Movies

മാറുന്ന സിനിമയുടെ വര്‍ത്തമാനം

'സാള്‍ട്ട് ആന്റ് പെപ്പറി'ല്‍ നിന്ന് ആഷിക് 'വൈറസി'ലേക്കുള്ള വെറും ആറു ചിത്രങ്ങളുടെ ദൂരം നടന്നടുക്കുമ്പോഴേക്കും മലയാളിയുടെ ചലച്ചിത്ര സമീപനവും ഭാവുകത്വവും ആസ്വാദന നിലവാരവും തന്നെ അപ്പാടെ പരിവര്‍ത്തിതമായിക്കഴിഞ്ഞിരുന്നു.

മാറുന്ന സിനിമയുടെ വര്‍ത്തമാനം
X

കെ സി ശൈജല്‍

മലയാള സിനിമ വിപ്ലവപൂര്‍ണമായ ഒരു ചരിത്രഘട്ടത്തിലൂടെയാണു കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. 2011ല്‍ ഇറങ്ങിയ രാജേഷ് പിള്ളയുടെ 'ട്രാഫിക്', ആഷിക് അബുവിന്റെ 'സാള്‍ട്ട് ആന്റ് പെപ്പര്‍' എന്നീ ചിത്രങ്ങളിലൂടെ മുഴങ്ങിയ മാറ്റത്തിന്റെ ശംഖൊലിക്ക് സത്യത്തില്‍ ഇത്രമേല്‍ പ്രഹരശേഷി ഉണ്ടായിരിക്കുമെന്ന് അന്ന് ഇന്‍ഡസ്ട്രിയോ നിരൂപകരോ സിനിമാ പ്രേമികളോ ആരുംതന്നെ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍, വെറും എട്ടു വര്‍ഷത്തിനുള്ളില്‍ എണ്ണം പറഞ്ഞ നിരവധി സിനിമകള്‍ പുറത്തെത്തിക്കുകയും പ്രതിഭകളുടെ കുത്തൊഴുക്ക് നടത്തുകയും ചെയ്തു എന്നതു മാത്രമല്ല നവനിര സിനിമ മലയാളിക്കു നല്‍കിയ സംഭാവന. രാജേഷ് പിള്ള അകാലത്തില്‍ വിടവാങ്ങിയെങ്കിലും 'സാള്‍ട്ട് ആന്റ് പെപ്പറി'ല്‍ നിന്ന് ആഷിക് 'വൈറസി'ലേക്കുള്ള വെറും ആറു ചിത്രങ്ങളുടെ ദൂരം നടന്നടുക്കുമ്പോഴേക്കും മലയാളിയുടെ ചലച്ചിത്ര സമീപനവും ഭാവുകത്വവും ആസ്വാദന നിലവാരവും തന്നെ അപ്പാടെ പരിവര്‍ത്തിതമായിക്കഴിഞ്ഞിരുന്നു. കട്ട ലോക്കലും അതേസമയം, തികച്ചും അന്താരാഷ്ട്ര നിലവാരത്തിലുള്ളതുമായ സിനിമകള്‍ പുറത്തിറങ്ങുക മാത്രമല്ല നിരൂപകദൃഷ്ടിയിലും ബോക്‌സ് ഓഫിസിലും അവ ഓളങ്ങളുണ്ടാക്കുക കൂടി ചെയ്യുന്ന തരത്തിലേക്ക് കൊട്ടിഘോഷിക്കപ്പെട്ട ആര്‍ട്ട് ഹൗസ് സിനിമയുടെ അറുബോറന്‍ കാലത്ത് നിന്നു മലയാള സിനിമ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ആഷികിന്റെ ശിഷ്യന്‍ കൂടിയായ ദിലീഷ് പോത്തന്റെ 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', സക്കറിയയുടെ 'സുഡാനി ഫ്രം നൈജീരിയ', ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ഈ മ യൗ' എന്നീ നവനിര സിനിമകള്‍ മലയാള സിനിമയുടെ ഒരു നൂറ്റാണ്ടു ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വര്‍ക്കുകളാണ്. ശ്യാം പുഷ്‌കരന്‍, അന്‍വര്‍ റഷീദ്, അമല്‍ നീരദ്, അഞ്ജലി മേനോന്‍, അല്‍ഫോണ്‍സ് പുത്രന്‍, രാജീവ് രവി, വേണു, സജിന്‍ ബാബു, സമീര്‍ താഹിര്‍, സൗബിന്‍ ഷാഹിര്‍, ഷാനവാസ് കെ. ബാവക്കുട്ടി, ഖാലിദ് റഹ്മാന്‍, വി.സി അഭിലാഷ്, മുഹ്‌സിന്‍ പരാരി, മഹേഷ് നാരായണന്‍, മധു സി. നാരായണന്‍, പ്രശോഭ് വിജയന്‍ എന്നുതുടങ്ങി ഏറ്റവുമൊടുവില്‍ അഷ്‌റഫ് ഹംസയിലും അനുരാജ് മനോഹറിലും ഹര്‍ഷദിലും എത്തിനില്‍ക്കുകയാണ് കാമറയ്ക്കു പിന്നില്‍ നിന്നു മലയാള സിനിമയെ കാലത്തിന്റെ മുന്നിലേക്കു നയിക്കുന്ന പ്രതിഭാധനരായ ചലച്ചിത്രകാരന്മാരുടെ നീണ്ട പട്ടിക.

