Big stories

ഒരു ലക്ഷം കോടിയുടെ വഖ്ഫ് സ്വത്ത് കവര്‍ന്നെടുത്ത് തെലങ്കാന സര്‍ക്കാര്‍; പ്രതിഷേധവുമായി മുസ് ലിം സമൂഹം

ഒരു ലക്ഷം കോടിയുടെ വഖ്ഫ് സ്വത്ത് കവര്‍ന്നെടുത്ത് തെലങ്കാന സര്‍ക്കാര്‍; പ്രതിഷേധവുമായി മുസ് ലിം സമൂഹം
X

ന്യൂഡല്‍ഹി; ഒരുലക്ഷം കോടി വില വരുന്ന വഖ്ഫ് സ്വത്ത് വഖ്ഫ് ബോര്‍ഡില്‍ നിന്ന് കവര്‍ന്നെടുത്ത തെലങ്കാന സര്‍ക്കാരിന്റെ നടപടിക്കെതിരേ മുസ് ലിം സമൂഹം. സുപ്രിംകോടതിയില്‍ നടന്നുകൊണ്ടിരിക്കുന്ന വഖ്ഫ് ബോര്‍ഡ് കേസ് തോറ്റുകൊടുത്താണ് സര്‍ക്കാര്‍ വഖ്ഫ് സ്വത്ത് കയ്യടക്കിയതെന്നാണ് ആരോപണം. വഖ്ഫ് സ്വത്തുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസത്തെ സുപ്രിംകോടതി വിധി വഖ്ഫ് സ്വത്ത് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ദൂരവ്യാപകമായ ഫലമുണ്ടാക്കുന്നതാണെന്നും വിലയിരുത്തപ്പെടുന്നു. തിങ്കളാഴ്ചയാണ് വഖ്ഫ് സ്വത്ത് കേസില്‍ സുപ്രിംകോടതി വിധി പറഞ്ഞത്.

ആരാധനയ്ക്കുവേണ്ടി ഉപയോഗിക്കുന്ന ഭൂമിക്ക് സംരക്ഷണം ലഭിക്കില്ലെന്നും ഉമസ്ഥത സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. ഹൈദരാബാദിലെ മണികോണ്ടയിലെ ദര്‍ഗ ഹുസൈന്‍ ഷാ വാലിയുടെ അധീനതയിലുള്ള 1,654 ഏക്കര്‍ വിസ്തീര്‍ണമുള്ള ഭൂമിയുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്.

ഈ ഭൂമിയുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയിലെ ട്രിബ്യൂണലില്‍ നടന്ന എല്ലാ കേസിലും വഖ്ഫ് ബോര്‍ഡിനായിരുന്നു വിജയം. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഗൂഢാലോചനാപരമായ സമീപനം കൊണ്ട് അതേ കേസില്‍ സുപ്രിംകോടതിയില്‍ വിജയിക്കാനായില്ലെന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണം. തെലങ്കാന വഖ്ഫ് ബോര്‍ഡും ഇതിനു കൂട്ടുനിന്നതായി കോണ്‍ഗ്രസ് നേതാക്കളും ആരോപിക്കുന്നു. ഹൈദരാബാദിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഉസ്മാന്‍ അല്‍ ഹാജ്രി കേസ് തോറ്റതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും വഖ്ഫ് ബോര്‍ഡിനാണെന്ന പക്ഷക്കാരനാണ്. സുപ്രിംകോടതിയില്‍ കേസ് നോക്കി നടത്തുന്നതിലുള്ള വഖ്ഫ് ഉദ്യോഗസ്ഥരുടെ അനാസ്ഥയും കാരണമായി. ഈ കേസിലെ വിധി രാജ്യവ്യാപകമായ പ്രത്യാഘാതമുള്ളതാണെന്നും അദ്ദേഹം പറയുന്നു. ഹൈക്കോടതിയില്‍ കേസ് കൈകാര്യം ചെയ്തിരുന്ന സത്യസന്ധനായ തഹസില്‍ദാറെ സുപ്രിംകോടതിയില്‍ കേസ് എത്തിയ സമയത്ത് ഗൂഢാലോചനാപൂര്‍വം സ്ഥലം മാറ്റിയാണ് വഖ്ഫ് ബോര്‍ഡ് തോല്‍വി നേടിയെടുത്തതത്രെ.

