- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഞങ്ങള്‍ ഹിന്ദുക്കളല്ല, സെന്‍സസില്‍ 'ഗോത്ര മതം' വേണം'; രാജ്യവ്യാപക പ്രക്ഷോഭവുമായി ആദിവാസികള്‍
2021 ലെ സെന്‍സസില്‍ തങ്ങളെ ഹിന്ദുക്കളായി രജിസ്റ്റര്‍ ചെയ്യാന്‍ ജാര്‍ഖണ്ഡിലെ ബിജെപിയും ആര്‍എസ്എസും ആദിവാസി സമൂഹത്തില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് എതിര്‍പ്രചാരണവുമായി ആദിവാസി സമൂഹം തന്നെ രംഗത്തിറങ്ങിയിട്ടുള്ളത്.
ന്യൂഡല്‍ഹി: 2021-22ലെ സെന്‍സസില്‍ പ്രത്യേക ഗോത്ര മത കോഡ് ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭവുമായി ആദിവാസികള്‍ രംഗത്ത്. 2021 ലെ സെന്‍സസില്‍ തങ്ങളെ ഹിന്ദുക്കളായി രജിസ്റ്റര്‍ ചെയ്യാന്‍ ജാര്‍ഖണ്ഡിലെ ബിജെപിയും ആര്‍എസ്എസും ആദിവാസി സമൂഹത്തില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് എതിര്‍പ്രചാരണവുമായി ആദിവാസി സമൂഹം തന്നെ രംഗത്തിറങ്ങിയിട്ടുള്ളത്. ബ്രിട്ടീഷ് ഭരണത്തിനു കീഴില്‍ ആദിവാസികള്‍ക്ക് ഒരു പ്രത്യേക 'ഗോത്ര മതം' കോഡ് ഉണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തരം 1951-52 ലെ സെന്‍സസില്‍ ഇത് ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും 1961-62 ലെ സെന്‍സസില്‍ ഇത് ഒഴിവാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രത്യേക മത കോഡ് വേണമെന്ന ആവശ്യവുമായി ആദിവാസികള്‍ രംഗത്തെത്തിയിരിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് സപ്തംബര്‍ 20ന് ജാര്‍ഖണ്ഡില്‍ നിന്നുള്ള ആദിവാസികള്‍ വന്‍ പ്രതിഷേധ പ്രകടനവും നടത്തി. ഗ്രാമങ്ങള്‍, പട്ടണങ്ങള്‍, ബ്ലോക്കുകള്‍, പഞ്ചായത്ത് വാര്‍ഡുകള്‍, നിരവധി സംഘടനകള്‍, കമ്മിറ്റികള്‍ എന്നിവയില്‍ നിന്നുള്ള നൂറുകണക്കിനു പേരെ ഉള്‍പ്പെടുത്തി മനുഷ്യ ശൃംഖല രൂപീകരിച്ചു. ജാര്‍ഖണ്ഡില്‍ താമസിക്കുന്ന എല്ലാ മതങ്ങളിലെയും വിഭാഗങ്ങളിലെയും ജനങ്ങളും പ്രതിഷേധത്തില്‍ പങ്കെടുക്കുകയും പിന്തുണ നല്‍കുകയും ചെയ്തതായി ദേശീയ ആദിവാസി-തദ്ദേശീയ മത ഏകോപന സമിതി ചീഫ് കണ്‍വീനര്‍ ആര്‍വിങ് ഒറാവോണ്‍ പറഞ്ഞു. ഭീം ആര്‍മി അംഗങ്ങള്‍ ഉള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പ്രസ്ഥാനത്തെ പിന്തുണച്ചിരുന്നു. മുന്‍കാലങ്ങളിലും ആദിവാസികള്‍ക്കായി പ്രത്യേക കോളം വേണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ശബ്ദമുയര്‍ത്തിയതായി അരവിന്ദ് പറഞ്ഞു.