നവനിര സിനിമകളുടെ കുതിപ്പ് ഏറ്റവുമെളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഈ ഒരൊറ്റ വര്‍ഷത്തെ സിനിമകള്‍ പരിശോധിച്ചാല്‍ മതി. ഫെബ്രുവരി മുതല്‍ ജൂണ്‍ പകുതി വരെയുള്ള, ഏതാണ്ട് നാലു നാലര മാസത്തിനുള്ളിലാണു 'കുമ്പളങ്ങി നൈറ്റ്‌സ്', 'വൈറസ്', 'ഇഷ്‌ക്', 'തമാശ', 'ഉണ്ട' എന്നീ അഞ്ചു ശ്രദ്ധേയ ചിത്രങ്ങള്‍ പുറത്തിറങ്ങുന്നത്. 'പേരന്‍പ്' ഇതിനു പുറമേയും! മാറുന്ന മലയാള സിനിമയുടെ മനോഹര വിളംബരങ്ങളാണീ സിനിമകള്‍ ഓരോന്നും. നവസിനിമയുടെ അഴകും ആഴവും അടുത്തറിയാന്‍ ഇക്കൂട്ടത്തില്‍നിന്ന് ഒന്നോ രണ്ടോ സിനിമകള്‍ അവലോകനം ചെയ്താല്‍ മാത്രം മതി. ഒരു ഉദാഹരണത്തിന്, പെരുന്നാളിനോടനുബന്ധിച്ചു പുറത്തിറങ്ങിയ ചിത്രങ്ങളില്‍ എത്രയെളുപ്പത്തിലാണ് 'ഇഷ്‌ക്', 'തമാശ' എന്നീ സിനിമകള്‍ പ്രേക്ഷകരെയും നിരൂപകരെയും ഒരേസമയം ആകര്‍ഷിക്കുന്നതെന്ന് അദ്ഭുതത്തോടെയേ നോക്കിക്കാണാനാവൂ.

'തമാശ'

അപകര്‍ഷതയുടെയും ആത്മസംഘര്‍ഷങ്ങളുടെയും അപരനിന്ദയുടെയും വിവര്‍ണദേശങ്ങളില്‍നിന്ന് സ്‌നേഹനിര്‍ഭരതയുടെ ബഹുവര്‍ണങ്ങളിലേക്കു ശ്രീനിവാസന്‍ മാഷെയും പിറകിലിരുത്തി ബൈക്കോടിച്ചു വരുന്ന ചിന്നുവിന്റെ ദൃശ്യം അഷ്‌റഫ് ഹംസയുടെ 'തമാശ'യിലെ ഏറെ കുളിര്‍മയുള്ള ഒരു നിമിഷമാണ്.

