Big stories

അറിയപ്പെടാത്ത മസ്ജിദ് ധ്വംസനങ്ങള്‍

അറിയപ്പെടാത്ത മസ്ജിദ് ധ്വംസനങ്ങള്‍
X

പി പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി


ഫിറോസ് തുഗ്ലക്കിന്റെ ഭരണകാലത്ത് മുസ് ലിംകളും ഹിന്ദുക്കളുമെല്ലാം സംബന്ധിക്കാറുണ്ടായിരുന്ന ചില ക്ഷേത്രോല്‍സവങ്ങള്‍ പലവിധ അനാചാരങ്ങളുടെയും കേന്ദ്രമായിരുന്നു. ഭക്തിയുടെയും ആരാധനയുടെയും കേന്ദ്രം ആയിരിക്കേണ്ട ക്ഷേത്രങ്ങള്‍ വൃത്തികേടുകളുടെയും ദുരാചാരങ്ങളുടെയും കേന്ദ്രമായി തരംതാഴുമ്പോള്‍ അത് നാട്ടിന്റെ ക്രമസമാധാനത്തെയും അച്ചടക്കത്തെയും ബാധിക്കുന്ന പ്രശ്‌നമാണ്. ഉത്തരവാദിത്വ ബോധമുള്ള ഏതൊരു ഭരണകൂടവും ഇത്തരം ചെയ്തികളെ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്നതു ഉറപ്പാണ്. ഇരുപതാം നൂറ്റാണ്ടില്‍, ഈ ആധുനിക യുഗത്തില്‍ തന്നെ പഞ്ചാബിലെ സുവര്‍ണ ക്ഷേത്രം സായുധരുടെ താവളമായി മാറിയപ്പോള്‍ പോലിസ് കൈയേറിയതും അതിനു കേടുപാടുകള്‍ സംഭവിച്ചതും നമുക്കറിയാം. ഇതേപോലെ എന്നല്ല ഇതിനേക്കാള്‍ ഉപരിയായ കാരണങ്ങളാല്‍ ഫിറോസ് തുഗ്ലക്ക് ദുരാചാരങ്ങളുടെ കൂത്തരങ്ങായി മാറിയ ചില ക്ഷേത്രങ്ങള്‍ നശിപ്പിക്കാന്‍ നിര്‍ബന്ധിതനായിട്ടുണ്ടായിരുന്നു. 'Politics in Mugul times' എന്ന കൃതിയില്‍ (പേജ്337) ഡോ. ഈശ്വര്‍ തോപ ഈ വസ്തുത രേഖപ്പെടുത്തിയിട്ടുണ്ട്.



മുസ് ലിം ഭരണാധികാരികളും രാജാക്കന്മാരും ഒരിക്കലും ഇസ് ലാം മതത്തിന്റെ പ്രബോധകരോ പ്രചാരകരോ ആയിരുന്നില്ല. അവര്‍ വ്യക്തിപരമായി ഇസ് ലാം മതാനുയായികളുടെ ഗണത്തില്‍ പെടുന്നുണ്ടാവാം. പക്ഷേ, അവരിവിടെ എത്തിപ്പെട്ടത് സാമ്രാജ്യവികസനത്തിന് പടയോട്ടം നടത്തുന്ന സൈനികരായിട്ടാണ്. ഇത് ആ കാലഘട്ടത്തില്‍ എല്ലാ നാടുകളിലും പതിവായിരുന്നു. സാമ്രാജ്യവിപുലീകരണാര്‍ത്ഥം ഒരേ മതക്കാര്‍ തമ്മില്‍ തന്നെ യുദ്ധങ്ങള്‍ വരെ നടന്നിട്ടുണ്ട്. ഇബ്രാഹീം ലോദിയും ബാബറും തമ്മില്‍ യുദ്ധം നടന്നത് ഓര്‍ക്കുക. ഇങ്ങനെ പലവിധ യുദ്ധങ്ങളും ചരിത്രത്തില്‍ കാണാം. മുസ് ലിം രാജാക്കന്മാര്‍ ഒരിക്കലും ഇസ് ലാമിന്റെ വക്താക്കളായിരുന്നില്ല. അവര്‍ ഇസ് ലാംമതം പ്രചരിപ്പിച്ചിട്ടേ ഇല്ല. എട്ടു നൂറ്റാണ്ടിലേറെ പല മുസ് ലിം രാജാക്കന്മാരും ഇന്ത്യ വാണിട്ടുണ്ട്. അവരൊക്കെയും ഇസ് ലാംമത പ്രചാരണം ഒരു ലക്ഷ്യമായെടുത്തിരുന്നെങ്കില്‍ ഇന്ത്യയുടെ ചിത്രം ഇന്ന് നാം കാണും പോലെയാവുമായിരുന്നില്ല. അതേസമയം തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനും ജനസ്വാധീനം വര്‍ധിപ്പിക്കാനും മറ്റും ഇസ് ലാം മതവിശ്വാസത്തില്‍നിന്ന് ചിലരെങ്കിലും കുറേ വ്യത്യചലിച്ചിട്ടുണ്ട്. അക്ബറുടെ 'ദീന്‍ ഇലാഹി' ഇതിന് ഉദാഹരണമാണ്.