150 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള, രാജ്യത്തെ മൂന്നാമത്തെ വലിയ വിഭാഗമായ ഗോത്ര മത വിഭാഗത്തെയോ സര്‍ന മത വിഭാഗത്തെയോ ഒഴിവാക്കാനുള്ള തീരുമാനം പതിറ്റാണ്ടുകളായി തുടരുന്ന നീക്കത്തിന്റെ ഭാഗമാണെന്നു യോഗോ പുര്‍തി അഭിപ്രായപ്പെട്ടു. ഒരു സമൂഹമെന്ന നിലയില്‍ അവരുടെ മതം, വിശ്വാസം, ഭാഷ, പാരമ്പര്യങ്ങള്‍, സംസ്‌കാരം, സ്വത്വം എന്നിവയുടെ കാതല്‍ നശിപ്പിക്കുകയാണ് ലക്ഷ്യം. ദേശീയ ഗോത്ര സ്വത്വം അടയാളപ്പെടുത്തുന്ന പ്രത്യേക മത കോഡ് 1871 മുതല്‍ 1951 വരെ രേഖകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സ്വതന്ത്ര ഇന്ത്യയിലെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് ഇത് നിര്‍ത്തലാക്കുന്നത്. നിലവില്‍ മുസ് ലിംകള്‍, സിഖുകാര്‍, ക്രിസ്ത്യാനികള്‍, ജൈനന്മാര്‍, ബുദ്ധമതക്കാര്‍, പേര്‍ഷ്യക്കാര്‍, ജൂതന്‍മാര്‍, ലിംഗായത്തുകള്‍ തുടങ്ങി നിരവധി ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക മത കോളങ്ങളുണ്ട്. എന്നാല്‍ ആദിവാസികളുടെ പ്രത്യേക മത കോളത്തെ മാത്രം ഒഴിവാക്കുക എന്നത് ഭരണഘടനാപരവും മൗലികവുമായ അവകാശങ്ങള്‍ നഷ്ടപ്പെടുത്താനുള്ള ശ്രമമാണെന്നും ഇവര്‍ ആരോപിച്ചു.
ഗോത്ര മതത്തിന് 'സര്‍ന ധര്‍മം' എന്ന പേര് നല്‍കിയ ബന്ദന്‍ ടിഗ്ഗ ആര്‍എസ്എസുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണെന്നു ആദിവാസി വിഷയങ്ങളില്‍ വിദഗ്ധനായ രത്തന്‍ ടിര്‍കി പറഞ്ഞു. 'സര്‍ന' എന്ന വാക്ക് ഏതെങ്കിലും ഗോത്രഭാഷയുടെ പദാവലിയിലില്ല. ജാര്‍ഖണ്ഡില്‍ നിന്നുള്ള 32 ആദിവാസി സമൂഹങ്ങളില്‍ 'സര്‍ന' എന്ന വാക്ക് ഒരു ഭാഷയിലും ഇല്ലെന്ന് റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ സംഗ്രാം ബെസ്ര സ്ഥിരീകരിച്ചു. റാഞ്ചിയില്‍ സംസാരിക്കുന്ന നാഗ്പുരി സാദ്രി ഭാഷയില്‍ 'സര്‍ന' എന്ന വാക്ക് ഉള്‍പ്പെടുന്നു. 'സര്‍ന' എന്ന വാക്ക് ആര്‍എസ്എസ് സ്‌പോണ്‍സര്‍ ചെയ്തതാണെന്ന് ആദിവാസി സാമൂഹിക പ്രവര്‍ത്തകനായ അലോക കുജുര്‍ പറയുന്നു. ഒരേ വേദിയില്‍ ഒന്നിക്കാന്‍ കഴിയാത്തവിധം ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ അവരുടെ മതത്തെക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ആര്‍എസ്എസ് താല്‍പര്യമാണിതെന്നും അദ്ദേഹം പറഞ്ഞു. വ്യക്തമായ കാരണങ്ങളൊന്നുമില്ലാതെ 1961ല്‍ 'ഗോത്ര മതം' എന്ന ഓപ്ഷന്‍ നീക്കം ചെയ്യുകയും പകരം 'മറ്റുള്ളവ' വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്നാണ് ആദിവാസികളുടെ ആരോപണം.
