- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇഷ്ടമുള്ള കോഴ്‌സ് പഠിക്കാനാകാതെ ആയിരങ്ങള്‍; മലബാര്‍ മേഖലയില്‍ പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ തുടങ്ങാന്‍ പണമില്ലെന്ന് സര്‍ക്കാര്‍
എല്ലാവര്‍ഷവും എസ്എസ്എല്‍സി പരീക്ഷ ഫലം പുറത്ത് വരുമ്പോള്‍ മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം ചര്‍ച്ചയാകും. എല്ലാവര്‍ക്കും ഉപരിപഠനത്തിന് സൗകര്യമുണ്ടാകും എന്ന് വകുപ്പ് മന്ത്രിയുടെ തുടരേ തുടരെയുള്ള പ്രസ്താവനയുമുണ്ടാകും. കഴിഞ്ഞ 20 വര്‍ഷമായി മാറി മാറിവരുന്ന സര്‍ക്കാരുകള്‍ ഉറപ്പുകള്‍ നല്‍കികൊണ്ടേയിരിക്കും. പ്രതിവര്‍ഷം 2900 ഓളം കുട്ടികള്‍ പ്ല്‌സ് വണ്ണിന് അഡ്മിഷന്‍ ലഭിക്കാതെ പോവുകയാണ്. മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ അഡ്മിഷന്‍ ലഭിക്കാത്ത കുട്ടികള്‍ ആശ്രയിക്കുന്നത് ഓപ്പണ്‍ സ്‌കൂളിനെയാണ്. ഓപ്പണ്‍ സ്‌കൂളില്‍ ഏഴുവര്‍ഷത്തില്‍ ഉപരിപഠന യോഗ്യത നേടാതെ പോയത് 26858 വിദ്യാര്‍ഥികളാണ്. ഓപ്പണ്‍ സകൂള്‍ കുട്ടികളുടെ പഠിക്കാനുള്ള വാസനയെ തന്നെ കെടുത്തുന്ന രൂപത്തിലുള്ളതാണ്.
മലബാറിലെ പൊതു വിദ്യാഭ്യാസം കുത്തഴിഞ്ഞു കിടക്കുകയാണ്. ഒരു ഉദാഹരണം കൊണ്ട് അവസ്ഥ മനസ്സിലാക്കാം. എടരിക്കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒരു വര്‍ഷം പത്താം ക്ലാസ് പാസ്സാകുന്നത് 2075 കുട്ടികളാണ്. അതേസമയം കുട്ടനാട് താലൂക്കില്‍ ഒരു വര്‍ഷം പത്താം ക്ലാസ് പാസ്സാകുന്നത് 2045 കുട്ടികള്‍ മാത്രമാണ്.
മലബാര്‍ മേഖലയില്‍ വേണ്ടത്
താലൂക്ക് അടിസ്ഥാനത്തില്‍ 650 പ്ലസ് വണ്‍ ബാച്ചുകളാണ് വേണ്ടത്. ഇതില്‍ ഒടുവില്‍ അനുവദിച്ചത് 75 താല്‍ക്കാലിക ബാച്ചുകള്‍ മാത്രമാണ്. അടുത്ത വര്‍ഷം ആവശ്യമായ ബാച്ചുകളുടെ എണ്ണം 1000 ആയി ഉയരും. തെക്കന്‍ ജില്ലകളില്‍ കുട്ടികളില്ലാതെ പ്ലസ് വണ്‍ ബാച്ചുകള്‍ ഒഴിഞ്ഞു കിടക്കുമ്പോഴാണ് മലബാര്‍ മേഖലയില്‍ ആഗ്രഹിച്ച കോഴ്‌സ് പഠിക്കാന്‍ കഴിയാതെ വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടുന്നത്.
