Big stories

താലിബാനെ 'ന്യായീകരിച്ച്' സാമൂഹികമാധ്യമ പോസ്റ്റ്: അസമില്‍ യുഎപിഎ ചുമത്തിയ 16ല്‍ 14 പേര്‍ക്കും ജാമ്യം; തടവില്‍ വയ്ക്കാന്‍ മതിയായ കാരണമില്ലെന്നും കോടതികള്‍

താലിബാനെ ന്യായീകരിച്ച് സാമൂഹികമാധ്യമ പോസ്റ്റ്: അസമില്‍ യുഎപിഎ ചുമത്തിയ 16ല്‍ 14 പേര്‍ക്കും ജാമ്യം; തടവില്‍ വയ്ക്കാന്‍ മതിയായ കാരണമില്ലെന്നും കോടതികള്‍
X

ഗുവാഹത്തി: താലിബാനെ 'ന്യായീക'രിച്ചും 'പ്രകീര്‍ത്തിച്ചും' സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകളിട്ടു എന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ 16ല്‍ 14 പേര്‍ക്കും വിവിധ കോടതികള്‍ ജാമ്യമനുവദിച്ചു. അറസ്റ്റ് ചെയ്യപ്പെട്ട 16 പേരില്‍ ഒരാളൊഴികെ എല്ലാവര്‍ക്കുമെതിരേ യുഎപിഎ പ്രകാരമാണ് കേസെടുത്തത്. അതേസമയം അറസ്റ്റിലായവരെ ജയിലില്‍ ഇടാന്‍ മതിയായ കാരണങ്ങളില്ലെന്നും കോടതികള്‍ നിരീക്ഷിച്ചു.

താലിബാന്‍ അഫാഗാനില്‍ ഭരണമേറ്റെടുത്ത ശേഷം സാമൂഹിക മാധ്യമങ്ങളില്‍ വിവിധ രീതിയില്‍ പോസ്റ്റിട്ടവര്‍ക്കെതിരേയാണ് അസം പോലിസ് കടുത്ത കുറ്റം ചുമത്തി കേസെടുത്തത്.

ആഗസ്ത് 21നാണ് അസം പ്രത്യേക ഡിജിപി(ക്രമസമാധാനം) ജി പി സിങ് 14 പേരെ താലിബാനെ പിന്തുണച്ചുവെന്നാരോപിച്ച് അറസ്റ്റ് ചെയ്തതായി അറിയിച്ചത്. അടുത്ത ദിവസം രണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്തു. പേടി കൂടാതെയും സ്വജനപക്ഷപാതമില്ലാതെയും നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഹേമന്ദ് ബിശ്വാസ് ശര്‍മ ആഹ്വാനം ചെയ്തതിനു തൊട്ടുപിന്നാലെയായിരുന്നു എല്ലാ അറസ്റ്റുകളും. ആ കേസുകളാണ് കോടതികളിലാണ് ജയിലിലിടാന്‍ മതിയായ കാരണമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.

ജാമ്യം നല്‍കാന്‍ കോടതികള്‍ക്ക് അധികാരമുണ്ടെന്ന് ഡിജിപി ജി പി സിങ് പ്രതികരിച്ചു.

ജാമ്യം ലഭിച്ചവരില്‍ എഐയുഡിഎഫ് ജനറല്‍ സെക്രട്ടറിയും ജംഇയ്യത്ത് സംസ്ഥാന സെക്രട്ടറിയുമായ മൗലാന ഫസലുല്‍ കരിം കാസ്മി(49) ഉള്‍പ്പെടുന്നു. ദറാങ് ജില്ലയിലെ സിപാജ്ഹറില്‍ നിന്നുള്ള അദ്ദേഹത്തിന് ഒക്ടോബര്‍ 6നാണ് ഗുവാഹത്തി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ കേസെടുക്കാനുള്ള ഒന്നുമില്ലെന്ന് കോടതി നിരീക്ഷിച്ചു.

കേസിനാസ്പദമാക്കിയ പോസ്റ്റ് പ്രതിചേത്തയാള്‍ എഴുതിയതാണെങ്കിലും മറ്റ് കുറ്റകരമായ കാരണങ്ങളില്ലാതെ ഇതിന്റെ പേരില്‍ ഇത്തരമൊരു കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. തുടര്‍ന്നാണ് അദ്ദേഹത്തിന് ജഡ്ജി സുമന്‍ ശ്യാം ജാമ്യം അനുവദിച്ചത്.