ഇന്ത്യയില്‍ ഇസ് ലാം പ്രചരിച്ചത് സാത്വികരും സച്ചരിതരുമായ ചില വ്യക്തികള്‍ മുഖേനയും അറേബ്യയില്‍നിന്ന് വന്ന വാണിജ്യസംഘങ്ങള്‍ മുഖേനയുമാണ്. ഇസ് ലാം അവരില്‍ വളര്‍ത്തിയെടുത്ത ഉല്‍കൃഷ്ടഗുണങ്ങളും മറ്റും ഇവിടത്തെ സമൂഹത്തെ ആകര്‍ഷിച്ചു. മാലിക് ദിനാറിനെയും ഖാജാ മുഈനുദീന്‍ ചിശ്തിയെയും സ്വീകരിച്ച് ആദരിച്ചത് ഇവിടത്തെ നല്ലവരായ ഹിന്ദു സഹോദന്മാരാണ്. അവര്‍ക്ക് പള്ളികളെടുക്കാന്‍ ഭൂമി നല്‍കിയതും ഇതര സഹകരണങ്ങള്‍ നല്‍കിയതും ഇവിടത്തെ ഹിന്ദുക്കള്‍ തന്നെ. ബഹുദൈവ വിശ്വാസവും വിഗ്രഹാരാധനയും ഉച്ചനീചത്വവും തജ്ജന്യമായ നൂറുകൂട്ടം അനാചാരങ്ങളും ദുരാചാരങ്ങളും നിലനിന്ന ഭാരതീയ സമൂഹത്തില്‍ ഉദ്ഗ്രഥനത്തിന്റെയും ഏകീകരണത്തിന്റെയും സന്ദേശം ഉള്‍ക്കൊള്ളുന്ന, മനുഷ്യന് ഔന്നത്യവും അന്തസ്സും പ്രദാനം ചെയ്യുന്ന ഏക ദൈവത്തിന്റെ അടിസ്ഥാനത്തിലുള്ള ഇസ് ലാമിന് സ്വീകാര്യത സിദ്ധിച്ചു. മാനവന്റെ പ്രകൃതിമതവും ആദിതവും ഇസ് ലാമാണെന്ന് പല നിലയ്ക്കും ജനങ്ങള്‍ ഗ്രഹിച്ചു. ഇസ് ലാം ഉയര്‍ത്തിപ്പിടിക്കുന്ന ഏകദൈവത്വവും മാനുഷികസാഹോദര്യവും ജീവിതരീതിയും പുരോഗമനപരമാണെന്നും ജനങ്ങള്‍ കണ്ടെത്തി. ഇതാണ് ലോകത്തിന്റെ ഇതരഭാഗങ്ങളിലെന്നപോലെ ഭാരതത്തിലും ഇസ് ലാംമതം പ്രചരിച്ചതിന്റെ രഹസ്യം.


