Big stories

ശ്രീലങ്കയിലെ സംഘര്‍ഷങ്ങള്‍ക്ക് അല്‍പം അയവ്; കര്‍ഫ്യൂ പിന്‍വലിച്ചു

ശ്രീലങ്കയിലെ സംഘര്‍ഷങ്ങള്‍ക്ക് അല്‍പം അയവ്; കര്‍ഫ്യൂ പിന്‍വലിച്ചു
X

കൊളംബോ: രാജ്യത്ത് വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കൊളംബോയുടെ വിവിധ മേഖലകളില്‍ കഴിഞ്ഞ ദിസമുണ്ടായ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തി കര്‍ഫ്യൂ പിന്‍വലിച്ചു. സംഘര്‍ഷങ്ങള്‍ക്ക് അയവുവന്നുവെന്ന് കണ്ടതോടെയാണ് കര്‍ഫ്യൂ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നാണ് റിപോര്‍ട്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് കര്‍ഫ്യൂ പിന്‍വലിച്ചതെന്ന് പോലിസ് വക്താവ് എസ്എസ്പി നിഹാല്‍ തല്‍ദുവയെ ഉദ്ധരിച്ച് ഡെയ്‌ലി മിറര്‍ റിപോര്‍ട്ട് ചെയ്തു.

കൊളംബോ നോര്‍ത്ത്, സൗത്ത്, കൊളംബോ സെന്‍ട്രല്‍, നുഗെഗോഡ, മൗണ്ട് ലാവിനിയ, കെലാനിയ എന്നീ പോലിസ് ഡിവിഷനുകളിലാണ് ഇന്നലെ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. പ്രസിഡന്റിന്റെ വസതിക്ക് മുന്നിലടക്കം വന്‍ സംഘര്‍ഷമുണ്ടായതിനാല്‍ സൈന്യം കടുത്ത ജാഗ്രതയിലാണ്. ആയിരത്തോളം പേരാണ് രാത്രി 'ഗോ ഹോം ഗോട്ട' മുദ്രാവാക്യവുമായി പ്രസിഡന്റിന്റെ വീടുവളഞ്ഞത്. രംഗം ശാന്തമാക്കാന്‍ പോലിസും പ്രത്യേക ദൗത്യസേനയും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് കരസേനയുടെയും നാവികസേനയുടെയും സഹായം തേടിയാണ് നഗരത്തിലെ മിരിഹാനയിലുള്ള പ്രസിഡന്റിന്റെ വസതിക്ക് സുരക്ഷ ഉറപ്പാക്കിയത്.

പ്രസിഡന്റിന്റെ വസതിക്ക് സമീപം ഇന്നലെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത ഒരു സ്ത്രീ ഉള്‍പ്പെടെ 45 പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. പ്രതിഷേധത്തിനിടെ പരിക്കേറ്റ പോലിസും എസ്ടിഎഫ് ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ 50 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 31 പേരെ കൊളംബോ നാഷനല്‍ ഹോസ്പിറ്റലിലും (സിഎന്‍എച്ച്) ബാക്കിയുള്ളവരെ കലുബോവിലയിലെ കൊളംബോ സൗത്ത് ടീച്ചിങ് ഹോസ്പിറ്റലിലുമാണ് പ്രവേശിപ്പിച്ചത്.

പ്രതിഷേധത്തിനിടെ സൈനിക ബസ്, ജീപ്പ്, മുച്ചക്ര വാഹനം, രണ്ട് ട്രാഫിക് മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കത്തിച്ചതായി പോലിസ് വക്താവ് പറഞ്ഞു. അറസ്റ്റിലായവരെ നുഗേഗോഡ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് ഡെയ്‌ലി മിറര്‍ റിപോര്‍ട്ട് ചെയ്യുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് വലയുന്നതിനിടെ 12 മണിക്കൂര്‍ പവര്‍ക്കട്ടുകൂടി ഏര്‍പ്പെടുത്തിയതോടെയാണ് ജനം തെരുവിലിറങ്ങിയത്. ഡീസല്‍ ക്ഷാമം കടുത്തതോടെയാണ് പവര്‍ക്കട്ട് ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. മണ്ണെണ്ണ, പാചക വാതകം, മരുന്ന് എന്നിവയ്ക്കും കടുത്ത ക്ഷാമം അനുവപ്പെടുന്നുണ്ട്.

Next Story

RELATED STORIES

Share it