Big stories

വ്യോമാക്രമണം ശക്തമാക്കി റഷ്യ, വൈദ്യുതി വിതരണം താറുമാറായി; യുക്രെയ്ന്‍ ഇരുട്ടിലേക്ക്

വ്യോമാക്രമണം ശക്തമാക്കി റഷ്യ, വൈദ്യുതി വിതരണം താറുമാറായി; യുക്രെയ്ന്‍ ഇരുട്ടിലേക്ക്
X

കീവ്: യുക്രെയ്‌ന്റെ അടിസ്ഥാനസൗകര്യങ്ങള്‍ ലക്ഷ്യമിട്ട് റഷ്യന്‍ സേന കനത്ത ആക്രമണം തുടരുന്നു. റഷ്യന്‍ ആക്രമണത്തില്‍ വൈദ്യുതിവിതരണ സംവിധാനത്തിന്റെ 30 ശതമാനത്തിലേറെ തകര്‍ന്നതിനാല്‍ രാജ്യം അതീവ ഗുരുതരമായ ഊര്‍ജപ്രതിസന്ധിയാണ് നേരിടുന്നത്. യുക്രെയ്‌നിലെ ഊര്‍ജസംവിധാനം വ്യോമാക്രമണത്തില്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഇലക്ട്രിക് പവര്‍ സ്‌റ്റേഷനുകളില്‍ മൂന്നിലൊന്ന് ഭാഗവും നശിച്ചതായി യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കി പറയുന്നു.

നിര്‍ഭാഗ്യവശാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് സ്വകാര്യ ഊര്‍ജ കമ്പനിയായ ഡിടെക് ഡയറക്ടര്‍ ഡിമിട്രോ സഖാരുക് പറഞ്ഞു. രാജ്യതലസ്ഥാനമായ കീവിന് പുറമേ ഡിനിപ്രോ ഉള്‍പ്പെടെയുള്ള മധ്യമേഖലാ നഗരങ്ങളിലും ആക്രമണം തുടരുകയാണ്. കീവില്‍ നാലുമണിക്കൂറിലേറെ നീണ്ടുനില്‍ക്കുന്ന വൈദ്യുതി മുടക്കമുണ്ടാവുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. പവര്‍കട്ട് മൂലം ജനങ്ങളുടെ വീടുകളിലെ പ്രതിസന്ധിക്ക് പുറമെ തെരുവ് വിളക്കുകളുടെയും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പൊതുഗതാഗതത്തിന്റെയും ഉപയോഗത്തിനും നിയന്ത്രണമേര്‍പ്പെടുത്തുന്നു.

ഊര്‍ജസംവിധാനങ്ങള്‍ക്കെതിരായ ആക്രമണം നാല് മില്യന്‍ പേരെ പ്രതിസന്ധിയിലാക്കിയതായി യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി പ്രതികരിച്ചു. എന്നാല്‍, ഷെല്ലാക്രമണം തങ്ങളെ തകര്‍ക്കുകയില്ലെന്നും യുക്രെയ്ന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് റഷ്യന്‍ ആക്രമണം നടത്തുന്നത്. ഈ മാസം റഷ്യ ഡസന്‍ കണക്കിന് മിസൈലുകളും ഇറാനിയന്‍ നിര്‍മിത ഡ്രോണുകളുമാണ് വിക്ഷേപിച്ചത്.

റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കനത്ത നാശനഷ്ടമുണ്ടായ യുക്രെയ്‌നിലെ രണ്ടാമത്തെ നഗരമായ ഖാര്‍കീവ്, മധ്യനഗരങ്ങളായ ഷൈറ്റോമിര്‍, പോള്‍ട്ടാവ, ചെര്‍നിഹിവ് എന്നിവയും നീണ്ട പവര്‍കട്ടുകളെ അഭിമുഖീകരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളെ ബോധപൂര്‍വം ലക്ഷ്യമിടുന്നതിനെ യൂറോപ്യന്‍ യൂനിയനും മറ്റ് അന്താരാഷ്ട്ര സഖ്യകക്ഷികളും അപലപിച്ചിട്ടുണ്ട്. അതേസമയം, സാപൊറീഷ്യയിലെ ആണവനിലയത്തിനു സമീപം ഇരുകൂട്ടരും ഷെല്ലാക്രമണം കടുപ്പിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it