എല്ലാ രേഖകളും ബോര്‍ഡിന് അനുകൂലമായിരുന്നുവെന്ന് അല്‍ ഹാജ്രി പറയുന്നു. വഖ്ഫ് ബോര്‍ഡ് ഉദ്യോഗസ്ഥരും തെലങ്കാന സര്‍ക്കാരും ഒത്തുകളിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

''ഹൈക്കോടതിയില്‍ കൈകാര്യം ചെയ്ത രീതിയിലല്ല സുപ്രിംകോടതിയില്‍ കേസ് നടത്തിയത്. സുപ്രിംകോടതിയില്‍ കേസെത്തിയ സമയത്ത് സത്യസന്ധനായ തഹസില്‍ദാരെ സ്ഥലം മാറ്റി. ബോര്‍ഡിന് അനുകൂലമായി വിധി നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായില്ല'' -മുസ് ലിം സമൂഹത്തിന്റെ സ്വത്ത് കയ്യടക്കാനുള്ള സര്‍ക്കാര്‍ ഗൂഢാലോചനയില്‍ വഖ്ഫ് ബോര്‍ഡ് ഉദ്യോഗസ്ഥരും പങ്കാളികളാവുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിക്കുന്നു.

രാജ്യത്ത് തന്നെയുള്ള ഏറ്റവും വലിയ സ്വത്ത് തര്‍ക്കങ്ങളിലൊന്നായിരുന്നു ദര്‍ഗ ഹുസൈന്‍ ഷാ വാലിയ്ക്ക് അവകാശപ്പെട്ട ഭൂമിയുടേത്. ഒരു ലക്ഷം കോടിയാണ് നഷ്ടപ്പെട്ട ഭൂമിയുടെ ഏകദേശ വില. 1,654 ഏക്കര്‍ ഭൂമി വഖ്ഫ് സ്വത്താണെന്ന ആന്ധ്ര പ്രദേശ് വഖ്ഫ് ബോര്‍ഡിന്റെ ഉത്തരവാണ് സുപ്രിംകോടതി റദ്ദാക്കിയത്.

'മതപരമായ ഉദ്ദേശ്യങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ട ഭൂമി, ഭരണകൂടത്തിന്റെ ഉടമസ്ഥതയില്‍ നിന്ന് മുക്തമല്ല. ദര്‍ഗയില്‍ സേവനം ചെയ്യാനുള്ള അവകാശം നല്‍കിയത് ഭരണകൂടമാണ്. വിട്ടുനല്‍കാന്‍ അവകാശമുള്ളവര്‍ക്ക് എടുത്തുമാറ്റാനും അവകാശമുണ്ട്'- സുപ്രിംകോടതി ചൂണ്ടിക്കാട്ടി. 2012 ഏപ്രിലില്‍ ആന്ധ്ര വഖ്ഫ് ബോര്‍ഡിനു (ഇപ്പോള്‍ തെലങ്കാന വഖ്ഫ് ബോര്‍ഡ്) അനുകൂലമായി പുറപ്പെടുവിച്ച ഉത്തരവിനെതിരേയാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

വിധി സംസ്ഥാന സര്‍ക്കാരിന് വലിയ ആശ്വസമായിട്ടുണ്ട്. കാരണം, ഈ സ്ഥലം ഒരു സര്‍വകലാശാലക്കും ടൗണ്‍ഷിപ്പിനും സംസ്ഥാന സര്‍ക്കാര്‍ സ്ഥലം വിട്ടുനല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസിന്റെ വിധി സംസ്ഥാന സര്‍ക്കാരിന് അനുകൂലമായത്.

തെലങ്കാന, കര്‍ണാടക, ആന്ധ്ര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ വഖ്ഫ് ഭൂമിക്കേസുകളില്‍ ഈ വിധി നിര്‍ണായകമായേക്കും. ജസ്റ്റിസ് ഹേമന്ത് ഗുപ്ത, രാമസുപ്രഹ്മണ്യന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ബെഞ്ചിന്റേതായിരുന്നു വിധി.

സൂഫിയായ ഹുസൈന്‍ ഷാ വിലിയുടെ ദര്‍ഗ 1562ലാണ് സ്ഥാപിക്കപ്പെട്ടത്.

Next Story

RELATED STORIES

Share it