ഓപണ്‍ സ്‌കൂള്‍ പഠനം എങ്ങനെ
ഗൗരവമുള്ള പഠനമല്ല ഓപ്പണ്‍ സ്‌കൂളുകളില്‍ നടക്കുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷത്തെ കണക്ക് പ്രകാരം മലബാര്‍ മേഖലയില്‍ 454706 കുട്ടികളാണ് പ്ലസ് വണ്ണിന് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഉപരിപഠന യോഗ്യത നേടിയത് 174245 കുട്ടികളാണ്. 276858 വിദ്യാര്‍ഥികളാണ് ഓപ്പണ്‍ സ്‌കൂളില്‍ പരാജയപ്പെട്ടത്. അതായത്, തുടര്‍പഠനത്തില്‍ നിന്ന് എന്നന്നേക്കുമായി അപ്രത്യക്ഷമായത് 276858 വിദ്യാര്‍ഥികളാണ്.
കേരളത്തിലെ മൊത്തം ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ 45 ശതമാനവും മലപ്പുറം ജില്ലയിലാണ്. റെഗുലര്‍ പഠനം നടത്തുന്ന കുട്ടികളില്‍ 84 ശതമാനം പേര്‍ വിജയിക്കുമ്പോള്‍, ഓപണ്‍ സ്‌കൂളില്‍ അത് 40 ശതമാനത്തില്‍ താഴെയാണ്.
കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ 1,35,600 വിദ്യാര്‍ഥികളാണ് മലപ്പുറം ജില്ലയില്‍ ഓപണ്‍ സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ 84442 പേരും ഉപരിപഠനത്തിന് യോഗ്യത നേടാത്തവരാണ്. 2021 വര്‍ഷത്തില്‍ പ്ലസ്ടു വിജയശതമാനം 87,94 ശതമാനമായിരുന്നു. ഓപണ്‍ സ്‌കൂളില്‍ ഇത് 53 ശതമാനം മാത്രമായിരുന്നു. 2015ല്‍ ഇത് 35.95, 16ല്‍ 29.74, 17ല്‍ 31.89, 18ല്‍ 37.51, 19ല്‍ 43.48, 20ല്‍ 43.64 എന്നിങ്ങനെയാണ് ഓപണ്‍ സ്‌കൂളിലെ വിജയശതമാനം. 2021ല്‍ ഓപണ്‍ സ്‌കൂളില്‍ പഠിച്ച് 621 പേര്‍ എല്ലാവിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു.
ഓപ്പണ്‍ സ്‌കൂളിലെ പഠിക്കുന്ന ആണ്‍കുട്ടികള്‍ പഠനത്തിനേക്കള്‍ പലപ്പോഴും പ്രാധാന്യം നല്‍കുന്നത് ചെറു തൊഴിലുകള്‍ക്കാണ്. കൂടുതല്‍ കുട്ടികളും സമാന്തരമായി ചെറു വരുമാന ദായക തൊഴിലെടുക്കുന്നവര്‍ കൂടിയാണ്. വരുമാനം വരുന്നതോടെ 16കാരന് പഠനത്തില്‍ താല്‍പര്യം കുറയുകയും മറ്റു മേഖലയിലേക്ക് കടക്കുകയുമാണ് ചെയ്യുക. മതിയായ യോഗ്യതയില്ലാത്തവരാണ് അധ്യാപകരായി വരുന്നത്. പ്ലസ്ടുവിന് കൂടുതല്‍ കുട്ടികളും പരാജയപ്പെടുകയാണ് പതിവെന്ന് കരുവാരക്കുണ്ടിലെ ഓപണ്‍ സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥി സല്‍മാന്‍ പറയുന്നു.
