Big stories

സുരേന്ദ്രന്‍ പെരുംനുണകള്‍ ആവര്‍ത്തിച്ച് വംശഹത്യയ്ക്ക് കോപ്പുകൂട്ടുന്നു: എസ്ഡിപിഐ

സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനങ്ങള്‍ നടത്തി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, അജ്മല്‍ ഇസ്മായീല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

സുരേന്ദ്രന്‍ പെരുംനുണകള്‍ ആവര്‍ത്തിച്ച് വംശഹത്യയ്ക്ക് കോപ്പുകൂട്ടുന്നു: എസ്ഡിപിഐ
X

കൊച്ചി: ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പെരുംനുണകള്‍ ആവര്‍ത്തിച്ച് വംശഹത്യയ്ക്ക് കോപ്പുകൂട്ടുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, അജ്മല്‍ ഇസ്മായീല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനങ്ങള്‍ നടത്തി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. തൃത്താലയില്‍ നിന്നെത്തിയ ആംബുലന്‍സിനെ ചേര്‍ത്ത് നുണക്കഥകള്‍ പ്രചരിപ്പിച്ചു. അവസാനം ഷാന്‍ വധക്കേസിലെ പ്രതികളെ രക്ഷിച്ചത് ആര്‍എസ്എസ്സിന്റെ സേവാഭാരതി ആംബുലന്‍സിലാണെന്ന് പോലിസ് കണ്ടെത്തുകയും ഡ്രൈവറെ അറസ്റ്റുചെയ്യുകയുമായിരുന്നു.

ഏതാനും മാസം മുമ്പ് പറവൂരില്‍ മുസ് ലിം ഭൂരിപക്ഷ പ്രദേശത്ത് ആംബുലന്‍സില്‍ തോക്കുകളുമായെത്തിയ ആര്‍എസ്എസ്സുകാരെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. എസ്ഡിപിഐക്കാര്‍ ക്ഷേത്രങ്ങളെ ആക്രമിച്ചെന്ന കള്ളക്കഥയും സുരേന്ദ്രന്‍ പ്രചരിപ്പിക്കുകയാണ്. ക്ഷേത്ര ആക്രമണക്കേസില്‍ ഏതെങ്കിലും എസ്ഡിപിഐക്കാരന് പങ്കുണ്ടോയെന്ന് തെളിയിക്കാന്‍ കെ സുരേന്ദ്രനെ നേതാക്കള്‍ വെല്ലുവിളിച്ചു. കേരളത്തില്‍ ക്ഷേത്രം ആക്രമിച്ച കേസിലും മാലിന്യമെറിഞ്ഞ കേസിലും അറസ്റ്റിലായത് സംഘപരിവാറുകാരാണ്. കളളപ്പണത്തിന്റെ സൂത്രധാരനായ സുരേന്ദ്രന്‍ കേന്ദ്ര ഏജന്‍സിയെ അന്വേഷണത്തിന് ക്ഷണിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ കള്ളപ്പണമൊഴുക്കി ജനാധിപത്യത്തെ അട്ടിമറിക്കാനാണ് സുരേന്ദ്രന്‍ ശ്രമിച്ചതെന്നും നേതാക്കള്‍ പറഞ്ഞു.

ആലപ്പുഴയില്‍ നടന്ന ഇരട്ട കൊലപാതകക്കേസില്‍ പക്ഷപാതപരമായാണ് പോലിസ് പെരുമാറുന്നത്. ഒരു വിഭാഗത്തിന്റെ മാത്രം വീടുകളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. നിരപരാധികളെ സ്‌റ്റേഷനിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിക്കുന്നു. ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് യുവാവിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ തെളിയിച്ചാല്‍ രാജിവെക്കുമെന്ന വിജയ് സാഖറെയുടെ പ്രസ്താവന അപഹാസ്യമാണ്. തെളിയിച്ചാല്‍ പ്രതികളായ പോലിസുകാരെ സര്‍വ്വീസില്‍ നിന്നു പുറത്താക്കുമെന്നു പറയാനുള്ള ആര്‍ജ്ജവം അദ്ദേഹത്തിനും ആഭ്യന്തരവകുപ്പിനും ഇല്ലാതെ പോയി. സംസ്ഥാന പോലിസ് മേധാവി വംശവെറിയനായ ടി പി സെന്‍കുമാറും ജില്ലാ പോലീസ് മേധാവി പി എന്‍ ഉണ്ണിരാജയും വിരമിച്ച ശേഷം ആര്‍എസ്എസ് എന്ന ഭീകരസംഘടനയുടെ ഭാഗമായി മാറുകയായിരുന്നു.

അത്തരം പോലിസുകാര്‍ പ്രവര്‍ത്തിച്ച സേനയില്‍ ഇപ്പോള്‍ ജയ്ശീറാം വിളിപ്പിക്കാന്‍ ശ്രമിച്ചു എന്നതില്‍ വലിയ അതിശയോക്തി ഇല്ലെന്നും എസ്ഡിപി ഐ നേതാക്കള്‍ പറഞ്ഞു. ഷാനെ വെട്ടിക്കൊന്ന അന്നുരാത്രി ചേര്‍ത്തലയിലും വയലാറിലും ഉള്‍പ്പെടെ എസ്ഡിപിഐ പ്രവര്‍ത്തകരുടെ നിരവധി വീടുകളും കടകളും ആക്രമിക്കപ്പെട്ടു. ഒരു വീട്ടിലേക്ക് സ്‌ഫോടക വസ്തുക്കളെറിഞ്ഞു. ആ സമയം സംഘപിരവാര നേതാക്കളുടെ വീടുകള്‍ക്ക് പോലിസ് കാവല്‍ നില്‍ക്കുകയായിരുന്നു എന്നാണ് ഉന്നത പോലിസ് ഉദ്യോഗസ്ഥ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഷാനെ വെട്ടിയ ഉടന്‍ തന്നെ പോലിസ് പരിശോധന കര്‍ശനമാക്കിയിരുന്നെങ്കില്‍ പ്രതികളെ കൈയോടെ പിടികൂടാമായിരുന്നെന്നും നേതാക്കള്‍ വ്യക്തമാക്കി.

എസ്ഡിപിഐ ആവശ്യപ്പെടുന്നതു പോലെയല്ലെങ്കിലും കോടിയേരി പറഞ്ഞതനുസരിച്ചെങ്കിലും വല്‍സന്‍ തില്ലങ്കേരിക്കെതിരേ കേസെടുക്കാന്‍ പോലിസ് തയ്യാറാവണം. പോലിസിന്റെ അതിക്രമങ്ങള്‍ തുടരുകയാണെങ്കില്‍ സ്ത്രീകളെയും കുട്ടികളെയും അണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it