ചിന്നുവും മാഷും വ്യത്യസ്ത ലോകവീക്ഷണങ്ങള്‍ സൂക്ഷിക്കുന്ന രണ്ടു വേറിട്ട വ്യക്തിത്വങ്ങളാണെങ്കിലും ഒരേതരം സാമൂഹിക പരിതാവസ്ഥകളിലേക്കു ബഹിഷ്‌കൃതരായവരെന്ന നിലയ്ക്കു പരസ്പരം ഐക്യപ്പെടുന്ന ഇരകള്‍ കൂടിയാണ്. ഈ ജീവിതപരിസരം വച്ചാണ് 'തമാശ' വര്‍ക്കൗട്ടാവുന്നത്. അതേസമയം, ജീവിതത്തിന്റെ പൊള്ളുന്ന നടുമുറ്റത്ത് പരാജിതനായി വീണുപോവുന്ന പുരുഷനെ കൈപിടിച്ചുയര്‍ത്താന്‍ കരുത്ത് കാട്ടുന്ന പെണ്ണ് എന്ന തലത്തില്‍ ചിന്നു ഒരടി മുന്നില്‍ നില്‍ക്കുന്നതായും കാണാം. ബൈക്കിന്റെ മുന്നില്‍ അവളിരിക്കുന്നതിന്റെ അന്വര്‍ഥവും മറ്റൊന്നാവില്ല.

ശരീരപ്രകൃതിയെ അപകര്‍ഷപ്പെടുത്തുകയും മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി മൂക്കു കൊണ്ടുപോയിടാനുള്ള പ്രവണതകളെയും ശക്തമായി ചോദ്യം ചെയ്യുകയും തിരുത്തുകയും ചെയ്യുന്നു 'തമാശ'യുടെ കേന്ദ്ര പ്രമേയം. 'കുമ്പളങ്ങ ജ്യൂസ് കുടിച്ചാല്‍ തടി കുറയുമെന്നു കാലങ്ങളായി ആളുകള്‍ എന്നെ ഉപദേശിക്കുന്നു; എനിക്കുമതറിയാം. പക്ഷേ, എനിക്കിഷ്ടം കുമ്പളങ്ങയല്ല, ഫലൂദയാണ്. ഞാന്‍ തടിച്ചിട്ടായതില്‍ എനിക്കൊരു പ്രശ്‌നവുമില്ല. പിന്നെ നിങ്ങള്‍ക്കെന്താ?' എന്ന ചിന്നുവിന്റെ ചോദ്യത്തിന് ഇടിമുഴക്കത്തിന്റെ കരുത്തുണ്ട്.

എന്നാല്‍, ഈ കേന്ദ്ര പ്രമേയത്തോടൊപ്പം മറ്റുപലതും 'തമാശ' വളരെ ഗൗരവമായി പറഞ്ഞുവയ്ക്കുന്നുണ്ട്. രംഗബോധമില്ലാതെ മരണമെന്നപോലെ ജീവിതവും ചിലപ്പോഴൊക്കെ നടത്തുന്ന കോമാളിത്തരങ്ങള്‍ മനുഷ്യനെ എത്രമേല്‍ നിഷ്പ്രഭനാക്കിക്കളയുന്നു എന്ന തത്ത്വചിന്ത 'തമാശ'യിലുടനീളം തെളിഞ്ഞുകാണാം. ഉള്ളടഞ്ഞുപോയ സാമൂഹിക മനസ്സിനെ പൊട്ടിച്ചിരിപ്പിക്കുന്ന കോമഡിയായും ഉര്‍വരമായ മനസ്സാക്ഷിയെ സ്തബ്ധമാക്കുകയും സങ്കടപ്പെടുത്തുകയും ചെയ്യുന്ന ദുരന്തമായും ഒരേസമയം പറന്നുകൊത്തുന്ന അപാരമായ കാഴ്ചപ്പെടുത്തലാണത്. ഇത്രയും അഭിനയശേഷി ഇവരില്‍ ഒളിഞ്ഞിരിപ്പുണ്ടായിരുന്നോ എന്ന് പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിക്കളയുന്ന പ്രകടനമാണു വിനയ് ഫോര്‍ട്ടിന്റെയും ചിന്നു നന്ദിനിയുടേതും. 'സുഡാനി'യില്‍ ഓട്ടോറിക്ഷയില്‍ പാസ്‌പോര്‍ട്ട് വച്ചു മറന്ന നവാസ് വള്ളിക്കുന്ന് ഈ രണ്ടാം വരവില്‍ അയത്‌ന ലളിതമായ അഭിനയമികവോടെ വലിയൊരു ബ്രേക്ക് നേടിയെടുക്കുന്നതും 'തമാശ'യുടെ മുഴുനീള സൗന്ദര്യമാണ്.

