Flash News

പെണ്‍പ്രതിരോധം തീര്‍ത്ത് കാംപസ് ഫ്രണ്ട് മേഖലാ വിദ്യാര്‍ഥിനി സമ്മേളനം

പെണ്‍പ്രതിരോധം തീര്‍ത്ത് കാംപസ് ഫ്രണ്ട് മേഖലാ വിദ്യാര്‍ഥിനി സമ്മേളനം
X
പട്ടാമ്പി: ഫാഷിസത്തിനെതിരേ പെണ്‍ പ്രതിരോധം തീര്‍ത്ത് കാംപസ് ഫ്രണ്ട് നടത്തിയ വിദ്യാര്‍ഥിനി മേഖലാ സമ്മേളനത്തില്‍ പ്രതിഷേധമിരമ്പി. ഇനഫ് വിത്ത് ഇന്റോളറന്‍സ്, യുനൈറ്റ് എഗൈന്‍സ്റ്റ് ഫാഷിസം എന്ന പേരില്‍ ഇന്നലെ വൈകീട്ട് 4ന് പട്ടാമ്പിയില്‍ നടന്ന റാലിയിലാണ് പെണ്‍കരുത്തില്‍ പ്രതിഷേധത്തിന്റെ അലയൊലികള്‍ സൃഷ്ടിച്ചത്. ഫാഷിസത്തിന്റെ ഭീകരതയെ തുറന്ന് കാണിച്ചുള്ള പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു പ്രകടനം. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് പി വി ഷുഹൈബ് ഉദ്ഘാടനം ചെയ്തു.


ഭയത്തിന്റെ രാഷ്ട്രീയത്തിനെതിരെ കരുത്തിന്റെ രാഷ്ട്രീയമുയര്‍ത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കരയുന്ന കണ്ണുകളല്ല ആവശ്യം നിശ്ചയദാര്‍ഢ്യത്തോടെ ഫാഷിസത്തിനെതിരേ ഒന്നിച്ച് പ്രതിഷേധമുയര്‍ത്തേണ്ടതുണ്ട്. രാജ്യത്തെ ബഹുസ്വരതയെ തകര്‍ത്ത് വിദ്വേഷത്തിന്റെ രാഷ്ട്രീയം കൊണ്ടുവരാനാണ് ഫാഷിസം ശ്രമിക്കുന്നത്. ഇതിനെതിരേ കൂട്ടായ പ്രതിരോധമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഭാവിയിലെ കരുതലും പ്രതീക്ഷയുമാണ് വിദ്യാര്‍ഥികളെന്ന് സമ്മേളനത്തിലെ മുഖ്യാതിഥിയായിരുന്ന എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അസ്മാ നസ്‌റിന്‍ പറഞ്ഞു. ഫാഷിസം ഒരു മനസ്ഥിതി കണക്കെ ബാധിച്ചിരിക്കുകയാണ്. രാജ്യത്തെ അതു കാര്‍ന്നു തിന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ അടയാളമാണ് അടുത്ത് മരണപ്പെട്ട നജ്മല്‍ ബാബുവിന്റെ അന്ത്യാഭിലാഷം പോലും നടത്താന്‍ കഴിയാതെ പോയതെന്നും അവര്‍ പറഞ്ഞു. പൊതുസമ്മേളനത്തില്‍ കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി അധ്യക്ഷത വഹിച്ചു. നാഷനല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയംഗം സലീനാ ദാവൂദ്, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ലസിത ടീച്ചര്‍ ആശംസകള്‍ അര്‍പ്പിച്ചു. കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് നസീഹാ ബിന്‍ത് ഹുസൈന്‍, സംസ്ഥാന സെക്രട്ടറി ഷബാന ഷാജി, സംസ്ഥാന കൗണ്‍സിലംഗം ഷിബിലിയ സംസാരിച്ചു.
ശബ്ദങ്ങളെ നിശബ്ദമാക്കിക്കൊണ്ടിരിക്കുന്ന ഫാഷിസത്തിനെിതിരേ പ്രതീകാത്മകമായി സൂചകമായി നിശ്ചലദൃശ്യങ്ങള്‍ റാലിയില്‍ ഉണ്ടായിരുന്നു. ശാസ്ത്രീയ കണ്ടുപിടിത്തങ്ങളെ മിത്യകളോട് കൂട്ടിയോജിപ്പിക്കുന്ന സവര്‍ണ സംഘപരിവാര വ്യാജ പ്രചാരണങ്ങളെ ഹാസ്യാത്കമായി റാലിയില്‍ അവതരിപ്പിച്ചു. നൂറുകണക്കിന് വിദ്യാര്‍ഥിനികളാണ് റാലിയില്‍ പങ്കെടുത്തത്. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഹസ്‌നാ ഫെബിന്‍, ഹാദിയ റഷീദ്, ജില്ലാ നേതൃത്വങ്ങളായ സന ജയ്ഫര്‍, ഫാത്തിമ ബിന്‍സിയ, ഫാത്തിമാ ഷെറിന്‍, മുബീന, താരിഖ് ജബിന്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it