1980 കളില്‍ കോണ്‍ഗ്രസ് എംപി കാര്‍ത്തിക് ഒറാവോണ്‍ പാര്‍ലമെന്റില്‍ 'ആദി ധര്‍മം' എന്ന പ്രത്യേക മതവിഭാഗത്തിന് വേണ്ടി വാദിച്ചിരുന്നുവെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഈ ആവശ്യം പരിഗണിച്ചിരുന്നില്ല. പിന്നീട് ഭാഷാശാസ്ത്രജ്ഞനും സാമൂഹിക ശാസ്ത്രജ്ഞനും ഗോത്ര ബുദ്ധിജീവിയും സാമൂഹിക പ്രവര്‍ത്തകനുമായ രാംദയാല്‍ മുണ്ടെ ഈ ആവശ്യം വീണ്ടും ഉന്നയിച്ചെങ്കിലും അവഗണിക്കപ്പെട്ടു. പിന്നീട് ഗോത്രവര്‍ഗക്കാരുടെ മതനേതാവായി സ്വയം പ്രഖ്യാപിച്ച ബന്ദന്‍ ടിഗ്ഗ 2001-2002 ലാണ് 'സര്‍ന ധര്‍മം' എന്ന പേര് നല്‍കി 'സര്‍ന ഇല്ലെങ്കില്‍ സെന്‍സസ് ഇല്ല' എന്ന മുദ്രാവാക്യം ഉയര്‍ത്തിയത്. പിന്നീട് കോണ്‍ഗ്രസ് എംഎല്‍എ ദേവ്കുമാര്‍ ധന്‍ പ്രസ്ഥാനം മുന്നോട്ടുകൊണ്ടുപോയെങ്കിലും ബിജെപിയില്‍ ചേര്‍ന്നതോട് അത് ഉപേക്ഷിച്ചു. ഇതിനുശേഷം, 2011-12 ലെ സെന്‍സസിലാണ് 'മറ്റുള്ളവ' എന്ന ഓപ്ഷന്‍ നീക്കംചെയ്തത്. എല്ലാ മതങ്ങള്‍ക്കും അവരുടെ സ്വത്വം അടയാളപ്പെടുത്താന്‍ ആരാധനാലയങ്ങള്‍ ഉണ്ടെന്നായിരുന്നു വാദം. ഹിന്ദുക്കള്‍ക്ക് ക്ഷേത്രങ്ങളുണ്ട്. മുസ് ലിംകള്‍ക്ക് പള്ളികളുണ്ട്. സിഖുകാര്‍ക്ക് ഗുരുദ്വാരകളുണ്ട്. എന്നാല്‍ ആദിവാസികള്‍ക്ക് അത്തരം ആരാധനാലയങ്ങളില്ല. അവര്‍ മരങ്ങളെയും ചെടികളെയും ആരാധിക്കുന്നു. അതിനാല്‍ പ്രത്യേക മതം ഉള്ളതായി കണക്കാക്കാനാവില്ലെന്നായിരുന്നു വാദം. ഈ മാറ്റങ്ങളെല്ലാം നടന്നത് കോണ്‍ഗ്രസ് ഭരണകാലത്താണ്. ആരുടെ നിര്‍ദേശപ്രകാരമാണ് ഇങ്ങനെ നടത്തിയതെന്നും എന്ത് കാരണത്താലാണെന്നും ഇതുവരെ വ്യക്തമല്ലെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ആര്‍എസ്എസുമായി ബന്ധപ്പെട്ട സംഘടനയായ സേവാ ഭാരതി, വനവാസി കല്യാണ്‍ കേന്ദ്ര, വനബന്ധു പരിഷത്ത് തുടങ്ങിയവയുടെ ബാനറുകളില്‍ ഗോത്രവര്‍ഗ ആധിപത്യമുള്ള പ്രദേശങ്ങളില്‍ ഹിന്ദു ആചാരങ്ങളും അനുഷ്ഠാനങ്ങളും സ്ഥാപിക്കാന്‍ കാലങ്ങളായി ശ്രമിക്കുന്നുണ്ട്. സെന്‍സസില്‍ ഗോത്രവര്‍ഗക്കാര്‍ തങ്ങളുടെ മതത്തെ 