Big stories

യുപിയിലെ മദ്‌റസകളില്‍ ഹിന്ദു പുരാണങ്ങള്‍ നിര്‍ബന്ധമാക്കാനുള്ള നീക്കം; പ്രതിഷേധവുമായി ഇമാമുമാര്‍

ഗീതയും രാമായണവും മദ്‌റസകളില്‍ പഠിപ്പിക്കാന്‍ നീക്കം നടത്തുന്ന എന്‍ഐഒഎസ് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സരസ്വതി ശിശു മന്ദിറിന്റെ പാഠ്യപദ്ധതിയില്‍ ഖുര്‍ആന്‍ ഉള്‍പ്പെടുത്താന്‍ തയ്യാറുണ്ടോ എന്ന് മൗലാന യാസൂബ് അബ്ബാസ് ചോദിച്ചു.

യുപിയിലെ മദ്‌റസകളില്‍ ഹിന്ദു പുരാണങ്ങള്‍ നിര്‍ബന്ധമാക്കാനുള്ള നീക്കം; പ്രതിഷേധവുമായി ഇമാമുമാര്‍
X

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മദ്‌റസകളില്‍ നിര്‍ന്ധിതമായി ഹിന്ദു പുരാണങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാവുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിംഗ്(എന്‍ഐഒഎസ്) ആണ് സ്വയം ഭരണ മദ്‌റസകളില്‍ ഭഗവദ്ഗീത, രാമയാണ തുടങ്ങിയ ഹിന്ദു ഇതിഹാസങ്ങള്‍ നിര്‍ബന്ധമാക്കുന്നത്. ആദ്യഘട്ടത്തില്‍ 100 സ്വയംഭരണ മദ്‌റസകളിലാണ് ഹിന്ദു പുരാണങ്ങള്‍ പാഠഭാഗമാക്കുകയെന്ന് എന്‍ഐഒഎസ് അറിയിച്ചു.

പുതിയ വിദ്യാഭ്യാസ നയത്തിലെ (എന്‍ഇപി) പുരാതന ഇന്ത്യന്‍ അറിവും പൈതൃകവും സംബന്ധിച്ച പാഠ്യപദ്ധതിയുടെ ഭാഗമായാണ് മദ്‌റസകളിലും ഹിന്ദു പുരാണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത്.

വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ എന്‍ഐഒഎസിന്റെ പുതിയ പാഠ്യപദ്ധതി അംഗീകരിക്കാന്‍ മുസ് ലിം പണ്ഡിതന്‍മാരും മദ്‌റസ അധ്യാപകരും ഇതുവരെ തയ്യാറായിട്ടില്ല. മദ്‌റസ പാഠ്യപദ്ധതിയില്‍ തീരുമാനമെടുക്കാന്‍ എന്‍ഐഒഎസിന് അധികാരമില്ലെന്ന് 350 വര്‍ഷം പഴക്കമുള്ള ലഖ്‌നൗ ആസ്ഥാനമായുള്ള സ്ഥാപനമായ ദാറുല്‍ ഉലൂം ഫറംഗി മഹലിന്റെ ചെയര്‍മാനും മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗവുമായ നസീം മൗലാന ഖാലിദ് റഷീദ് പറഞ്ഞു.

'മദ്‌റസാ ബോര്‍ഡ് നിയന്ത്രിക്കുന്നതും മുസ്‌ലിം സംഘടനകളും മഹല്ലുകളും നടത്തുന്നതുമായ

മദ്‌റസകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

ബോര്‍ഡ് നിയന്ത്രിക്കുന്ന മദ്‌റസകള്‍ അതിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ മറ്റുള്ളവര്‍ സ്വന്തം തീരുമാനങ്ങള്‍ എടുക്കാന്‍ സ്വതന്ത്രരാണ്'. നസീം മൗലാന ഖാലിദ് റഷീദ് വ്യക്തമാക്കി.

'വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള എന്‍ഐഒഎസിന് സ്വതന്ത്ര മദ്രസകള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ അവകാശമില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗീതയും രാമായണവും മദ്‌റസകളില്‍ പഠിപ്പിക്കാന്‍ നീക്കം നടത്തുന്ന എന്‍ഐഒഎസ് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സരസ്വതി ശിശു മന്ദിറിന്റെ പാഠ്യപദ്ധതിയില്‍ ഖുര്‍ആന്‍ ഉള്‍പ്പെടുത്താന്‍ തയ്യാറുണ്ടോ എന്ന് മറ്റൊരു മുസ് ലിം പണ്ഡിതന്‍ മൗലാന യാസൂബ് അബ്ബാസ് ചോദിച്ചു.

മദ്‌റസകളില്‍ ആരെങ്കിലും എന്തെങ്കിലും അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചാല്‍ സമൂഹം അതിനെതിരെ പ്രതിഷേധിക്കുമെന്ന് മദ്‌റസ സുല്‍ത്താന്‍ അല്‍ മദാരിസിന്റെ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ മൗലാന യാസൂബ് അബ്ബാസ് പറഞ്ഞു.

'ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഹിന്ദുക്കളും മുസ്‌ലിംകളും ഒരുമിച്ച് പോരാടി. എന്നാല്‍, ചിലര്‍ ഭാഷയുടെയും മതത്തിന്റെയും പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപണ്‍ സ്‌കൂളിന്റെ(എന്‍ഐഒഎസ്) പുതിയ കരിക്കുലത്തില്‍ ഗീതയും രാമായണവും പശുത്തൊഴുത്ത് വൃത്തിയാക്കലും സൂര്യനമസ്‌കാരവും ഉള്‍പ്പെടുത്തുമെന്നാണ് അറിയിച്ചത്. എന്‍ഐഒഎസിന് കീഴിലുള്ള മദ്‌റസകളിലും ഇവ പഠിപ്പിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് കരിക്കുലം പരിഷ്‌കരിച്ചത്.

ഭാരതീയ ജ്ഞാനപരമ്പര എന്ന പേരിലാണ് ഹിന്ദു പുരാണങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ കോഴ്‌സുകള്‍ അവതരിപ്പിക്കുന്നത്. യോഗ, വേദം, ശാസ്ത്രം, വൊക്കേഷണല്‍ സ്‌കില്‍, സംസ്‌കൃതം, രാമായണം, മഹാഭാരതം, ഭഗവ് ഗീത, മഹേശ്വര സൂത്ര എന്നിങ്ങനെ 15 കോഴ്‌സുകളാണ് പരമ്പരയ്ക്ക് കീഴിലുള്ളത്.

പതഞ്ജലി കൃതസൂത്ര, യോഗസൂത്ര, സൂര്യനമസ്‌കാരം, ആസന, പ്രണായാമം തുടങ്ങിയവയാണ് യോഗയ്ക്ക് കീഴിലുള്ളത്. വൊക്കേഷണല്‍ സ്‌കില്‍സിന് കീഴില്‍ പശുത്തൊഴുത്ത് വൃത്തിയാക്കലും ഉദ്യാനപരിപാലനവും കൃഷിയുമുണ്ട്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ രമേശ് പൊഖ്‌റിയാല്‍ ആണ് പുതിയ കരിക്കുലം പുറത്തിറക്കിയത്. എന്‍ഐഒഎസിന് കീഴിലുള്ള മദ്‌റസകളിലേക്കും കരിക്കുലം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രാഥമിക ഘട്ടത്തില്‍ നൂറ് മദ്‌റസകളിലാണ് ഇത് നടപ്പാക്കുക. പിന്നീട് അഞ്ഞൂറു മദ്‌റസകളിലേക്ക് വ്യാപിപ്പിക്കുമെന്ന് എന്‍ഐഒഎസ് ചെയര്‍മാന്‍ സരോജ് ശര്‍മ്മ പറഞ്ഞു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള പൊതു വിദ്യാഭ്യാസ സംവിധാനമാണ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപണ്‍ സ്‌കൂളിങ്(എന്‍ഐഒഎസ്).

Next Story

RELATED STORIES

Share it