത് പ്രചാരണ വേളയിൽ ആർ‌എസ്‌എസ് തങ്ങളുടെ സ്വാധീനം പൂർണമായി ഉപയോഗപ്പെടുത്തിയില്ലെന്നും ഇത് ബിജെപിയുടെ മോശം പ്രകടനത്തിന് കാരണമായെന്നുമുള്ള ഊഹാപോഹങ്ങളും ഉയർന്നിരുന്നു. എന്നിരുന്നാലും, മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ആർ‌എസ്‌എസ് സജീവമായി ബിജെപിയെ പിന്തുണയ്ക്കുകയാണുണ്ടായത്. ഖലിസ്ഥാൻ പ്രസ്ഥാനം ഇന്ത്യയുടെ ഐക്യത്തിന് ഭീഷണിയാകുമെന്ന് ആർ‌എസ്‌എസ് ഭയന്ന 1984ലെ തിരഞ്ഞെടുപ്പുകളിൽ ഒഴികെ, സംഘടന എല്ലായ്പ്പോഴും ബിജെപിയെ പിന്തുണയ്ക്കുകയും അതിനായി വോട്ടുകൾ സമാഹരിക്കുകയുമാണന് ചെയ്തിട്ടുള്ളത്.

സംഘപരിവാരത്തിന്റെ പ്രത്യയശാസ്ത്ര രക്ഷിതാവും മുഖ്യ സൂത്രധാരകനും എന്ന നിലയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുമ്പോൾ തന്നെ, മനുസ്മൃതി അടിസ്ഥാനമാക്കിയുള്ള പ്രാചീന പാരമ്പര്യങ്ങളെ മഹത്ത്വവൽക്കരിക്കുക, മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കുമെതിരേ വിദ്വേഷം പ്രചരിപ്പിക്കുക, ക്രിസ്തുമതത്തെയും ഇസ്‌ലാമിനെയും വിദേശ മതങ്ങളായി ചിത്രീകരിക്കുക തുടങ്ങിയ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നത് പരിവാർ സംഘടനകൾ തുടരുന്നുവെന്ന് ആർ‌എസ്‌എസ് ഉറപ്പു വരുത്തിയിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത്, ആർ‌എസ്‌എസും അതിന്റെ അനുബന്ധ ഗ്രൂപ്പുകളും ബിജെപിയുടെ വിജയം ഉറപ്പാക്കാൻ വ്യാപകമായി പ്രവർത്തിക്കുകയും ചെയ്യുന്നു.

ബിജെപിയുടെ മുൻരൂപമായ ഭാരതീയ ജനസംഘം സ്ഥാപിച്ചത് ഹിന്ദു മഹാസഭ നേതാവ് ശ്യാമ പ്രസാദ് മുഖർജിയാണ്. മുഖർജിയുടെ മരണശേഷം, ആർഎസ്എസ് ക്രമേണ ജനസംഘത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ഒടുവിൽ അതിന്റെ ആജ്ഞാനുവർത്തിയായി പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ സ്ഥാപനമായി ഉറപ്പിക്കുകയും ചെയ്തു. ആർഎസ്എസ്, ബിജെപി, മറ്റ് സംഘ്-അഫിലിയേറ്റഡ് ഗ്രൂപ്പുകൾ എന്നിവ വ്യക്തമായി നിർവചിക്കപ്പെട്ട തൊഴിൽ വിഭജനത്തോടെയാണ് പ്രവർത്തിക്കുന്നത്.

1980കളിൽ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ആരംഭിച്ച രാമക്ഷേത്ര പ്രസ്ഥാനം ഈ ഏകോപനത്തിന്റെ ഒരു പ്രധാന ഉദാഹരണമായിരുന്നു. ഈ പ്രസ്ഥാനത്തെ ബിജെപി ഏറ്റെടുക്കുകയും തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി അതിനെ വ്യാപകമായി ഉപയോഗിക്കുകയും ചെയ്തു. മതന്യൂനപക്ഷങ്ങൾ, ദലിതർ, ആദിവാസികൾ, സ്ത്രീകൾ എന്നീ വിഭാഗങ്ങളെക്കുറിച്ച് നിഷേധാത്മകമായ ധാരണകൾ വളർത്തിയെടുക്കുന്നതിനൊപ്പം ആർഎസ്എസ് പ്രാചീന ഇന്ത്യയെ മഹത്ത്വവൽക്കരിക്കുന്നത് തുടരുകയും ചെയ്തു. ശാഖകളുടെ വിശാലമായ ശൃംഖലകളും അതിന്റെ അടിസ്ഥാനതലത്തിലുള്ള പ്രവർത്തന സംവിധാനങ്ങളുമാണ് ആർഎസ്എസിന്റെ ഏറ്റവും വലിയ ശക്തി.