'മറ്റുള്ളവ' എന്ന് പരാമര്‍ശിച്ചതിനാല്‍രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ ഹിന്ദുക്കളുടെ ശതമാനം കുറഞ്ഞുവരുന്നുവെന്നാണ് ആര്‍എസ്എസ് വാദം. അതിനാല്‍ തന്നെ അടുത്ത സെന്‍സസില്‍ ആദിവാസികള്‍ തങ്ങളുടെ മതത്തെ 'ഹിന്ദു' എന്ന് പ്രതിപാദിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള നീക്കമാണ് ആര്‍എസ്എസ് നടത്തുന്നത്. ഇതുവഴി ഹിന്ദു ജനസംഖ്യ വര്‍ധിക്കുമെന്നും അവര്‍ കണക്കുകൂട്ടുന്നു. എന്നാല്‍, കോര്‍പറേറ്റുകളുടെ ധനസഹായമുള്ള ആര്‍എസ്എസ്-ബിജെപി സര്‍ക്കാരിനു ആദിവാസികളുടെ ഭൂമി, ജലം, വനവിഭവങ്ങള്‍ എന്നിവയിലാണ് കണ്ണെന്നാണ് ആദിവാസികളുടെ ആക്ഷേപം. ആദിവാസികളുടെ ജനസംഖ്യ ഹിന്ദുക്കളായി പട്ടികയില്‍പെടുത്തിയാല്‍ കുത്തകകള്‍ ആദിവാസികളുടെ ഭൂമിയും ജലവും വനവിഭവങ്ങളും കൈയേറിയാല്‍ ചെറുത്തുതോല്‍പിക്കാനാവില്ലെന്നാണ് ആര്‍എസ്എസ് കണക്കുകൂട്ടല്‍.
ഇന്ത്യന്‍ ഭരണഘടനയും സര്‍ക്കാര്‍ റിപോര്‍ട്ടുകളും അനുസരിച്ച് ആദിവാസികള്‍ക്ക് മറ്റ് മതങ്ങളില്‍ നിന്ന് വ്യത്യസ്തമായ സംസ്‌കാരങ്ങളും പാരമ്പര്യങ്ങളും ഉണ്ട്. 2011-12 ലെ സെന്‍സസ് റിപ്പോര്‍ട്ട് അനുസരിച്ച്, ആദിവാസികളുടെ എണ്ണം ഏകദേശം 12 കോടിയാണ്. ഇത് രാജ്യത്തെ ജനസംഖ്യയുടെ 9.92 വരും. ഇതൊക്കെയാണെങ്കിലും സെന്‍സസില്‍ അവരെ ഒരു പ്രത്യേക മതമായി കണക്കാക്കുന്നില്ലെന്നത് വിരോധാഭാസമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ജാര്‍ഖണ്ഡില്‍ ആകെയുള്ള 3.5 കോടി ജനസംഖ്യയില്‍ 90 ലക്ഷം ആദിവാസികളാണ്. നിലവില്‍ ഇന്ത്യയില്‍ 781 ആദിവാസി സമൂഹങ്ങളുണ്ട്. അവയില്‍ 83 വ്യത്യസ്ത മതപാരമ്പര്യങ്ങളുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടവ ഗൗണ്ട്, പുനെം, ആദി, കോയ എന്നീ പേരുകളില്‍ അറിയപ്പെടുന്നു. എല്ലാ മതപാരമ്പര്യങ്ങള്‍ക്കും പൊതുവായുള്ളത്, അവരെല്ലാവരും പ്രകൃതിയുടെയും സ്വന്തം പൂര്‍വികരുടെയും ആരാധകരാണ് എന്നതാണ്. അവരില്‍ പുരോഹിത വര്‍ഗമോ ജാതിവ്യവസ്ഥയോ വിശുദ്ധ ഗ്രന്ഥങ്ങളോ ക്ഷേത്രങ്ങളോ ദേവതകളോ ഇല്ല.
