Big stories

എൻറെ ജനതയെ ക്രൂരമായി അടിച്ചമർത്തുന്നതിൽ പങ്കാളിയാകാൻ കഴിയില്ല; ഷെഹ്‌ല റാഷിദ് തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിച്ചു

മുഖ്യധാരയിൽ ആയിരിക്കുക എന്നതിനർത്ഥം ജനങ്ങളുടെ അടിസ്ഥാന താൽപര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യുകയാണെങ്കിൽ, ഒരാൾക്ക് അത്തരമൊരു മുഖ്യധാരയുടെ ഭാഗമാകാൻ കഴിയില്ല. ജമ്മു കശ്മീരിലെ യുവാക്കൾ മുഖ്യധാരയിലേക്ക് വരണമെന്ന് ഭരണകൂടം ശരിക്കും ആഗ്രഹിക്കുന്നുവെങ്കിൽ, ജനങ്ങൾക്ക് നീതി ലഭ്യമാക്കുവാൻ കഴിവുള്ളതാണ് ആ ഭരണകൂടമെന്ന് ആദ്യം അവർ തന്നെ തെളിയിക്കേണ്ടതുണ്ട്

എൻറെ ജനതയെ ക്രൂരമായി അടിച്ചമർത്തുന്നതിൽ പങ്കാളിയാകാൻ കഴിയില്ല; ഷെഹ്‌ല റാഷിദ് തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിച്ചു
X

ശ്രീനഗർ: ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഷെഹ്‌ല റാഷിദ് തിരഞ്ഞെടുപ്പ് രാഷ്‌ട്രീയം അവസാനിപ്പിച്ചു. ഇന്ന് ട്വിറ്ററിലൂടെയാണ് ഷെഹ്‌ല ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വരാനിരിക്കുന്ന കശ്മീർ തദ്ദേശ തിരഞ്ഞെടുപ്പ് തട്ടിപ്പാണെന്നും കശ്മീരിൽ നടക്കുന്ന അടിച്ചമർത്തലിനെ ഇത് നിയമാനുസൃതമാക്കുമെന്നും ആരോപിച്ചാണ് പ്രഖ്യാപനമെന്നും അവർ പറഞ്ഞു.

കശ്മീരിലെ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ഷാ ഫൈസൽ സ്ഥാപിച്ച ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെന്റിലെ അംഗമാണ് റാഷിദ്. ജമ്മു കശ്മീരിലെ ബ്ലോക്ക് ഡവലപ്മെൻറ് കൗൺസിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മാറുവാൻ തീരുമാനമെടുക്കാൻ തന്നെ നിർബന്ധിതയാക്കിയെന്ന് അവർ പറയുന്നു.

കശ്മീരിൽ രണ്ട് മാസത്തിലേറെക്കാലമായി സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട് ജനങ്ങൾ കഴിയുന്നു. ആംബുലൻസും മറ്റ് അടിയന്തിര സേവനങ്ങളും ലഭിക്കാനുള്ള മാർഗങ്ങൾ ജനങ്ങൾക്ക് നഷ്ടപ്പെട്ടു. ഇന്ത്യൻ സർക്കാർ കശ്മീരിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് തുടരുകയാണ്. ഈ സാഹചര്യത്തിൽ ബ്ലോക്ക് ഡവലപ്മെൻറ് കൗൺസിലിലേക്ക് തിരഞ്ഞെടുപ്പ് നടത്താൻ പോകുന്നു. കശ്മീർ സ്വാഭാവികാവസ്ഥയിലാണെന്ന് കാണിക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന ശ്രമമാണിത്.

എൻറെ ജനതയെ ക്രൂരമായി അടിച്ചമർത്തുന്നത് നിയമാനുസൃതമാക്കുന്നതിൽ പങ്കാളിയാകാൻ കഴിയില്ല. മുഖ്യധാരയിൽ ആയിരിക്കുക എന്നതിനർത്ഥം ജനങ്ങളുടെ അടിസ്ഥാന താൽപര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യുകയാണെങ്കിൽ, ഒരാൾക്ക് അത്തരമൊരു മുഖ്യധാരയുടെ ഭാഗമാകാൻ കഴിയില്ല. ജമ്മു കശ്മീരിലെ യുവാക്കൾ മുഖ്യധാരയിലേക്ക് വരണമെന്ന് ഭരണകൂടം ശരിക്കും ആഗ്രഹിക്കുന്നുവെങ്കിൽ, ജനങ്ങൾക്ക് നീതി ലഭ്യമാക്കുവാൻ കഴിവുള്ളതാണ് ആ ഭരണകൂടമെന്ന് ആദ്യം അവർ തന്നെ തെളിയിക്കേണ്ടതുണ്ട്. താൻ ഒരു ആക്ടിവിസ്റ്റായി തുടരുമെന്നും ഒത്തുതീർപ്പ് ആവശ്യമില്ലാത്ത എല്ലാ മുന്നണികളിലും അനീതിക്കെതിരേ ശബ്ദമുയർത്തുമെന്നും റാഷിദ് പറഞ്ഞു.

Next Story

RELATED STORIES

Share it