ഇന്ത്യ ഒരു ഫ്യൂഡൽ, കൊളോണിയൽ സമൂഹത്തിൽനിന്ന് ഒരു ജനാധിപത്യ സമൂഹത്തിലേക്ക് മാറിയിട്ടും, ആർ‌എസ്‌എസ് ഇപ്പോഴും അതിന്റെ ശാഖകളിലൂടെ ജാതി, ലിംഗ ശ്രേണികളെ പ്രോൽസാഹിപ്പിക്കുന്നു.ഏകൽ വിദ്യാലയങ്ങൾ, വനവാസി കല്യാൺ ആശ്രമം, സേവാ ഭാരതി, രാഷ്ട്ര സേവിക സമിതി തുടങ്ങിയ അതിന്റെ അനുബന്ധ ഗ്രൂപ്പുകളും സമാനമായ പ്രവർത്തനങ്ങൾ നടത്തുന്നു.

പതിറ്റാണ്ടുകളായി, വിവിധ സാമൂഹിക, രാഷ്ട്രീയ മേഖലകളിലേക്ക് ആർ‌എസ്‌എസ് ആസൂത്രിതമായി നുഴഞ്ഞുകയറിക്കൊണ്ടിരിക്കുകയാണ്. ബിജെപി ഇപ്പോൾ കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്നതിനാൽ, ഈ പ്രക്രിയക്ക് ഗതിവേഗം വർധിച്ചു. . ആർ‌എസ്‌എസ് അവരുടെ പ്രത്യയശാസ്ത്ര പ്രചാരണത്തിനായി സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും ലക്ഷ്യമിട്ട് ഗ്രൂപ്പുകൾ രൂപീകരിച്ച് പ്രവർത്തിച്ചു വരുന്നു. മുംബൈയിലെ എന്റെ സ്വന്തം പ്രദേശത്ത്, ആർ‌എസ്‌എസ് അടുത്തിടെ ഒരു പിക്നിക് സംഘടിപ്പിച്ചു. ഒരു മുസ്‌ലിം സ്ത്രീ അതിൽ ചേരാൻ താൽപ്പര്യം പ്രകടിപ്പിച്ചപ്പോൾ, പരിപാടിയിലെ ചർച്ചകൾ അവർക്ക് അസ്വസ്ഥത ഉണ്ടാക്കുമെന്ന് സംഘാടകർ അവരോട് നേരിട്ട് പറഞ്ഞു. അതിരാവിലെ വടികളുമായി മാർച്ച് ചെയ്യുന്ന സ്ത്രീകൾ രാഷ്ട്ര സേവിക സമിതിയുടെ പരിശീലന ശാഖയിലേക്കാണ് പോകുന്നതെന്ന് നിരീക്ഷിച്ചപ്പോൾ മനസ്സിലായി.

കഴിഞ്ഞ ഒരു ദശകക്കാലത്തെ ബിജെപി ഭരണത്തിൽ, ആർ‌എസ്‌എസ് അവരുടെ ഹിന്ദു ദേശീയവാദ അജണ്ടകളിൽ പ്രധാനമായവ പലതും വിജയപ്പിക്കുന്നതിൽ മുന്നേറിയിട്ടുണ്ട്. രാമക്ഷേത്രം പൂർത്തിയായി, ആർട്ടിക്കിൾ 370 റദ്ദാക്കി, മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി, ദേശീയ പൗരത്വ രജിസ്റ്റർ (എൻ‌ആർ‌സി) നടപ്പിലാക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചു. വഖ്ഫ് സ്വത്തുക്കളെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ പാർലമെന്റിൽ നടക്കുന്നു(ലേഖകൻ ഇതെഴുതുമ്പോൾ ചർച്ച നടക്കുകയാണ്- വിവർത്തകൻ).

ആർഎസ്എസും ബിജെപിയും തമ്മിൽ അടിസ്ഥാനപരമായി ഒരു അഭിപ്രായവ്യത്യാസവുമില്ലെന്ന് വ്യക്തമാണ്. ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള തന്ത്രത്തെക്കുറിച്ച് ചില്ലറ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം.