പ്ലസ് വണ്ണിന് അഡ്മിഷന്‍ കിട്ടാന്‍ വൈകുന്ന സാഹചര്യത്തിലാണ് പലകുട്ടികളും ഓപ്പണ്‍ സ്‌കൂളില്‍ അഡ്മിഷനെടുക്കുന്നത്. എ പ്ലസും എയുമൊക്കെ ലഭിച്ച കുട്ടികളാണ് ഇങ്ങനെ ഓപണ്‍ സ്‌കൂളിലേക്ക് മാറുന്നത്. അവസാനഘട്ട അലോട്ട്്‌മെന്റ് പല കുട്ടികളും ശ്രദ്ധിക്കാറില്ല. ഓപണ്‍ സ്‌കൂളില്‍ രജിസ്റ്റര്‍ ചെയത് ഫീസ് അടച്ചതിനാല്‍ പിന്നീട് പ്ലസ് വണ്‍ അഡ്മിഷന്‍ എടുക്കാന്‍ കഴിയില്ല എന്ന ധാരണയാണ് പലര്‍ക്കുമുള്ളത്.
പല രീതിയിലാണ് ഓപണ്‍ സ്‌കൂളിലെ ക്ലാസ് ടൈം. മലപ്പുറം ജില്ലയിലെ പല ഭാഗത്തും ഷിഫ്റ്റ് അടിസ്ഥാനത്തിലാണ്. ചിലയിടത്ത് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക 12.30വരെയും, മറ്റിടങ്ങളില്‍ ഉച്ചയ്ക്ക് ശേഷം തുടങ്ങി 4.30വരെയുമാണ്. രാവിലെ 10മുതല്‍ വൈകീട്ട് 3.30വരെയാണ് വയനാട് ജില്ലയിലെ ക്ലാസ് ടൈം.
അനന്തമായി നീളുന്ന മലബാറിലെ പ്ലസ് വണ്‍ അഡ്മിഷന്‍ പ്രോസസ്
ഇത്തവണ സെപ്തംബറില്‍ തുടങ്ങിയ പ്ലസ് വണ്‍ അഡ്മിഷന്‍ പ്രോസസ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇൗ അനിശ്ചിതത്വം എല്ലാ വര്‍ഷവും മലബാര്‍ മേഖലയിലുണ്ടാകാറുണ്ട്. ഇത് കുട്ടികളെ മാനസികമായി തളര്‍ത്തുകയാണ്. വൈകി അനുവദിക്കുന്ന സീറ്റോ ബാച്ചോ കുട്ടികള്‍ക്ക് പ്രയോജനപ്പെടാന്‍ സാധ്യത കുറവാണ്. തെക്കന്‍ ജില്ലകളില്‍ പഠനപ്രവര്‍ത്തനങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ നടക്കുമ്പോള്‍ മലബാറില്‍ ഇപ്പോഴും അനിശ്ചിതത്വമാണ്. അഡ്മിഷന്‍ വൈകുന്നതോടെ വലിയൊരു വിഭാഗം കുട്ടികള്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളിലേക്കും ഓപ്പണ്‍ സ്‌കൂളിലേക്കും മാറും. എല്ലാവര്‍ഷവും പ്ലസ് വണ്ണിന് മതിയായ സീറ്റ് അനുവദിക്കണമെന്ന് എസ്എസ്എല്‍സി ഫലം വരുന്നതിന് മുന്‍പേ ആവശ്യമുയരുമെങ്കിലും നടപടിയുണ്ടാകാറില്ല.
അധ്യാപകരെ പുനര്‍വിന്യസിക്കല്‍
തെക്കന്‍ ജില്ലകളിലെ ബാച്ചുകളില്‍ കുട്ടികളില്ലാതാവുമ്പോള്‍ മലബാര്‍ മേഖലയിലേക്ക് ഈ ബേച്ചുകള്‍ മാറ്റും. എന്നാല്‍, തെക്കന്‍ ജില്ലകളിലെ അധ്യാപകര്‍ മലബാറിലേക്ക് പോകാന്‍ പലപ്പോഴും തയ്യാറാകാറില്ല. അതേസമയം, ഏറ്റവും കൂടുതല്‍ ഹയര്‍സെക്കണ്ടറി അധ്യാപകരുള്ളത് തെക്കന്‍ ജില്ലകളിലുമാണ്.
