Big stories

ഡോ. കഫീല്‍ ഖാനെ യോഗി സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു; പോരാട്ടം തുടരുമെന്ന് കഫീല്‍ ഖാന്‍

ഡോ. കഫീല്‍ ഖാനെ യോഗി സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു; പോരാട്ടം തുടരുമെന്ന് കഫീല്‍ ഖാന്‍
X

ലക്‌നൗ: ഡോ.കഫീല്‍ ഖാനെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഗൊരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയിലെ പീഡിയാട്രീഷനായിരുന്നു കഫീല്‍ ഖാന്‍. നിയമ പോരാട്ടങ്ങള്‍ തുടരുന്നതിനിടയിലാണ് പിരിച്ചുവിടല്‍ നടപടി.

2017ലാണ് ഗൊരഖ്പുര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ലഭിക്കാതെ 63 കുഞ്ഞുങ്ങള്‍ മരിച്ചത്. സര്‍ക്കാറിന്റെ അനാസ്ഥ മൂലമാണ് കുഞ്ഞുങ്ങള്‍ ശ്വാസം കിട്ടാതെ മരിക്കാനിടയായത്. ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായ ഡോ. കഫീല്‍ ഖാനെ ഇതിന് പിന്നാലെ സസ്‌പെന്‍ഡ് ചെയ്യുകയും അഴിമതിയും അനാസ്ഥയും ആരോപിച്ച് ഒമ്പത് മാസം ജയിലില്‍ അടക്കുകയും ചെയ്തിരുന്നു.

എന്നാല്‍, 2019 സെപ്റ്റംബറില്‍ കഫീല്‍ ഖാനെ കുറ്റമുക്തനാക്കി പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഫീല്‍ ഖാന്‍ നടത്തിയ ശ്രമങ്ങളെ റിപ്പോര്‍ട്ടില്‍ പ്രകീര്‍ത്തിക്കുകയും ചെയ്തിരുന്നു. സ്വന്തം കൈയില്‍ നിന്നുവരെ പണം ചെലവിട്ട് ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിച്ച് കുഞ്ഞുങ്ങളെ രക്ഷിക്കാനാണ് താന്‍ ശ്രമിച്ചതെന്ന് കഫീല്‍ ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് കഫീല്‍ ഖാന്‍ അറിയിച്ചു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു കഫീല്‍ ഖാന്റെ പ്രതികരണം. തനിക്കെതിരേ യോഗി സര്‍ക്കാര്‍ പ്രതികാര നടപടികള്‍ തുടരുകയാണെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു. ഓക്‌സിജന്‍ കിട്ടാതെയാണ് കുഞ്ഞുങ്ങള്‍ മരിച്ചതെന്ന് വിവരം പുറത്തുവന്നതാണ് സര്‍ക്കാരിനെ പ്രകോപിച്ചത്.

Next Story

RELATED STORIES

Share it