സുദീര്‍ഘകാലം ഇന്ത്യ ഭരിച്ച ഔറംഗസീബ് ലളിത ജീവിതം നയിച്ച, സദാചാരനിഷ്ഠയും നീതിയും പുലര്‍ത്തിയ ചക്രവര്‍ത്തിയായിരുന്നുവെന്നും അദ്ദേഹത്തെ താറടിച്ചു കാണിക്കുന്നവര്‍ പോലും സമ്മതിക്കാറുണ്ട്. അദ്ദേഹത്തെ ചിലര്‍ പരമതധ്വംസകനായും മതഭ്രാന്തനായും ക്രൂരനായും ചിത്രീകരിക്കുന്നത് ദുരുദ്ദേശപൂര്‍വമാണ്. ബ്രിട്ടീഷ് ഭരണാധികാരികളുടെ നിദ്ദേശാനുസരണം സര്‍ ജാഡുനാഥ് സര്‍ക്കാര്‍ ഔറംഗസീബിന്റെ ഭരണകാലഘട്ടത്തെ പറ്റി അഞ്ചു വാള്യങ്ങളിലായി ധാരാളം എഴുതിയിട്ടുണ്ട്. നീണ്ട ഒരു കാലഘട്ടം വളരെ വിപുലമായ ഒരു രാജ്യം ഭരിച്ച ഔറംഗസീബ് എത്ര ക്ഷേത്രധ്വംസനങ്ങള്‍ നടത്തിയിട്ടുണ്ടന്ന് ഏറെ പാടുപെട്ട് അന്വേഷിച്ച സര്‍ ജാഡുനാഥിന് ഏതാണ്ട് ഏഴ് സംഭവങ്ങള്‍ മാത്രമാണ് പറയാനുള്ളത്. അദ്ദേഹത്തിന്റെ എല്ലാ കഴിവുകളുമുപയോഗിച്ച് ഈ സംഭവങ്ങളെ തെറ്റായി വിശദീകരിക്കാനും പര്‍വതീകരിക്കാനും ശ്രമിക്കുന്ന ഈ 'ഗവേഷകന്‍' ഔറംഗസീബ് ക്ഷേത്രങ്ങള്‍ നശിപ്പിക്കാന്‍ മെനക്കെട്ടിരുന്നതായി വരുത്തിത്തീര്‍ക്കാന്‍ സ്വയം മെനക്കെടുകയായിരുന്നു. ഔറംഗസീബിന്റെ ആസ്ഥാനങ്ങളായ ആഗ്രയിലോ ഡല്‍ഹിയിലോ അദ്ദേഹം ഏതെങ്കിലും ഒരു ക്ഷേത്രത്തിന്ന് ചെറിയ തോതിലുള്ള ക്ഷതമേല്‍പ്പിച്ചതായി തെളിയിക്കാന്‍ സാധിച്ചിട്ടില്ല. അതേസമയം അദ്ദേഹം പല ക്ഷേത്രങ്ങള്‍ക്കും ധാരാളം സൗജന്യങ്ങളും ആനുകൂല്യങ്ങളും നല്‍കിയതായി ചരിത്രങ്ങളില്‍ കാണുന്നുമുണ്ട്. കാല്‍നൂറ്റാണ്ട് കാലത്തോളം ഔറംഗസീബ് ദക്ഷിണേന്ത്യയിലുണ്ടായിരുന്നു. ധാരാളം പൗരാണിക ക്ഷേത്രങ്ങള്‍ ഈ പ്രദേശങ്ങളിലുമുണ്ട്. അദ്ദേഹം ഒന്നിനേയും നശിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. അങ്ങനെ ആരും ഇതേവരെ തെളിയിച്ചിട്ടുമില്ല.