അസം പോലിസിലെ കോണ്‍സ്റ്റബിള്‍ സെയ്ദുല്‍ ഹക്കിന് സപ്തംബര്‍ 22നാണ് ജാമ്യം ലഭിച്ചത്. താലിബാനെ അഭിനന്ദിച്ച് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിട്ടുവെന്നാണ് അദ്ദേഹത്തിനെതിരേയുണ്ടായിരുന്ന കേസ്. ഭീകരസംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നാണ് പോസ്റ്റിട്ട ആളുടെ ഉദ്ദേശ്യമെന്നും എഫ്‌ഐആര്‍ ചൂണ്ടിക്കാട്ടി. യുഎപിഎ പ്രകാരം കേസെടുക്കാനുള്ള ഒന്നും ഇതുവരെയും പോലിസിന് ഹാജരാക്കാനായിട്ടില്ലെന്നും അതു കൊണ്ട് ജാമ്യം നല്‍കുകയാണെന്നും കേസ് പരിഗണിച്ച കാംരൂപ് സെഷന്‍സ് കോടതി ഉത്തരവിട്ടു.

പല കേസുകളും എന്തെങ്കിലും കുറ്റകരമായ ഉദ്ദേശ്യത്തോടെയായിരുന്നില്ലെന്നും യുഎപിഎ പ്രകാരം കേസെടുക്കാനുള്ള ഒരു കാരണവും ഉണ്ടായിരുന്നില്ലെന്നും ഈ കേസുകളുമായി അടുത്ത് ബന്ധമുള്ള ഗുവാഹത്തി അഭിഭാഷകന്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു.

ജാവേദ് ഹുസൈന്‍ മസുന്ദര്‍ (30), ഫാറൂക്ക് ഹുസൈന്‍ ഖാന്‍ (32), മോസിദുല്‍ ഇസ് ലാം (25), അര്‍മാന്‍ ഹുസൈന്‍ (25), മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ നാദിം അക്തര്‍ ലസ്‌കര്‍ (23), ബസിറുദ്ദീന്‍ ലസ്‌കര്‍ (65), മഖ്ബൂല്‍ ആലം എന്നിവര്‍ക്കാണ് വിവിധ കോടതികളില്‍ നിന്ന് ജാമ്യം ലഭിച്ചത്. പലര്‍ക്കും തുടക്കത്തില്‍ തന്നെ ജാമ്യം ലഭിച്ചു. മറ്റു ചിലര്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കി.

മിക്ക കേസുകളിലും ജയിലിലിടാന്‍ മാത്രം കാരണം കാണുന്നില്ലെന്നായിരുന്നു കോടതികളുടെ പ്രതികരണം.

കോച്ചിങ് സെന്ററില്‍ അധ്യാപകനായ അബുബക്കര്‍ സിദ്ദിഖിന്റെ(55) കേസില്‍ 47 ദിവസമായിട്ടും കേസ് ഡയറി ലഭിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. അദ്ദേഹത്തിനു ജാമ്യം ലഭിച്ചു.

അറസ്റ്റിലായി ജാമ്യം ലഭിച്ചവരില്‍ അധ്യാപകനും മാധ്യമപ്രവര്‍ത്തകനുമായ റഫിക്കുല്‍ ഇസ് ലാമും(26) ഉള്‍പ്പെടുന്നു.

അറസ്റ്റിലായ മുജീബ് ഉദ്ദിന്‍(24) കരിംഗഞ്ചില്‍ നിന്നുള്ള അധ്യാപകനാണ്. മോര്‍ട്ടുസ ഹുസൈന്‍ ഖാന്‍(18) ബികോം വിദ്യാര്‍ത്ഥിയാണ്. ഇരുവര്‍ക്കും ജാമ്യം ലഭിച്ചു.

മതപണ്ഡിതനായ യാസീന്‍ ഖാനെതിരേ മാത്രമാണ് യുഎപിഎ ഒഴിവാക്കിയത്. അദ്ദേഹത്തിന് സപ്തംബര്‍ 15നു തന്നെ ജാമ്യം അനുവദിച്ചു.

കേസുകളില്‍ രണ്ട് പേര്‍ക്കാണ് ജാമ്യം ലഭിക്കാനുള്ളത്. ഖണ്ഡകര്‍ നൂര്‍ അലോമിനും(57) സയ്യദ് അഹ്മദിനും(റിക്ഷാക്കാരന്‍). ഇവരുടെ ജാമ്യാപേക്ഷ ധുബ്രി സെഷന്‍സ് കോടതി തള്ളി. ഒക്ടോബര്‍ 22നാണ് അടുത്ത ഹിയറിങ്. അന്ന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അഭിഭാഷര്‍.

Next Story

RELATED STORIES

Share it