പുതിയ ബാച്ച് തുടങ്ങാന്‍ പണമില്ലെന്ന്
മലബാര്‍ മേഖലയില്‍ പുതിയ ബാച്ച് തുടങ്ങാന്‍ പണമില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജീവന്‍ ബാബുവാണ് പുതിയ ബാച്ച് അനുവദിക്കാന്‍ പണില്ലെന്ന് പറഞ്ഞത്. അടിയന്തിര ആവശ്യമില്ലാത്ത കെ റെയില്‍ പദ്ധതിക്ക് പിന്നാലെ പോകുന്ന സര്‍ക്കാരാണ് സേവന മേഖലയായ വിദ്യാഭ്യാസ മേഖലയില്‍ പണം മുടക്കാനില്ലെന്ന് പറയുന്നത്. കഴിഞ്ഞ 20 വര്‍ഷമായി പ്ലസ് വണ്‍ സീറ്റ് കുറവ് പരിഹരിക്കാതെ കുട്ടികളുടെ തുടര്‍പഠനം താറുമാറായിരിക്കുകയാണ്.
മറ്റ് ഉപരിപഠന സാധ്യതകള്‍
എസ്എസ്എല്‍സിക്ക് ശേഷം വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറി, പോളി ടെക്‌നിക്, ഐടിഐ എന്നിങ്ങനെയാണ് പ്ലസ് വണ്‍ കഴിഞ്ഞാലുള്ള പ്രധാന ഉപരിപഠന കോഴ്‌സുകള്‍. മലബാര്‍ മേഖലയില്‍ ഈ മൂന്ന് സെക്ടറിലും മതിയായ സ്ഥാപനങ്ങളില്ല. അതുകൊണ്ട് തന്നെ മഹാഭൂരിപക്ഷം വിദ്യാര്‍ഥികളും ഓപ്പണ്‍ സ്്കൂളിനെയാണ് തുടര്‍പഠനത്തിന് ആശ്രയിക്കുന്നത്.
അടിസ്ഥാന സൗകര്യമില്ലാത്ത സ്‌കൂളുകള്‍
മലബാര്‍ മേഖലയിലെ സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യമില്ലാത്തത് വലിയ പഠന പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മതിയായ ലാബ് സൗകര്യം പലേടത്തുമില്ല. സയന്‍സ് ലാബിന്റെ വിസ്തീര്‍ണം സര്‍ക്കാര്‍ നോംസ് പ്രകാരം 20X40 ആണ്. എന്നാല്‍ ഇതിന്റെ പകുതി വിസ്തീര്‍ണം പോലും ലാബുകള്‍ക്കില്ല.
പുതിയ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുമ്പോള്‍ ആനുപാതികമായി അടിസ്ഥാന സൗകര്യങ്ങളും ആ സ്‌കൂളുകളില്‍ ഒരുക്കണം. എന്നാല്‍, അക്കാഡമിക് ഇയര്‍ തുടങ്ങി മാസങ്ങള്‍ക്ക് ശേഷം അനുവദിക്കുന്ന ബാച്ചുകള്‍ക്കായി ഒരു സൗകര്യവും ഒരുക്കാറില്ല. പ്രൈമറി തലം മുതല്‍ സര്‍ക്കാര്‍ സകൂളുകളുടെ അവസ്ഥ ദയനീയമാണ്.