നാഗ്പൂർ സന്ദർശന വേളയിൽ, ഹെഡ്‌ഗേവാറിനെയും ഗോൾവാൾക്കറെയും പ്രശംസിച്ചുകൊണ്ട് മോദി പറഞ്ഞു, അവർ രാഷ്ട്രത്തിന് "ശരിയായ പാത കാണിച്ചുതന്നിരിക്കുന്നു" എന്ന്. ഈ പാത എന്താണ്? ഒന്നാമതായി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയ്ക്ക് ഊന്നൽ നൽകിയ ഇന്ത്യയുടെ ദേശീയ പ്രസ്ഥാനത്തിൽനിന്ന് ബോധപൂർവമായ അകലം പാലിക്കുക. രണ്ടാമതായി, തുറന്നു പറയാതെ, മുസ്‌ലിംകളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളും ഹിന്ദു രാഷ്ട്രത്തിന്റെ ശത്രുക്കളാണെന്ന ഗോൾവാൾക്കറുടെ തത്ത്വം മുറുകെ പുണരുക.

2025ലെ ഈദുൽ ഫിത്വർ വേളയിലെ സംഭവങ്ങൾ ഈ പ്രത്യയശാസ്ത്രം പ്രവർത്തി പഥത്തിൽ പ്രതിഫലിച്ചതിൻ്റെ ഉദാഹരണങ്ങളാണ്. ഒരു സംസ്ഥാനത്ത്, ഈദ് പൊതു അവധി ദിവസമായല്ല, മറിച്ച് ഒരു ഐച്ഛിക അവധിയായാണ് പ്രഖ്യാപിച്ചത്. പൊതു ഇടങ്ങളിൽ നമസ്‌കരിക്കുന്നതിനെതിരേ പ്രതിഷേധങ്ങൾ ശക്തമായി. വിശ്വാസികൾക്കെതിരേ പോലിസ് ബലപ്രയോഗം നടത്തി.

ക്രിസ്ത്യാനികളും വർധമാനമായ തോതിൽ ശത്രുത നേരിടുകയാണ്. ഒഡീഷയിൽ, ക്രിസ്ത്യൻ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനു പോലും തടസ്സങ്ങളുണ്ടാക്കി. ബാലസോർ ജില്ലയിൽ, സർന മാജ്ഹി എന്ന ആദിവാസി സംഘടന ഭരണഘടനയുടെ ആർട്ടിക്കിൾ 13(3)(എ) പ്രകാരം, ആദിവാസി ക്രിസ്ത്യാനികൾക്ക് അവരുടെ ഗ്രാമങ്ങളിൽ മരിച്ചവരെ സംസ്‌കരിക്കാൻ അവകാശമില്ലെന്ന് തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. (ബാലസോർ സന്ദർശിച്ച ഒരു സംഘത്തിന്റെ വസ്തുതാന്വേഷണ റിപോർട്ട് ഈ വിഷയം എടുത്തുകാണിക്കുന്നു).

ഇന്ത്യ പുരോഗമിക്കുകയാണെന്ന് മോദി ഇടയ്ക്കിടെ അവകാശപ്പെടുന്നു. ഒരുപക്ഷേ, അദ്ദേഹം ഇത് ആർ‌എസ്‌എസ് പ്രത്യയശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ ഉദ്ദേശിച്ചതായിരിക്കാം. എന്തായാലും രാജ്യത്ത്, സന്തോഷം, മതസ്വാതന്ത്ര്യം, പത്രസ്വാതന്ത്ര്യം, ജനാധിപത്യം, വിശപ്പ് എന്നിവയുടെ സൂചകങ്ങൾ തുടർച്ചയായി ഇടിയുകയാണ്. ഒരുപക്ഷേ, മോദിയെ സംബന്ധിച്ചിടത്തോളം "വികസനം" എന്നാൽ നിയമവാഴ്ചയെ പരിഹസിച്ചുകൊണ്ട് സമ്പത്ത് സമ്പാദിക്കുന്ന ഒരുപിടി വരേണ്യ കുടുംബങ്ങളോ കോടിക്കണക്കിന് ബാങ്ക് വായ്പകൾ തിരിച്ചടയ്ക്കാതെ വിദേശത്തേക്ക് പലായനം ചെയ്തവരോ ആണ്. വാക്കുകളും പ്രവൃത്തികളും തമ്മിലുള്ള അന്തരം വ്യക്തമാണ്.

മോദിയുടെ നാഗ്പൂർ സന്ദർശനത്തിന് വ്യക്തമായ രാഷ്ട്രീയ വിവക്ഷകളുണ്ട്. വോട്ട് നേടുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു രാഷ്ട്രീയ പ്രകടനം മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും പ്രസ്താവനകളും.

കടപ്പാട്: മുസ്‌ലിം മിറർ


Next Story

RELATED STORIES

Share it