Big stories

തുര്‍ക്കി- സിറിയ ഭൂകമ്പം: മരണസംഖ്യ 33,000; തിരച്ചില്‍ തുടരുന്നു

തുര്‍ക്കി- സിറിയ ഭൂകമ്പം: മരണസംഖ്യ 33,000; തിരച്ചില്‍ തുടരുന്നു
X

അങ്കാറ: തുര്‍ക്കിയിലും സിറിയയിലും നാശംവിതച്ച ഭൂകമ്പം നടന്നിട്ട് ഒരാഴ്ച പിന്നിടുമ്പോള്‍ മരണസംഖ്യ മുപ്പത്തിമൂവായിരത്തിലേക്ക്. ഭൂകമ്പത്തില്‍ മരണം 50,000 കടന്നേക്കുമെന്ന് യുഎന്‍ ദുരിതാശ്വാസവിഭാഗം മേധാവി മാര്‍ട്ടിന്‍ ഗ്രിഫിത്സ് പറഞ്ഞു. ഞായറാഴ്ച തുര്‍ക്കിയില്‍ മരണസംഖ്യ 29,695 ആയി ഉയര്‍ന്നു. സിറിയയില്‍ സ്ഥിരീകരിച്ച മരണങ്ങളുടെ എണ്ണം 3,500 കവിഞ്ഞു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും പതിനായിരക്കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് നിഗമനം. ദിവസവും രക്ഷാപ്രവര്‍ത്തകര്‍ കൂടുതല്‍ മൃതദേഹം കണ്ടെടുക്കുന്നുണ്ട്.

ദുരന്തം നടന്നിട്ട് ഇത്രയും ദിവസമായ സാഹചര്യത്തില്‍ ഇനിയും കൂടുതല്‍പേരെ ജീവനോടെ രക്ഷിക്കുക ദുഷ്‌കരമാണ്. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ അത്ഭുതകരമായി ചിലരെ രക്ഷിക്കാനുമായി. തുര്‍ക്കിയില്‍മാത്രം 2.6 കോടി ജനങ്ങളെ ഭൂകമ്പം ബാധിച്ചതായാണ് യുഎന്‍ റിപോര്‍ട്ട്. തുര്‍ക്കിയിലും സിറിയയിലുമായി അടിയന്തരമായി 8.70 ലക്ഷം പേര്‍ക്ക് ഭക്ഷണം ആവശ്യമാണ്. സിറിയയില്‍മാത്രം 53 ലക്ഷം പേര്‍ ഭവനരഹിതരുമായി. ഭൂകമ്പത്തില്‍ കാണാതായ ഇന്ത്യന്‍ പൗരന്റെ മൃതദേഹം കഴിഞ്ഞദിവസം കണ്ടെടുത്തിരുന്നു. മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് തുര്‍ക്കിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

തുര്‍ക്കിയിലെ ദുരന്തബാധിത പ്രദേശങ്ങളില്‍ 10 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇവര്‍ സുരക്ഷിതരാണെന്നും വിദേശ മന്ത്രാലയം വ്യക്തമാക്കി. ദുരിതബാധിതമേഖലയില്‍ മോഷണം നടത്താന്‍ ശ്രമിച്ച 98 പേരെ തുര്‍ക്കി പോലിസ് പിടികൂടി. ഇവരില്‍നിന്ന് തോക്കുകള്‍ ഉള്‍പ്പെടെ കണ്ടെടുത്തു. നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ അടിയന്തര നടപടിയെടുക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് ഉര്‍ദുഗാഗന്‍ വ്യക്തമാക്കി. തകര്‍ന്ന കെട്ടിടങ്ങളുടെ നിലവാരമില്ലാത്തതും അനധികൃതവുമായ നിര്‍മാണ രീതികളില്‍ ഏര്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന ഏകദേശം 131 പേരെ തുര്‍ക്കി ഉദ്യോഗസ്ഥര്‍ ഞായറാഴ്ച കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയോ ചെയ്തതായി വാര്‍ത്താ ഏജന്‍സി എപി റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it