ടോണി ജോസഫിന്റെ 'ആദ്യകാല ഇന്ത്യക്കാര്‍' എന്ന പുസ്തകമനുസരിച്ച്, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ നിവാസികള്‍ ഏകദേശം 60 ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഫ്രിക്കയില്‍ നിന്ന് ഇവിടെയെത്തിയവരാണ്. ഏകദേശം 3000 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ആര്യന്മാര്‍ ഇന്ത്യയിലെത്തി യഥാര്‍ഥ നിവാസികളെ കാടുകളിലേക്കും പര്‍വതങ്ങളിലേക്കും ആട്ടിയോടിക്കുകയും അവരെ ഇപ്പോള്‍ ആദിവാസികള്‍ എന്ന് വിളിക്കുകയും ചെയ്യുന്നു. മറുഭാഗത്ത് ആര്‍എസ്എസാവട്ടെ, മുസ് ലിം ഭരണാധികാരികളുടെ സ്വേച്ഛാധിപത്യത്തെ തുടര്‍ന്നാണ് ആദിവാസികള്‍ കാടുകളിലേക്ക് പലായനം ചെയ്തതെന്നാണ് ചിത്രീകരിക്കുന്നത്. ശാസ്ത്രീയമോ ചരിത്രപരമോ ആയ യാതൊരു അടിസ്ഥാനവുമില്ലാത്ത നുണകളാണ് ആദിവാസികള്‍ക്കിടയില്‍ സംഘപരിവാരം പ്രചരിപ്പിക്കുന്നത്. ആര്‍എസ്എസ് അവരുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ ആദിവാസികളെ 'വനവാസികള്‍' അതായത് വനങ്ങളില്‍ വസിക്കുന്നവര്‍ എന്നാണ് എന്നാണ് വിളിക്കുന്നത്. കാരണം 'ആദിവാസി' എന്ന വാക്കിന്റെ അര്‍ഥം അവര്‍ ഈ ദേശത്തെ ആദ്യത്തെ നിവാസികളാണെന്നാണ്. എന്നാല്‍, ആര്യന്മാരാണ് ഇന്ത്യയിലെ യഥാര്‍ത്ഥ നിവാസികളാണെന്നും അവര്‍ ഇവിടെ നിന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കുടിയേറിയതാണെന്നുമാണ് ആര്‍എസ്എസും ഹിന്ദു രാഷ്ട്രവാദികളും പറയുന്നത്.
വരാനിരിക്കുന്ന 2021-22 ലെ സെന്‍സസില്‍ പ്രത്യേക മത കോഡ് വേണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തുടനീളമുള്ള ആദിവാസി സമുദായങ്ങളില്‍ നിന്നുള്ളവര്‍ ഈ വര്‍ഷം ഫെബ്രുവരി 18 ന് ജന്തര്‍ മന്തറില്‍ ഏകദിന ധര്‍ണ നടത്തിയിരുന്നു. ജന്തര്‍ മന്തറിനു പുറമേ വിവിധ സംസ്ഥാനങ്ങളില്‍ രാജ്ഭവന് മുന്നിലും പ്രതിഷേധം നടത്തി. ഇതേ രീതിയിലാണ് ജാര്‍ഖണ്ഡിലെ ആദിവാസി സമുദായങ്ങള്‍ കൂറ്റന്‍ മനുഷ്യ ശൃംഖല സൃഷ്ടിച്ചത്. വരുംദിവസങ്ങളിലും സമാന രീതിയിലുള്ള പ്രക്ഷോഭങ്ങള്‍ നടത്താനാണ് ആദിവാസി സമൂഹം ലക്ഷ്യമിടുന്നതെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
'We are not Hindus' say Adivasis, launch campaign across India for separate 'Tribal Religion' in upcoming census
RELATED STORIES
രണ്ട് വയസുകാരനെ കൊലപ്പെടുത്തിയ കേസ്; അമ്മയ്ക്കും കാമുകനും ജീവപര്യന്തം...
18 Nov 2024 6:27 PM GMTഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് പാക് കപ്പല്‍,...
18 Nov 2024 5:54 PM GMTമണിപ്പൂര്‍ കലാപം രൂക്ഷം; ബിജെപിയില്‍ കൂട്ടരാജി; ജിരിബാമിലെ പ്രധാന...
18 Nov 2024 5:36 PM GMTഅറസ്റ്റിലായ ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന് അന്മോല് ബിഷ്ണോയിയെ...
18 Nov 2024 5:29 PM GMTക്ഷേത്രത്തിലെ അന്നദാനത്തിനിടെ ആനയുടെ ആക്രമണം; തമിഴ്നാട്ടില്‍...
18 Nov 2024 5:19 PM GMTഎസ്ഡിപിഐ ആറാം സംസ്ഥാന പ്രതിനിധി സഭ 19, 20 തിയ്യതികളില്‍ കോഴിക്കോട്ട്
18 Nov 2024 11:37 AM GMT