സോഷ്യല്‍ മീഡിയയെ ഇത്രയ്ക്ക് അശ്രദ്ധമായി കൈകാര്യം ചെയ്യുന്ന ഒരു സമൂഹം മലയാളികളെപ്പോലെ ലോകത്തു വേറെയുണ്ടോ എന്നു സംശയമാണ്. അവനവന്റെ ചീഞ്ഞുനാറുന്ന അകത്തളങ്ങളിലെ വിദ്വേഷത്തിന്റെയും കാമത്തിന്റെയും അസൂയയുടെയും അതൃപ്തികളുടെയും മാലിന്യം മുഴുവന്‍ അപരന്റെ പോസ്റ്റുകളില്‍ കൊണ്ടുവന്നു തള്ളാന്‍ മലയാളി കാണിക്കുന്ന ഔത്സുക്യം അമ്പരപ്പിക്കുന്നതാണ്. ഈ നൃശംസതയെ കീറിപ്പറിച്ചുകളയാന്‍ 'തമാശ' ധൈര്യപ്പെടുന്നു.

ധൈര്യത്തിന്റെ കാര്യത്തില്‍ അഷ്‌റഫ് എന്തിനും പോന്നവനാണെന്നതില്‍ അല്ലെങ്കിലും സംശയമില്ല. താപ്പാനകളായി സ്വയം മേഞ്ഞുനടക്കുന്ന എന്നാല്‍, ആര്‍ക്കും വേണ്ടാത്തതും ആളുകളെ റിയല്‍ സിനിമയില്‍ നിന്ന് അകറ്റിക്കളയുന്നതുമായ ചില ആര്‍ട്ട് സിനിമാ ആശാന്മാരെ തന്റെ ആദ്യ സിനിമയില്‍ തന്നെ തെറിവിളിക്കാന്‍ മറ്റാരെങ്കിലും ഇറങ്ങിപ്പുറപ്പെടുമോ!

കുനുകുനെ വീര്‍ക്കുകയും പൊട്ടുകയും ചെയ്യുന്ന ചിരിയുടെയും ഹാസ്യത്തിന്റെയും കുമിളകളാല്‍ സമൃദ്ധവും സുന്ദരവുമാണ് അഷ്‌റഫിന്റെ ക്രാഫ്റ്റ്. ഇടയ്ക്ക് കണ്ണീരിന്റെ ഐസിങ് കൂടി വന്നുചേരുമ്പോള്‍ 'തമാശ' മനോഹരമായ ഒരു അനുഭവമായി മാറുന്നു. റെക്‌സ് വിജയനും ഷഹ്ബാസ് അമനും ചേര്‍ന്നൊരുക്കിയ സംഗീതവും ആശാ ജീവന്റെ സ്വരമാധുരിയും ഷഫീഖ് മുഹമ്മദിന്റെ ചിത്ര സംയോജനവും തപസിന്റെ ശബ്ദലേഖനവും സിനിമയ്ക്കു കൂടുതല്‍ മിഴിവേകുന്നു.

'ഇഷ്‌ക്'

ഞെട്ടിച്ചുകളയുന്ന ഫസ്റ്റ് ഹാഫാണ് അനുരാഗ് മനോഹറിന്റെ 'ഇഷ്‌കി'ന്റേത്. 'നോട്ട് എ ലൗ സ്‌റ്റോറി' എന്നു ടാഗ്‌ലൈനില്‍ പറയുന്നുണ്ടെങ്കിലും 'ഇഷ്‌ക്' എന്ന ആ പേരും ഷെയ്ന്‍ നിഗം എന്ന പ്രണയ നായകനും ജെയ്ക്‌സ് ബിജോയിയുടെ 'പറയുവാന്‍' എന്ന സുന്ദരഗാനവും ആദ്യത്തെ അര മണിക്കൂറിലെ മധുരം കിനിയുന്ന പ്രണയരംഗങ്ങളും ആസ്വദിക്കുന്ന പ്രേക്ഷകന്‍ ഇതു ലൗ സ്‌റ്റോറി തന്നെയാണെന്ന് ഉറപ്പിക്കുന്ന ഘട്ടത്തിലാണു പടത്തിലെ ആദ്യ ട്വിസ്റ്റ് സംഭവിക്കുന്നത്. അവിടുന്നങ്ങോട്ട് ഇന്റര്‍വല്‍ വരെ കേന്ദ്ര കഥാപാത്രങ്ങളായ സച്ചിയും വസുധയും കടന്നുപോവുന്ന ഭീകരമായ ട്രോമ പ്രേക്ഷകനെക്കൂടി അനുഭവിപ്പിക്കുന്ന അനുരാഗ് മനോഹര്‍ അരങ്ങേറ്റത്തില്‍ത്തന്നെ അപാരമായ സംവിധാനമികവിന്റെ കൈയൊപ്പ് ചാര്‍ത്തുകയാണ്. അത്യന്തം മനസ്സില്‍ തുളച്ചുകയറുന്ന രീതിയിലാണ് ഈ ഘട്ടത്തില്‍ പടത്തിന്റെ സഞ്ചാരം.

