Big stories

ഡല്‍ഹിയിലെ കൊടും തണുപ്പിലും കര്‍ഷക പ്രക്ഷോഭം കത്തിപ്പടരുന്നു

സമരക്കാര്‍ ഏറെയുള്ള ലോധി റോഡിലും അയനഗറിലും താപനില ഇന്നലെ 3.3 ഡിഗ്രി സെല്‍ഷ്യസും 3.4 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. എന്നിട്ടും പ്രതിഷേധക്കാര്‍ ദേശീയ പാതയില്‍ നിന്നും മാറിയിട്ടില്ല.

ഡല്‍ഹിയിലെ കൊടും തണുപ്പിലും കര്‍ഷക പ്രക്ഷോഭം കത്തിപ്പടരുന്നു
X

ന്യൂഡല്‍ഹി: ഡിസംബറിലെ അതിശൈത്യത്തിലും ഡല്‍ഹിയില്‍ കര്‍ഷക സമൂഹം നടത്തുന്ന പ്രക്ഷോഭം കത്തിപ്പടരുന്നു. സഫ്ദര്‍ജംഗ് ഒബ്‌സര്‍വേറ്ററിയില്‍ ഇന്നലെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 3.9 ഡിഗ്രി സെല്‍ഷ്യസ് ആണ്. പ്രതികൂല കാലാവസ്ഥയിലും സമരക്കാരായ ആയിരങ്ങള്‍ മേല്‍ക്കൂരയില്ലാതെ വെറും റോഡിലാണ് അന്തിയുറങ്ങുന്നത്. കര്‍ഷക ദ്രോഹപരമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ ഓഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള ഡല്‍ഹിയിലെ പ്രക്ഷോഭം നാലാമത്തെ ആഴ്ച്ചയിലേക്കു പ്രവേശിക്കുമ്പോള്‍ സമരം കൂടുതല്‍ ശക്തി പ്രാപിക്കുകയാണ്.


സമരക്കാര്‍ ഏറെയുള്ള ലോധി റോഡിലും അയനഗറിലും താപനില ഇന്നലെ 3.3 ഡിഗ്രി സെല്‍ഷ്യസും 3.4 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. എന്നിട്ടും പ്രതിഷേധക്കാര്‍ ദേശീയ പാതയില്‍ നിന്നും മാറിയിട്ടില്ല. കൊടും തണുപ്പിലും ഭക്ഷണവും താമസവുമെല്ലാം റോഡില്‍ തന്നെയായിട്ടും പ്രായം ചെന്നവരും സ്ത്രീകളുമുള്‍പ്പടെയുള്ളവര്‍ സമരരംഗത്ത് ഉറച്ചു നില്‍ക്കുകയാണ്. പ്രക്ഷോഭം കാരണം വിവിധ അതിര്‍ത്തി സ്ഥലങ്ങളില്‍ ഗതാഗതം വഴിതിരിച്ചുവിട്ടു. ചില റോഡുകള്‍ അടച്ചതിനെക്കുറിച്ച് ട്രാഫിക് പോലീസ് യാത്രക്കാരെ അറിയിക്കുകയും ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. നോയിഡയില്‍ നിന്നും ഗാസിയാബാദില്‍ നിന്നുമുള്ള പാത പ്രതിഷേധം കാരണം അടച്ചു. തിക്രി, ധന്‍സ അതിര്‍ത്തികളും അടച്ചു. ഇപ്പോള്‍ ഇരുചക്ര വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും മാത്രമേ വമാത്തിക്കര റോഡിലൂടെ സഞ്ചരിക്കാനാവൂ. കര്‍ഷക പ്രക്ഷോഭം കാരണം ഡല്‍ഹി ജയ്പൂര്‍ ഹൈവേയില്‍ ആറാം ദിവസവും ഗതാഗതക്കുരുക്ക് തുടരുകയാണ്.


പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ചര്‍ച്ചക്ക് തയ്യാറാവണമെന്ന് തല കുമ്പിട്ട് കൈകള്‍ കൂപ്പി അഭ്യര്‍ഥിക്കുന്നു എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപേക്ഷ കര്‍ഷകര്‍ മുഖവിലക്കെടുത്തിട്ടില്ല. നിയമങ്ങള്‍ പിന്‍വലിക്കുകയല്ലാതെ വേറൊരു പരിഹാരവുമില്ല എന്ന നിലപാട് ഇന്നലെയും ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ ഓഡിനേഷന്‍ കമ്മറ്റി ആവര്‍ത്തിച്ചു. കര്‍ഷക നിയമങ്ങളുടെ മേന്മകള്‍ വിവരിക്കുന്ന കൈപ്പുസ്തകങ്ങള്‍ വ്യാപകമായി വിതരണം വിതരണം ചെയ്യാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍.


ഇന്ധനം വാങ്ങാന്‍ പണമില്ലാത്തതിനാല്‍ സമരത്തിനെത്താന്‍ പ്രയാസപ്പെടുന്നവര്‍ക്കായി ശിരോമണി അകാലിദളിന്റെ (എസ്എഡി) തൊഴിലാളി സംഘടന സൗജന്യമായി ഇന്ധനം നല്‍കാന്‍ തുടങ്ങി. കൂടുതല്‍ പേരെ പ്രക്ഷോഭത്തിലേക്ക് എത്തിക്കാനാണ് ഇത് ആരംഭിച്ചതെന്ന് എസ്എഡി നേതാവ് ഗുര്‍ഷരന്‍ സിംഗ് പറഞ്ഞു. സിങ്കു എതിര്‍ത്തിയില്‍ ലങ്കറുകള്‍ക്കു പുറമെ റേഷന്‍, സിലിണ്ടര്‍, സ്റ്റൗ, വൈഫൈ സൗകര്യമുള്ള ട്രാക്ടറുകള്‍, എന്നിവ കൂടുതലായി ഒരുക്കി. മെയ്, ജൂണ്‍ വരെ പ്രതിഷേധം തുടരുകയാണെങ്കില്‍ പോലും അതുവരെ ഇവിടെ തുടരാനാവുമെന്ന് സമരക്കാരില്‍ ഒരാള്‍ പറഞ്ഞതായി 'എര്‍ജി ഇന്‍ഫ്രാ പോസ്റ്റ്' റിപോര്‍ട്ട് ചെയ്തു.




Next Story

RELATED STORIES

Share it