ഒരു ക്ലാസില്‍ പരമാവധി 50 പേര്‍ എന്നത് മലബാറില്‍ 65 മുതല്‍ 75വരെ
ഒരു പ്ലസ് വണ്‍ ബാച്ചില്‍ പരമാവധി പ്രവേശിപ്പിക്കാനുള്ള കുട്ടികളുടെ എണ്ണം 50 ആണ്. എന്നാല്‍ മലബാര്‍ ജില്ലകളിലെ പല സ്‌കൂളികളും ഇത് പാലിക്കപ്പെടാറില്ല. ഒരു ബാച്ചില്‍ 65 മുതല്‍ 75 കുട്ടികളെ വരെയാണ് അഡ്മിറ്റ് ചെയ്യുന്നത്. ഒരു ക്ലാസില്‍ 30 കുട്ടികളില്‍ കൂടുതല്‍ പഠിപ്പിക്കാന്‍ കഴിയില്ലെന്ന പഠനങ്ങള്‍ പുറത്തുവരുമ്പോഴാണ് ഇരട്ടിയിലധികം വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നത്.
ക്ലാസില്‍ ഒരു അധ്യാപകന്റെ ശ്രദ്ധ പരമാവധി പതിയുക 50 താഴെ കുട്ടികളില്‍ മാത്രമാണെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുമ്പോഴാണ് മലബാറില്‍ ഈ നില തുടരുന്നത്. പ്ലസ് വണ്‍ എന്ന വളരെ എനെര്‍ജെറ്റികും വൈബ്രന്റുമായിട്ടുള്ള പ്രായത്തിലെ വിദ്യാര്‍ഥികളുടെ പഠനം കൂടുതല്‍ ഇടുങ്ങുന്നത് പല പഠനപ്രശ്‌നങ്ങള്‍ക്കും ഇടയാക്കും എന്നത് വസ്തുതയാണ്.
പഠന പ്രക്രിയയില്‍ നിന്ന് പുറത്താകുന്നവര്‍
പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തിലൂടെ വിദ്യാഭ്യാസ മേഖലയില്‍ നിന്ന് തന്നെ പുറത്താവുന്നത് മലബാറിലെ തിയ്യരും ദലിതരും മുസലിംകളുമാണ്. സാമ്പത്തിക ശേഷിയുള്ളവര്‍ എയ്ഡഡ്, അണ്‍ എയ്ഡഡ് സ്ഥാപനങ്ങളെ ആശ്രയിക്കുമ്പോള്‍ സാമ്പത്തിക ശേഷിയില്ലാത്തവരാണ് വിദ്യാഭ്യാസ മേഖലയില്‍ നിന്ന് പുറത്താവുന്നത്. മലബാര്‍ മേഖലയോടുള്ള പ്രകടമായ വിവേചനമായിട്ടാണ് പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന ഡോ. മുഹമ്മദ് കുട്ടിയെപ്പോലുള്ളവര്‍ വ്യക്തമാക്കുന്നത്.
RELATED STORIES
കാട്ടുതീ; ഓസ്കര് അവാര്ഡ്ദാനച്ചടങ്ങ് റദ്ദാക്കിയേക്കും
15 Jan 2025 7:37 AM GMTഅഴിമതി ആരോപണം; ഷെയ്ഖ് ഹസീനയുടെ മരുമകള് ബ്രിട്ടീഷ് മന്ത്രിസ്ഥാനം...
15 Jan 2025 7:05 AM GMTദക്ഷിണകൊറിയന് ചരിത്രത്തില് ആദ്യം; പ്രസിഡന്റ് യൂണ് സുക് യോല്...
15 Jan 2025 5:46 AM GMTദക്ഷിണാഫ്രിക്കയില് അനധികൃത ഖനിക്കുള്ളില് നിര്ജലീകരണത്തെ തുടര്ന്ന്...
15 Jan 2025 5:38 AM GMT''ബ്ലഡി ബ്ലിങ്കന്, വംശഹത്യയുടെ സെക്രട്ടറിയാണ് നിങ്ങള്''; ആന്റണി...
15 Jan 2025 3:52 AM GMT''ഭീകരവാദം സ്പോണ്സര്'' ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില് നിന്നും...
15 Jan 2025 2:02 AM GMT