വരാണസിയിലെ വിശ്വനാഥ് ക്ഷേത്രത്തിന്റെ മേല്‍ ചില നടപടികള്‍ എടുക്കാന്‍ ഔറംഗസീബ് നിര്‍ബ്ബന്ധിതനായിട്ടുണ്ട്. ഒറീസാ ഗവര്‍ണറായ പണ്ഡിറ്റ് ബിശംബര്‍നാഥ് പാണ്ഡെ ശ്രദ്ധേയനായ ഒരു ചരിത്രകാരന്‍ കൂടിയാണ്. അദ്ദേഹം1986 ജൂലൈ 12ന് രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ഇതിന്റെ കാരണങ്ങള്‍ വിവരിക്കുകയുണ്ടായി. അതായത് ഔറംഗസീബ് ബംഗാളിലേക്കുള്ള യാത്രാമദ്ധ്യേ വരാണസിയിലെത്തി. തന്റെ കൂടെ പരിവാരവുമുണ്ടായിരുന്നു. പലരും കുടുംബസമേതം തന്നെ, കച്ച് മഹാരാജയും അക്കൂട്ടത്തില്‍ പെടുന്നു. ക്ഷേത്ര ദര്‍ശനത്തിനും പൂജാദികള്‍ക്കും വേണ്ടി ഏതാനും ദിനങ്ങള്‍ വരാണസിയില്‍ തങ്ങാമെന്ന് സഹയാത്രികരില്‍ പലരും താല്‍പര്യപ്പെട്ടതനുസരിച്ച് അവിടെ തങ്ങുകയും വരാണസി നഗരത്തില്‍നിന്നും അഞ്ചുനാഴിക അകലെ തമ്പടിക്കുകയും ചെയ്തു. അങ്ങനെ മഹാരാജാവും പരിവാരവും അവരുടെ അംഗരക്ഷകരുമൊക്കെ നഗരം ചുറ്റിക്കാണാനും ക്ഷേത്രദര്‍ശനം, ഗംഗസ്‌നാനം എന്നിവ നിര്‍വഹിക്കാനും പുറപ്പെട്ടു. പരിപാടികളൊക്കെ കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കച്ച് രാജാവിന്റെ പത്‌നിയെ കാണാനില്ല. ഈ സംഭവത്തില്‍ ഔറംഗസീബ് തികച്ചും കുപിതനായി. വിശ്വനാഥ ക്ഷേത്രത്തില്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥലങ്ങളിലും വിപുലമായ തിരച്ചില്‍ നടത്താന്‍ അദ്ദേഹം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവ് നല്‍കി. ക്ഷേത്രം പരിശോധിച്ചപ്പോള്‍ ഒരു മതിലിനടുത്ത് അസാധാരണത്വം തോന്നിക്കുംവിധത്തില്‍ ഒരു ഗണേശവിഗ്രഹം നില കൊള്ളുന്നതായിക്കണ്ടു. സന്ദേഹം തോന്നിയ അന്വേഷകര്‍ പ്രസ്തുത വിഗ്രഹം നീക്കം ചെയ്തപ്പോള്‍ മതിലില്‍ ക്ഷേത്രത്തിന്റെ താഴ്ഭാഗത്തേക്ക് ചെന്നെത്താവുന്ന ഒരു കോവണിപ്പടിയുടെ വിടവ് കണ്ടെത്തി. ഈ ഗര്‍ഭഗൃഹം അജ്ഞാതമായി കിടക്കുകയായിരുന്നു. താഴോട്ട് ഇറങ്ങിച്ചെന്ന ഉദ്യോഗസ്ഥക്ക് കാണാന്‍ കഴിഞ്ഞത് മാനവും ധനവും ക്രൂരമാംവിധം കവര്‍ന്നെടുക്കപ്പെട്ട് ബന്ധനസ്ഥയായി കഴിയുന്ന മഹാറാണിയെയാണ്. ഈ ആക്രമണത്തിലും തോന്നിവാസത്തിലും മനംനൊന്ത രാജാവും സഹയാത്രികരും, തീര്‍ത്ഥാടകരുടെ ജീവനും ധനത്തിനും മാനത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്താനും, ഇത്തരം അനാശാസ്യകൃത്യങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കാനും ചക്രവര്‍ത്തിയോട് അഭ്യര്‍ഥിച്ചു. ഹിന്ദുക്കളില്‍ നിന്ന് തന്നെ ഉണ്ടായ ഈ അഭ്യര്‍ഥന ഔറംഗസീബ് സ്വീകരിച്ചു. അധാര്‍മികതയുടെയും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ഗൂഢ സങ്കേതമായി ഉപയോഗിക്കപ്പെടുന്ന ഗര്‍ഭഗൃഹവും അതുമായി ബന്ധപ്പെട്ട ഭാഗവും ഒരു ആരാധനാലയത്തിന്റെ പവിത്രതയ്ക്ക് നിരക്കുന്നതല്ല എന്ന് തോന്നിയതിനാല്‍ അദ്ദേഹം പ്രസ്തുത ഭാഗങ്ങള്‍ നശിപ്പിക്കുകയും ക്ഷേത്രത്തിലെ മഹന്തിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഡോ. പട്ടാഭിസീതാരാമയ്യയും പാറ്റ്‌നാ മ്യൂസിയത്തിലെ ക്യൂറേറ്ററായ ഡോ. പി എല്‍ ഗുപ്തയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.