ഒറ്റനോട്ടത്തില്‍ സദാചാര പോലിസിങ്ങിനെയാണ് 'ഇഷ്‌ക്' ലക്ഷ്യം വയ്ക്കുന്നതെന്നു തോന്നാമെങ്കിലും ആണധികാരത്തിന്റെ ആണിക്കല്ലുകളെ കശക്കിയെറിയുന്ന സ്ത്രീപക്ഷ രാഷ്ട്രീയം പടത്തിന്റെ രചയിതാവ് രതീഷ് രവി 'ഇഷ്‌കി'ന്റെ അന്തര്‍ധാരയില്‍ ചേര്‍ത്തുനിര്‍ത്തുന്നുണ്ട്. സച്ചി നടത്തിയ ഒറ്റയാള്‍ പോരാട്ടം പോലും പ്രണയവേദനയാലോ പ്രതികാരചിന്തയാലോ എന്തിനു തങ്ങള്‍ സഹിച്ച കഠിനമായ അപമാനഭാരത്താലോ അല്ല, മറിച്ച് വസുധയുടെ പാതിവൃത്യശുദ്ധിയുടെ തീര്‍പ്പുമായി ബന്ധപ്പെട്ടാണു കൂടുതല്‍ തീവ്രമായി പ്രചോദിതമാവുന്നത്. ആ ആണധികാരത്തെ വസുധ ഉജ്ജ്വലമായി പ്രതിരോധിക്കുന്നത് 'ഇഷ്‌കി'ന്റെ കൊടിയടയാളമാണ്.

മമ്മൂട്ടി, മോഹന്‍ലാല്‍; ജോഷി, പ്രിയദര്‍ശന്‍ തുടങ്ങിയ വമ്പന്‍ ബ്രാന്‍ഡുകള്‍ മുതല്‍ സിനിമാ മേഖലയെ നിയന്ത്രിച്ചിരുന്ന എല്ലാ തരം താപ്പാനകളുടെയും പ്രഭാവം താന്താങ്ങളുടെ പടങ്ങളുടെ വൈശിഷ്ട്യങ്ങളിലേക്കു മാത്രമായി പരിമിതപ്പെടുത്തി എന്നത് നവനിര സിനിമ നടത്തിയ മറ്റൊരു ഞെട്ടിക്കുന്ന അട്ടിമറിയാണ്. തീര്‍ച്ചയായും ഇതിലൂടെ ചലച്ചിത്രങ്ങളുടെ പൊതുനിലവാരം തന്നെയാണു മെച്ചപ്പെട്ടത്. സിനിമ എന്ന കലാരൂപത്തെതന്നെ അങ്ങേയറ്റം യാഥാസ്ഥിതികമായി അടക്കിഭരിച്ചിരുന്ന എല്ലാ ഫ്യൂഡല്‍ മാടമ്പിത്തരങ്ങളെയും ഹര്‍ഷദിനെപ്പോലുള്ള നവസിനിമാ പ്രവര്‍ത്തകര്‍ ധീരമായി വലിച്ചു താഴെയിടുന്നതിന്റെ ആഹ്ലാദത്തിലാണിന്ന് ആസ്വാദക ലോകം. കൂടുതല്‍ ശക്തവും സുന്ദരവുമായ കലാസൃഷ്ടികള്‍ക്കായുള്ള കാത്തിരിപ്പിലുമാണവര്‍.

(തേജസ് വാരിക പ്രസിദ്ധീകരിച്ചത്)

Next Story

RELATED STORIES

Share it