Big stories

യുപി സര്‍ക്കാരിനു കനത്ത തിരിച്ചടി, ഡോ. കഫീല്‍ ഖാന് ആശ്വാസം; എന്‍എസ് എ പിന്‍വലിച്ചതിനെതിരേ നല്‍കിയ അപ്പീല്‍ സുപ്രിംകോടതി തള്ളി

യുപി സര്‍ക്കാരിനു കനത്ത തിരിച്ചടി, ഡോ. കഫീല്‍ ഖാന് ആശ്വാസം; എന്‍എസ് എ പിന്‍വലിച്ചതിനെതിരേ നല്‍കിയ അപ്പീല്‍ സുപ്രിംകോടതി തള്ളി
X
ന്യൂഡല്‍ഹി: യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപി സര്‍ക്കാരിനു സുപ്രിംകോടതിയില്‍ നിന്നു കനത്ത തിരിച്ചടി. ഡോ. കഫീല്‍ ഖാനെതിരേ അന്യായമായി ചുമത്തിയ ദേശീയ സുരക്ഷാ നിയമം(എന്‍എസ്എ) റദ്ദാക്കിയതിനെതിരേ യുപി സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രിംകോടതി തള്ളി. എന്‍എസ്എ റദ്ദാക്കിക്കൊണ്ട് അലഹബാദ് കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയ ഹരജിയാണ് സുപ്രിംകോടതി തള്ളിയത്. ഇതൊരു നല്ല ഉത്തരവാണെന്നു ഡോ. കഫീന്‍ ഖാല്‍ ട്വീറ്റ് ചെയ്തു.

അലിഗഡ് സര്‍വകലാശാലയിലെ പരിപാടിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രസംഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോ. കഫീല്‍ ഖാനെതിരെ ദേശസുരക്ഷ നിയമം ചുമത്തിയിരുന്നത്. ഇത് അലഹാബാദ് ഹൈക്കോടതി റദ്ദാക്കുകയും നിയമവിരുദ്ധമായാണ് കഫീല്‍ ഖാനെ തടവിലിട്ടിരിക്കുന്നതെന്നും ഉടന്‍ മോചിപ്പിക്കണമെന്നും നിര്‍ദേശിച്ചിരുന്നെങ്കിലും യുപി സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയായിരുന്നു. എന്‍എസ്എ ചുമത്തിയാല്‍ സര്‍ക്കാര്‍ അനുമതിയുണ്ടെങ്കില്‍ 12 മാസം വരെ കുറ്റം ചുമത്താതെ തടവിലിടാന്‍ സാധിക്കും.

എന്‍എസ്എ ചുമത്തിയ ശേഷം മൂന്നുതവണ ഡോ. കഫീല്‍ ഖാന്റെ തടവ് കാലാവധി നീട്ടിയിരുന്നു. രണ്ടാംതവണ നീട്ടിയ പരിധി ആഗസ്ത് 13ന് അവസാനിച്ചിരുന്നു. ഇതിനെതിരേ കഫീല്‍ ഖാന്റെ മാതാവ് കോടതിയെ സമീപിച്ചപ്പോഴാണ് അലഹബാദ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. ഇക്കഴിഞ്ഞ ഡിസംബറിലാണ് കഫീല്‍ ഖാന്‍ വിവാദ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് യുപി പോലിസ് കേസെടുത്തത്. ജനുവരിയില്‍ മുംബൈയിലെത്തിയ യുപി പോലിസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യം ലഭിച്ച് പുറത്തിറങ്ങാനിരിക്കെ ഫെബ്രുവരിയില്‍ എന്‍എസ്എ ചുമത്തുകയും പിന്നീട് തടവ് സര്‍ക്കാര്‍ തുടര്‍ച്ചയായി നീട്ടുകയായിരുന്നു. ഒടുവില്‍ എട്ടുമാസത്തെ ജയില്‍ വാസത്തിനു ശേഷം ഇക്കഴിഞ്ഞ സപ്തംബര്‍ രണ്ടിനാണു മോചിതനായത്. നേരത്തേ യുപിയിലെ ഗൊരഖ്പുര്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളജില്‍ ശിശുരോഗ വിദഗ്ധനായിരുന്ന ഡോ. കഫീല്‍ ഖാന്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് കുട്ടികള്‍ മരിച്ച സംഭവം പുറംലോകത്തെത്തിച്ചതോടെ യുപി സര്‍ക്കാര്‍ വേട്ടയാടുകയാണ്.

Supreme Court dismisses UP govt appeal against Allahabad HC order on Kafeel Khan



Next Story

RELATED STORIES

Share it