ചിത്രാകോട്ടിലെ ബാലാജിക്ഷേത്രങ്ങളും ചില ജൈനമതക്ഷേത്രങ്ങളുമൂള്‍പ്പടെ ധാരാളം ക്ഷേത്രങ്ങള്‍ക്ക് സൗജന്യങ്ങളും ആനുകൂല്യങ്ങളും അനുവദിച്ചുകൊണ്ട് ഔറംഗസീബ് ചക്രവര്‍ത്തി പുറപ്പെടുവിച്ച ഇരുനൂറു ശാസനങ്ങളുടെ ഫോട്ടോസ്റ്റാറ്റുകള്‍ അദ്ദേഹത്തിന്റെ പക്കലുണ്ടെന്നും രാജ്യസഭയില്‍ പണ്ഡിറ്റ് ബി ശംബര്‍ നാഥ് പാണ്ഡ പ്രസ്താവിച്ചു. വിവിധ ക്ഷേത്രങ്ങളിലെ മഹന്തുമാര്‍ക്ക് കത്തയച്ചിട്ടാണ് അദ്ദേഹം ഇത് ശേഖരിച്ചത്. കുറെക്കൂടി വ്യാപകമായും കാര്യക്ഷമമായും അന്വേഷണങ്ങള്‍ നടത്തിയാല്‍ ഇത്തരത്തിലുള്ള ധാരാളം ശാസനങ്ങള്‍ ഇനിയും കണ്ടെത്താനാവും. ഇന്ത്യയുടെ പ്രഥമ പ്രസിഡന്റായ ഡോ. രാജേന്ദ്രപ്രസാദ് 'India divided' എന്ന തന്റെ ഗ്രന്ഥത്തില്‍ പ്രസിദ്ധമായ മഹേശ്വരനാഥ് ക്ഷേത്രത്തിലെ പൂജാരികള്‍ക്ക് സഹായധനം അനുവദിച്ചുകൊണ്ടുള്ള ഔറംഗസീബിന്റെ രണ്ട് ശാസനങ്ങള്‍ അലഹബാദില്‍ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഔറംഗസീബ് ചക്രവത്തി വിവിധ ക്ഷേത്രങ്ങളിലെ പൂജാരികള്‍ക്കും മാറ്റും ആനുകൂല്യങ്ങളനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച രണ്ട് ഡസന്‍ ശാസനങ്ങള്‍ ഗോരഖ്പൂരിലെ വിശ്രുത പണ്ഡിതനായ ഗ്യാന്‍ചന്ദ്ര ശേഖരിച്ചിട്ടുണ്ട്. ഈ വിഷയകമായി പാക്കിസ്താന്‍ ഹിസ്റ്ററിക്കല്‍ സൊസൈറ്റിയുടെ 1959ലെ ജേണലില്‍ അദ്ദേഹം ഒരു ദീര്‍ഘ ലേഖനം തന്നെ എഴുതിയിട്ടുണ്ട്. അഅ്‌സംഗഡിലെ ഷിബിലി അക്കാദമിയുടെ ഡയറക്ടറും നല്ലൊരു ചരിത്ര പണ്ഡിതനുമായ സലാഹുദ്ദീന്‍ അബ്ദുര്‍റഹ്മാന്‍ ഗ്യാന്‍ചന്ദ്ര എഴുതിയ ലേഖനത്തിന്റെ ഉറുദുവിവര്‍ത്തനം 'മുസല്‍മാന്‍ കി മദ്ഹബി റവാധാരി' എന്ന കൃതിയുടെ മൂന്നാം വാല്യത്തില്‍ കാണാം. (ശിബിലി അക്കാദമിയുടെ പ്രസിദ്ധീകരണമായ 'മആരിഫ' യില്‍ സലാഹുദ്ദീന്‍ അബ്ദുര്‍റഹ്മാന്‍ ചരിത്രത്തില്‍ നടക്കുന്ന കൃത്രിമങ്ങളെയും വളച്ചൊടിക്കലുകളെയും പറ്റി തുടര്‍ലേഖനങ്ങള്‍ എഴുതിട്ടുണ്ട്)

