Latest News

എം കെ ഫൈസിയെ നിരുപാധികം വിട്ടയക്കുക; ഐക്യദാര്‍ഢ്യ സംഗമം നടത്തി

എം കെ ഫൈസിയെ നിരുപാധികം വിട്ടയക്കുക; ഐക്യദാര്‍ഢ്യ സംഗമം നടത്തി
X

അമ്പലപ്പുഴ: എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം.കെ ഫൈസിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വളഞ്ഞവഴിയില്‍ സംഗമം നടത്തി. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് കെ റിയാസ് അധ്യക്ഷത വഹിച്ച ഐക്യദാര്‍ഢ്യ സംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐയുടേത് സുതാര്യമായ രാഷ്ട്രീയ പ്രവര്‍ത്തന സംസ്‌ക്കാരം ആണെന്ന് അദ്ദേഹം പറഞ്ഞു. വ്യാജ ആരോപണങ്ങള്‍ കൊണ്ടും കെട്ടിചമച്ച കേസുകള്‍ കൊണ്ടും പാര്‍ട്ടിയുടെ ജനസ്വീകാര്യതയും മുന്നോട്ടുള്ള പ്രയാണവും തകര്‍ക്കാം എന്നത് വ്യാമോഹം മാത്രമാണ്. തീര്‍ത്തും രാഷ്ട്രീയ ലക്ഷ്യത്തോടെ ഇഡിയെ മുന്‍ നിര്‍ത്തി പ്രതികാര രാഷ്ട്രീയം പയറ്റുകയാണ് കേന്ദ്രസര്‍ക്കാര്‍. അത് എസ്ഡിപിഐക്ക് എതിരെ മാത്രമല്ല. രാജ്യത്തെ എല്ലാ പ്രതിപക്ഷ നേതാക്കളെയും ഇഡിയെ ഉപയോഗിച്ച് വേട്ടയാടുകയാണെന്നും തുളസീധരന്‍ പള്ളിക്കല്‍ ചൂണ്ടിക്കാട്ടി.

കള്ളപ്പണം നിയന്ത്രിക്കാന്‍ വേണ്ടിയുള്ള നീക്കങ്ങളാണ് ഇഡി നടത്തുന്നത് എന്ന് അവകാശപ്പെടുമ്പോള്‍ തന്നെ ബിജെപി നേതാക്കളുടെ 400 കോടിയുടെ കൊടകര കള്ളപ്പണക്കേസില്‍ ഇഡി എടുത്ത നിലപാട് കേരളം കണ്ടതാണ്. പ്രതിപക്ഷ കക്ഷി നേതാക്കള്‍ ഒക്കെ ബിജെപിയില്‍ മെമ്പര്‍ഷിപ്പ് എടുത്താല്‍ അവരുടെയൊക്കെ ഇഡി കേസ് ഇല്ലാതായി പോകുന്ന അപൂര്‍വ പ്രതിഭാസം ആണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. 2014 മുതല്‍ ഇഡി എടുത്ത അയ്യായിരത്തി അഞ്ഞൂറോളം കേസുകളില്‍ വെറും നാല്പത് എണ്ണത്തില്‍ മാത്രമാണ് ശിക്ഷയുണ്ടായത് എന്നത് തന്നെ ഇഡി നിലവില്‍ ചെയ്ത് കൊണ്ടിരിക്കുന്ന പണി ആര്‍ക്ക് വേണ്ടി ആണെന്ന് വ്യക്തമാക്കുന്നുവെന്നും തുളസിധരന്‍ പള്ളിക്കല്‍ പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് എം എച്ച് ഉവൈസ്, തൃണമുല്‍ കോണ്‍ഗ്രസ് ജില്ലാ ചീഫ് കോര്‍ഡിനേറ്റര്‍ ആതിര മേനോന്‍, എസ്ഡിറ്റിയു ജില്ലാ പ്രസിഡന്റ് സിയാദ് പതിയാങ്കര, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ഷീജ നൗഷാദ്, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി സിയാദ് ലബ്ബ, അമ്പലപ്പുഴ താലൂക്ക് ദക്ഷിണ മേഖല ജമാഅത്ത് അസോസിയേഷന്‍ പ്രസിഡന്റ് സി.എ സലീം ചക്കിട്ടപറമ്പ്, മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് മുന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ് നവാസ്, ആലപ്പുഴ മുസ്ലിം സംയുക്ത വേദി കണ്‍വീനര്‍ കെ അയ്യൂബ്, അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് സുധീര്‍ പുന്നപ്ര എന്നിവര്‍ സംസാരിച്ചു.

എസ്ഡിപിഐ ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹീം വണ്ടാനം, ജനറല്‍ സെക്രട്ടറിമാരായ നാസര്‍ പഴയങ്ങാടി, എം സാലിം, ജില്ലാ സെക്രട്ടറിമാരായ അസ്ഹാബുള്‍ ഹഖ്, അജ്മല്‍ അയ്യുബ്, എം ജയരാജ്, ട്രഷറര്‍ വൈ സവാദ് ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളായ ഫൈസല്‍ പഴയങ്ങാടി, മുഹമ്മദ് റിയാദ്, ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് നവാസ് നൈന, കുട്ടനാട് നിയോജക മണ്ഡലം സെക്രട്ടറി മുജീബ് യാക്കൂബ് എന്നിവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it