Big stories

പോലിസുകാരുടെ അകമ്പടി ചെലവ് കുറയ്ക്കണമെന്ന ആവശ്യം; മഅ്ദനിയുടെ ഹരജിയില്‍ ഇപ്പോള്‍ ഇടപെടാനാവില്ലെന്ന് സുപ്രിംകോടതി

പോലിസുകാരുടെ അകമ്പടി ചെലവ് കുറയ്ക്കണമെന്ന ആവശ്യം; മഅ്ദനിയുടെ ഹരജിയില്‍ ഇപ്പോള്‍ ഇടപെടാനാവില്ലെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: സുപ്രിംകോടതി അനുവദിച്ച ജാമ്യ ഇളവ് പ്രകാരം കേരളത്തില്‍ പോവുമ്പോള്‍ അകമ്പടി പോകുന്ന പോലിസുകാരുടെ ചെലവ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി നല്‍കിയ ഹരജിയില്‍ ഇപ്പോള്‍ ഇടപെടാനാവില്ലെന്ന് സുപ്രിംകോടതി. ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. സുപ്രിംകോടതി ഈ ഘട്ടത്തില്‍ തുകയുടെ വിഷയത്തില്‍ ഇടപെടില്ലെന്ന നിലപാട് എടുത്തിരിക്കുകയാണെന്ന് മഅ്ദനിയുടെ മകനും അഭിഭാഷകനുമായ സലാഹുദ്ദീന്‍ അയ്യൂബിയാണ് ഫേസ്ബുക്കില്‍ കുറിച്ചത്. ഇന്ന് സുപ്രിംകോടതിയില്‍ കേസ് പരിഗണിച്ചപ്പോഴാണ് കോടതി നടപടി. കര്‍ണാടക പോലിസ് ആവശ്യപ്പെട്ട പണം മുന്‍കൂറായി കെട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട സുപ്രിം കോടതി, മഅ്ദനി നല്‍കിയ ഹരജി തള്ളുകയും ചെയ്തു. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് മഅ്ദനിക്ക് വേണ്ടി ഹാജരായത്. അകമ്പടി പോവുന്ന പോലിസുകാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനാവില്ലെന്നും ചെലവ് കണക്കാക്കിയത് ചട്ടങ്ങള്‍ പ്രകാരമാണെന്നും വ്യക്തമാക്കി കര്‍ണാടക സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഇന്നലെ മറുപടി സത്യവാങ്മൂലം നല്‍കിയിരുന്നു. ബെംഗളൂരു സിറ്റി പോലിസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ കേരളം സന്ദര്‍ശിച്ചാണ് അകമ്പടി സംബന്ധിച്ച ശുപാര്‍ശ തയാറാക്കിയതെന്നായിരുന്നു സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. കേരളത്തിലുടനീളം അണികളുള്ള മഅ്ദനിക്ക് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കി സമാധാനം തകര്‍ക്കാന്‍ സാധിക്കുമെന്നും ഈ സാഹചര്യത്തില്‍ അകമ്പടി പോവുന്ന പോലീസുകാരുടെ എണ്ണം കുറയ്ക്കാനാവില്ലെന്നുമായിരുന്നു ചൂണ്ടിക്കാട്ടിയത്. ബെംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അബ്ദുന്നാസിര്‍ മഅ്ദനിക്ക് നേരത്തേ സുപ്രിംകോടതി ജാമ്യം നല്‍കിയിരുന്നെങ്കിലും ബെംഗളുരൂ വിട്ടുപോവരുതെന്ന് വ്യവസ്ഥ ചെയ്തിരുന്നു. കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ കേരളത്തില്‍ ചികില്‍സ തേടാനും രോഗാവസ്ഥയില്‍ കഴിയുന്ന പിതാവിനെ കാണാനും ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്ന മഅ്ദനിയുടെ ആവശ്യം പരിഗണിച്ച് ഇക്കഴിഞ്ഞ ഏപ്രില്‍ 17നാണ് കേരളത്തിലേക്ക് പോകാന്‍ സുപ്രിംകോടതി അനുമതി നല്‍കിയത്. എന്നാല്‍, 20 പോലിസുകാരുടെ അകമ്പടി വേണമെന്നും അവര്‍ക്ക് ചെലവിന് മാസംതോറും 20 ലക്ഷം രൂപ വീതം കെട്ടിവയ്ക്കണമെന്നും കര്‍ണാടക സര്‍ക്കാര്‍ ഉപാധി വയ്ക്കുകയായിരുന്നു. ഈയിനത്തില്‍ 60 ലക്ഷം ഉള്‍പ്പെടെ ഒരു കോടിയോളം രൂപ ചെലവ് വരുമെന്നും അതിനാല്‍ കുറയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് മഅ്ദനി വീണ്ടും സുപ്രിംകോടതിയെ സമീപിച്ചത്.

Next Story

RELATED STORIES

Share it