Big stories

സുബൈര്‍ വധം:മൂന്ന് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ശരവണന്‍, ആറുമുഖന്‍, രമേശ് എന്നീ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ് അറസ്റ്റിലായത്

സുബൈര്‍ വധം:മൂന്ന് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
X

പാലക്കാട്: എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയിലെടുത്ത മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ശരവണന്‍, ആറുമുഖന്‍, രമേശ് എന്നീ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.സഞ്ജിത്തിന്റെ കൊലപാതകമാണ് സുബൈറിന്റെ കൊലയ്ക്ക് കാരണമായതെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു.

പിടിയിലായ രമേശ് സഞ്ജിത്തിന്റെ ഉറ്റ സുഹൃത്താണ്. സഞ്ജിത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ സുബൈര്‍ ഉത്തരവാദിയാണെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് രമേശ് മൊഴി നല്‍കിയതായി എഡിജിപി വിജയ് സാഖറെ പറഞ്ഞു.പ്രതികളെ കോടതിയില്‍ ഹാജരാക്കി കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങുമെന്നും,കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

സുബൈറിനെ കൊലപ്പെടുത്താനുള്ള ശ്രമം മുമ്പും ഉണ്ടായിരുന്നതായി പോലിസ് പറഞ്ഞു.സുബൈറിന് നേരെ പ്രതികള്‍ രണ്ടുവട്ടം കൊലപാതക ശ്രമം നടത്തിയിരുന്നെങ്കിലും പോലിസ് പട്രോളിംഗ് ഉണ്ടായതിനാല്‍ ശ്രമം ഉപേക്ഷിച്ചെന്നും പ്രതികള്‍ മൊഴി നല്‍കി.ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് സംഘാംഗങ്ങളെ കുറിച്ചും പോലിസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ വലയിലാക്കാനായത്.

ഇന്നലെ രഹസ്യകേന്ദ്രത്തില്‍ മണിക്കൂറുകളോളം ഇവരെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യാനായി കസ്റ്റഡിയിലുള്ള മറ്റുള്ളവരുടെ അറസ്റ്റും വൈകാതെ ഉണ്ടാകും. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികള്‍ നാടു വിട്ടു എന്നാണ് പോലിസ് കരുതുന്നത്. സംസ്ഥാനത്തിന് പുറത്തും അന്വേഷണം വ്യാപിക്കുന്നുണ്ട്. ഇന്ന് ജില്ലാ പോലിസ് മേധാവി അന്വേഷണ പുരോഗതി വ്യക്തമാക്കാന്‍ മാധ്യമങ്ങളെ കാണും. എഡിജിപി വിജയ് സാഖറെയും ജില്ലയില്‍ കാംപ് ചെയ്യുന്നുണ്ട്.

Next Story

RELATED STORIES

Share it