പഴയ കാലങ്ങളില്‍ രാജാക്കന്മാരുടെ സമ്പത്തുകളൊക്കെയും ക്ഷേത്രങ്ങളിലായിരുന്നു സൂക്ഷിച്ചിരുന്നത്. ക്ഷേത്ര കേന്ദ്രീകൃതമായിട്ടായിരുന്നു രാജാക്കന്മാരുടെ പല നീക്കങ്ങളും നടന്നുകൊണ്ടിരുന്നത്. അക്രമം നടത്തുന്നവര്‍ക്ക് തന്റെ ശത്രുവിന്റെ സമ്പത്ത് കൊള്ളയടിക്കണമെങ്കില്‍ ക്ഷേത്രങ്ങള്‍ കൈയേറുക എന്നത് അനിവാര്യമായിരുന്നു. അങ്ങനെ ക്ഷേത്രം കൈയേറിയവരുടെ ലക്ഷ്യം ക്ഷേത്രധംസനമല്ല, മറിച്ച് സമ്പത്താണ്. ക്ഷേത്രത്തില്‍ സമ്പത്ത് കുമിഞ്ഞു കൂടാറുണ്ടായിരുന്നു. (നമ്മുടെ തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ തന്നെ എന്തുമാത്രം സ്വര്‍ണവും സമ്പത്തും ഉണ്ടെന്ന് ഓര്‍ക്കുക). ആകയാല്‍ എല്ലാ ക്ഷേത്ര ധ്വംസനങ്ങളും പരമത ധ്വംസനങ്ങളായി കാണാതിരിക്കേണ്ടതാണ്. മുസ് ലിംകള്‍ അല്ലാത്ത ഇതര മതസ്ഥരെ സ്വന്തം ഭരണകൂടത്തിലെ ഉയര്‍ന്ന തസ്തികയില്‍ നിയമിച്ചവരായിരുന്നു മുസ് ലിം ഭരണാധികാരികളെല്ലാം. ധാരാളം വിശ്വസ്തരായ ഹിന്ദുക്കളെ മുഗള്‍ രാജാക്കന്മാരും ടിപ്പുസുല്‍ത്താനും ഉന്നത തസ്തികളില്‍ നിയമിച്ചിരുന്നു. ഹിന്ദുമത വിരോധം എന്നത് മുസ് ലിം ഭരണാധികാരികള്‍ക്ക് ഉള്ളതായി തെളിയിക്കാന്‍ സാധ്യമല്ല. അല്ലാമാ ശിബിലി നുമാനി എഴുതിയ 'ആലംഗിര്‍' എന്ന പുസ്തകത്തില്‍ ഔറംഗസീബുമായി ബന്ധപ്പെട്ടിട്ടുള്ള ചരിത്രങ്ങളും വിശദമായി പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹത്തെ മുന്‍നിര്‍ത്തി നടത്തുന്ന ദുരാരോപണങ്ങള്‍ ഒക്കെയും നിഷേധിക്കുന്നതാണ് അതിലുള്ള വസ്തുതകള്‍.

ഹിജ്‌റബ്ദം 976 ല്‍ നിസാം ഷാ ബാഹ്‌റിക്കെതിരേ അലി ആദില്‍ ഷാ രണ്ടാമന്‍ രാജാ രാമരാജന്റെ സഹായം തേടി. രാമരാജ ആദില്‍ഷായെ സഹായിച്ചു. അവസാനം കിട്ടിയ തക്കത്തിന് ആദില്‍ഷായുടെ ഭരണപ്രദേശത്തുള്ള പള്ളികള്‍ രാമരാജ ചുട്ടുചാമ്പലാക്കി. (Firista Vol-2 Pg:36). ഔറംഗസീബിന്റെ കാലത്ത് സട്‌നമീസ് (Satnamees) കര്‍ണൂല്‍ കൊള്ളയടിക്കുകയും അവിടത്തെ മുസ് ലിം പള്ളികള്‍ ചുട്ട് ചാമ്പലാക്കുകയും ചെയ്തിരുന്നതായി ജാഡുനാഥ് സര്‍ക്കാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (History of Aurangzeb. Vol -2 Pg-396). ഔറംഗസീബിന്റെ കാലത്ത് തന്നെ കമാര്‍ ഭീംസിങ് ആറോളം പള്ളികള്‍ തകര്‍ത്തു. (Aurangzeb by Zahiruddin faruqui- Pg-134) ശിവജി ഭീവണ്ടിയിലെയും ഷോളാപുരിയിലെയും വളരെയേറെ പള്ളികള്‍ നശിപ്പിച്ചിട്ടുണ്ട്.(Faruqui) ബഹുദൂര്‍ഷാ ഒന്നാമന്റെ നിര്യാണാന്തരം ജോഡ്പൂരിലെ രാജ ജസ് വന്ത് സിങിന്റെ മകന്‍ അജിത് സിങ് പല മുസ് ലിം പള്ളികളും തകര്‍ത്ത് തല്‍സ്ഥാനത്ത് ക്ഷേത്രങ്ങള്‍ പണിതു. (Muntakbib ul-Albab by Khanikhan Vol-2 Pg-23). സിഖ് ഭരണകര്‍ത്താക്കള്‍ അവരുടെ കാലത്ത് ആയിരക്കണക്കിന് മുസ് ലിംം പള്ളികള്‍ തകര്‍ത്തിട്ടുള്ളതായി കനഹ്യ ലാല്‍ കപൂര്‍ എഴുതിയ History of Lahoreല്‍ പറയുന്നു.

