Big stories

സീതാറാം യെച്ചൂരി അന്തരിച്ചു

സീതാറാം യെച്ചൂരി അന്തരിച്ചു
X

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി(72) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ദിവസങ്ങളായി ചികില്‍സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് അന്ത്യം. മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് നേതാവും സംഘപരിവാരത്തിനെതിരായ സൈദ്ധാന്തിക പോരാട്ടത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന എഴുത്തുകാരനും ഇന്‍ഡ്യ സഖ്യ രൂപീകരണത്തിലെ പ്രധാനിമായിരുന്നു യെച്ചൂരി. ഇന്ത്യന്‍ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ ജനകീയ മുന്നേറ്റങ്ങള്‍ക്കായി പാകപ്പെടുത്താനുള്ള രാഷ്ട്രീയവും സംഘടനാപരവുമായ ഉത്തരവാദിത്തം ആത്മാര്‍ഥമായി നിര്‍വഹിച്ച നേതാക്കളിലൊരാളായിരുന്നു. സംഘപരിവാരത്തെയും ഹിന്ദുത്വ ഫാഷിസത്തെയും നിശിതമായി വിമര്‍ശിക്കുന്ന നിരവധി ലേഖനകങ്ങളും പുസ്‌കങ്ങളും എഴുതിയിട്ടുണ്ട്.

1952 ആഗസ്ത് 12ന് സര്‍വേശ്വര സോമയാജി യെച്ചൂരി-കല്‍പ്പകം യെച്ചൂരി ദമ്പതികളുടെ മകനായാണ് ജനിച്ചത്. ചെന്നൈയിലെ പ്രസിഡന്റ്‌സ് എസ്‌റ്റേറ്റ് സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറിക്ക് പഠിക്കുമ്പോള്‍ സിബിഎസ്‌സി പരീക്ഷയില്‍ രാജ്യത്ത് ഒന്നാംറാങ്ക് നേടി. തുടര്‍ന്ന് ഡല്‍ഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ ബിഎ ഓണേഴ്‌സ് പഠനം. ജെഎന്‍യുവില്‍ നിന്നാണ് എംഎ പൂര്‍ത്തിയാക്കിയത്.

രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളിലൊന്നായ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥിയായിരിക്കെ 1974ലാണ് എസ്എഫ്‌ഐ അംഗമായത്. അടിയന്തിരാവസ്ഥ കാലത്ത് ഏറെക്കാലം ഒളിവില്‍കഴിഞ്ഞിരുന്നു. 1975ല്‍ അറസ്റ്റിലായി. അടിയന്തിരാവസ്ഥയ്ക്ക് ശേഷം ജെഎന്‍ യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1978ല്‍ എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായി. 1975ലാണ് സിപിഎം അംഗമായത്. 1985ല്‍ 12ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്രകമ്മിറ്റി അംഗമായി. പി സുന്ദരയ്യ, ഇ എം എസ്, ബി ടി ആര്‍, ഹര്‍കിഷന്‍ സിങ് സുര്‍ജിത്, ബസവ പുന്നയ്യ, ജ്യോതിബസു തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. 1992ല്‍ നടന്ന 14ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് പൊളിറ്റ്ബ്യൂറോയിലെത്തിയത്.

2005മുതല്‍ 2017 വരെ പശ്ചിമ ബംഗാളില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു. ജനകീയ പ്രശ്‌നങ്ങളിലും ഹിന്ദുത്വ വര്‍ഗീയതയ്ക്കും നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കുമെതിരേ പാര്‍ലമെന്റിനുള്ളിലും പുറത്തും മികച്ച ഇടപെടലുകള്‍ നടത്തി.

1996ലെ ഐക്യമുന്നണി സര്‍ക്കാരിന്റെയും 2004ലെ ഒന്നാം യുപിഎ സര്‍ക്കാരിന്റെയും രൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ച യെച്ചൂരി യുപിഎ-ഇടതുപക്ഷ ഏകോപനസമിതി അംഗമായിരുന്നു. മോദിസര്‍ക്കാരിന്റെ അമിതാധികാര വാഴ്ചക്കെതിരേ പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കുന്നതിലും ഇന്‍ഡ്യ മുന്നണി രൂപീകരണത്തിലും സജീവമായ പങ്കാളിയാണ്.

2015ല്‍ വിശാഖപട്ടണത്ത് നടന്ന 21ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് സീതാറാം യെച്ചൂരി ആദ്യമായി സിപിഎം ജനറല്‍ സെക്രട്ടറിയായത്. പിന്നീട് ഹൈദരാബാദ്, കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ വീണ്ടും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ്, വാട്ട് ഈസ് ഹിന്ദു രാഷ്ട്ര, സോഷ്യലിസം ഇന്‍ ട്വന്റിഫസ്റ്റ് സെഞ്ച്വറി, കമ്യൂണലിസം വേഴ്‌സസ് സെക്യുലറിസം തുടങ്ങിയ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, ബംഗാളി ഭാഷകളില്‍ പാണ്ഡിത്യമുള്ള യെച്ചൂരി നിരവധി ആനുകാലികങ്ങളിലും പത്രങ്ങളിലും ലേഖനങ്ങളെഴുതിയിട്ടുണ്ട്.

പ്രമുഖ മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സീമാ ചിസ്തിയാണ് ഭാര്യ. യുകെയില്‍ സര്‍വകലാശാല അധ്യാപികയായ അഖില യെച്ചൂരി, മാധ്യമപ്രവര്‍ത്തകനായിരുന്ന പരേതനായ ആശിഷ് യെച്ചൂരി എന്നിവരാണ് മക്കള്‍.

Next Story

RELATED STORIES

Share it