Big stories

മുഖ്യമന്ത്രി കാപട്യം വെടിയണം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

പിണറായി വിജയന്‍ വീണ്ടും അധികാരത്തിലെത്തിയത് വോട്ടര്‍മാരുടെ സ്വതന്ത്ര നിലപാടിനേക്കാള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സൃഷ്ടിച്ച സാമുദായിക ധ്രുവീകരണത്തിന്റെ ഫലമാണ്. ന്യൂനപക്ഷ, പിന്നാക്ക ജനതയുടെ സംരക്ഷണത്തിന് കമ്യൂണിസ്റ്റുകളുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സത്യവിരുദ്ധമാണ്. പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങള്‍ നേരിടുന്ന ഏത് വിഷയത്തിലാണ് സംരക്ഷകരായി ഇടതുപക്ഷം ഉണ്ടായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം

മുഖ്യമന്ത്രി കാപട്യം വെടിയണം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
X

കൊച്ചി: അക്രമണോല്‍സുക ഫാഷിസത്തെയും അതിന്റെ ഇരകളെയും സമീകരിക്കുന്ന കാപട്യം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപേക്ഷിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയന്‍ വീണ്ടും അധികാരത്തിലെത്തിയത് വോട്ടര്‍മാരുടെ സ്വതന്ത്ര നിലപാടിനേക്കാള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സൃഷ്ടിച്ച സാമുദായിക ധ്രുവീകരണത്തിന്റെ ഫലമാണ്. ന്യൂനപക്ഷ, പിന്നാക്ക ജനതയുടെ സംരക്ഷണത്തിന് കമ്യൂണിസ്റ്റുകളുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സത്യവിരുദ്ധമാണ്. പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങള്‍ നേരിടുന്ന ഏത് വിഷയത്തിലാണ് സംരക്ഷകരായി ഇടതുപക്ഷം ഉണ്ടായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ആവശ്യപ്പെട്ടു.

സംവരണീയ ജനയത്ക്ക് സാമൂഹിക നീതിയും അധികാര പങ്കാളിത്തവും ഉറപ്പാക്കുന്ന സാമൂഹിക സംവരണത്തെ അട്ടിമറിച്ച് സാമ്പത്തിക സംവരണമെന്ന സവര്‍ണ സംവരണം നടപ്പാക്കിയത് രാജ്യത്ത് ആദ്യമായി കേരളത്തിലെ ഇടതു സര്‍ക്കാരാണ്. ജനങ്ങളെ വര്‍ഗീയമായി വിഭജിക്കുന്നതിന് സംഘപരിവാരം സൃഷ്ടിച്ച ഹലാല്‍ വിവാദത്തില്‍ ഒരേ സമയം പന്നിയിറച്ചി ഉള്‍പ്പെടെ വിതരണം ചെയ്ത് ഡിവൈഎഫ്‌ഐ നടത്തിയ ഫുഡ് ഫെസ്റ്റിന്റെ ഉദ്ദേശ ശുദ്ധി എന്താണെന്ന് വ്യക്തമാക്കാനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

8,000 ത്തിലധികം നിയമനം നടക്കുന്ന ദേവസ്വം ബോര്‍ഡിലേക്കുള്ള നിയമനത്തിന് പ്രത്യേക ബോര്‍ഡ് രൂപീകരിക്കുകയും കേവലം 120 ല്‍ താഴെ ജീവനക്കാരുള്ള വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ് സി ക്കു വിടുന്നതിനു പിന്നിലുള്ള വിവേചനം എളുപ്പം ബോധ്യമാകുന്നതാണ്. പിന്നാക്ക ന്യൂനപക്ഷ ജനതയെ സംരക്ഷിക്കാന്‍ തങ്ങളുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കോഴിയെ സംരക്ഷിക്കാന്‍ താനുണ്ടെന്ന കുറുക്കന്റെ അവകാശവാദം പോലെയാണെന്നും അദ്ദേഹം പരിഹസിച്ചു. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, സംസ്ഥാന സമിതിയംഗം അന്‍സാരി ഏനാത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it