ഡല്‍ഹി, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ 1947ന് ശേഷം തന്നെ വന്‍തോതില്‍ മുസ് ലിം പള്ളികള്‍ അന്യാധീനമാക്കുകയും, അനാദരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മുസ് ലിം പള്ളികള്‍ക്കു നേരെ നടന്ന കൈയേറ്റങ്ങളെയും അനാദരവുകളെപ്പറ്റിയും അന്വേഷിക്കാന്‍ 1947ല്‍ ഇന്ത്യ ഗവണ്‍മെന്റ് ബാര്‍നി(Barney) കമ്മീഷനെ നിയോഗിച്ചു. ഡല്‍ഹിയില്‍ മാത്രം 170 പള്ളികള്‍ ഹിന്ദുക്കളുടെയോ സര്‍ക്കാര്‍ അധികൃതരുടെയോ അധീനതയിലാണെന്നും പ്രസ്തുത കമ്മീഷന്‍ റിപോര്‍ട്ട് ചെയ്യുകയുണ്ടായി. പ്രസ്തുത പള്ളികള്‍ ഇനിയം മുസ് ലിംകള്‍ക്ക് തിരിച്ചുകിട്ടിയിട്ടില്ല. 1979ല്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ അസംബ്ലിയില്‍ പ്രസ്താവിച്ചതനുസരിച്ച് കല്‍ക്കത്തയില്‍ മാത്രം ചുരുങ്ങിയത് 59 മുസ് ലിം പള്ളികള്‍ ഹിന്ദുക്കളുടെ കൈവശമാണുള്ളത്. ഡല്‍ഹി മുതല്‍ പാക് അതിര്‍ത്തി വരെയുള്ള പ്രദേശങ്ങളില്‍ ഏതാണ്ട് ഒമ്പതിനായിരത്തോളം മുസ് ലിം പള്ളികള്‍ ഹിന്ദുക്കളുടെയും ഇതര മതവിഭാഗങ്ങളുടെയും അധീനതയില്‍ കിടക്കുകയാണ്. ബാബരി മസ്ജിദ് ഹിന്ദുക്കള്‍ക്ക് വിഗ്രഹാരാധനയ്ക്കായി വക്രമായ വഴിയിലൂടെ തുറന്നുകൊടുക്കുകയും, ഏറ്റവും ഒടുവില്‍ അവിടെ ക്ഷേത്രനിര്‍മാണത്തിന് വിട്ടുകൊടുക്കുകയും, ക്ഷേത്രം നിര്‍മിക്കുകയും മുസ് ലിംകള്‍ക്കതിരേ അസത്യങ്ങളും അര്‍ധ സത്യങ്ങളും ചേര്‍ത്ത് ക്ഷേത്ര ധ്വംസനത്തിന്റെ കഥകള്‍ പടച്ചുണ്ടാക്കി പര്‍വതീകരിച്ച് നാനാവിധേന പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന ഇന്നത്തെ ചുറ്റുപാടില്‍ മേല്‍വിവരിച്ച വസ്തുതകള്‍ വളരെ പ്രസക്തമാണ്. നിഷ്പക്ഷവും നീതിപൂര്‍വവുമായ ചരിത്രപഠനം വഴി സന്തുലിതവും സത്യസന്ധവുമായ ഒരു വീക്ഷണം ഉണ്ടായിത്തീരേണ്ടത് വളരെ അനിവാര്യമായിരിക്കുന്നു.

Next Story

RELATED STORIES

Share it