Movies

മുംബൈ സ്‌ഫോടനകേസില്‍ പ്രതിചേര്‍ക്കപ്പെട്ട അധ്യാപകന്റെ കഥയുമായി 'ഹിമോലിംഫ് ദി ഇന്‍വിസിബിള്‍ ബ്ലഡ്'; മെയ് 27ന് റിലീസ്

2006 മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അബ്ദുല്‍ വാഹിദ് ഷെയ്ഖ് എന്ന സ്‌കൂള്‍ അധ്യാപകന്റെ ജീവിതമാണ് ഹീമോലിംഫില്‍ ചിത്രീകരിച്ചിരിക്കുന്നത്

മുംബൈ സ്‌ഫോടനകേസില്‍ പ്രതിചേര്‍ക്കപ്പെട്ട അധ്യാപകന്റെ കഥയുമായി ഹിമോലിംഫ് ദി ഇന്‍വിസിബിള്‍ ബ്ലഡ്; മെയ് 27ന് റിലീസ്
X

തിരുവനന്തപുരം: ഭരണകൂടവേട്ടയുടെ കഥ പറയുന്ന 'ഹിമോലിംഫ് ദി ഇന്‍വിസിബിള്‍ ബ്ലഡ്' എന്ന ചിത്രം ഈമാസം 27ന് തീയേറ്ററുകളിലെത്തും. 2006 ജൂലൈ 11ലെ മുംബൈ ട്രെയിന്‍ ബോംബ് സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അബ്ദുല്‍ വാഹിദ് ഷെയ്ഖ് എന്ന സ്‌കൂള്‍ അധ്യാപകന്റെ ജീവിതമാണ് ഹീമോലിംഫില്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

മുബൈ സ്‌ഫോടനത്തില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ അബ്ദുല്‍ വാഹിദ് ഷെയ്ഖ് മാത്രമല്ല കുടുംബവും ദുരിതത്തിലായി. നീതിക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ പോരാട്ടത്തെ കുറിച്ചും സ്‌ഫോടനങ്ങള്‍ മൂലം ജീവിതം വഴിമുട്ടിയവരെക്കുറിച്ചുമാണ് ചിത്രം പറയുന്നത്.

അബ്ദുല്‍ വാഹിദ് ഷെയ്ഖിന്റെ സാന്നിധ്യത്തില്‍, നിര്‍മ്മാതാക്കള്‍ ട്രെയിലര്‍ പുറത്തിറക്കി.

തെറ്റായി പ്രതിചേര്‍ക്കപ്പെട്ട നിരപരാധിയായ സ്‌കൂള്‍ അധ്യാപകന്റെ നിയമപോരാട്ടങ്ങളും നീതിയുടെ വീണ്ടെടുപ്പും ചിത്രത്തിന്റെ ട്രെയിലറില്‍ കാണിക്കുന്നു. ഭരണകൂടത്തിന്റെ നിഷേധ സമീപനങ്ങളും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ അദ്ദേഹവും കുടുംബവും അനുഭവിക്കേണ്ടി അതിക്രമങ്ങളും ട്രയിലറിലുണ്ട്.

ട്രെയിലര്‍ പുറത്തിറക്കിയ വേളയില്‍ ചിത്രത്തിന്റെ സംവിധായകന്‍ സുദര്‍ശന്‍ ഗമാരേ പറഞ്ഞത്, 'ഇത് എന്റെ ആദ്യ ചിത്രമാണ്, എനിക്ക് വളരെ അടുത്ത് അറിയുന്ന സംഭവമാണിത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഞാന്‍ ഈ കഥയ്‌ക്കൊപ്പമാണ്, കുറ്റാരോപിതനായ ഒരു സാധാരണക്കാരന്റെ പോരാട്ടം എല്ലാവരും കാണണമെന്ന് ആഗ്രഹമുണ്ട്. ടീസറിനും പോസ്റ്ററിനും ലഭിച്ച പ്രതികരണത്തില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്, ട്രെയിലറിനും അത് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു'.

അബ്ദുല്‍ വാഹിദ് ഷെയ്ഖിനോട് സിനിമയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറയുന്നത്, 'എന്നെക്കുറിച്ച് ഒരു സിനിമ ചെയ്യണമെന്ന ആശയവുമായി പലരും സമീപിച്ചിരുന്നു. പക്ഷേ, സുദര്‍ശന്റെ നിലപാടാണ് സിനിമ ചെയ്യണമെന്ന് ഉറപ്പിച്ച് പറയാന്‍ എന്നെ പ്രേരിപ്പിച്ചത്. വസ്തുത അതേപടി വെളിച്ചത്ത് തൊണ്ടുവരുക എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഒരു ഏച്ചുകെട്ടലുമില്ലാതെയാണ് അദ്ദേഹം സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ട്രെയിലര്‍ കണ്ടപ്പോള്‍ ഞാന്‍ കടന്നുപോയ ഭയാനകമായ വര്‍ഷങ്ങളുടെ ഒരു ഫ്‌ലാഷ്ബാക്ക് ലഭിച്ചു; എന്നെ സ്‌ക്രീനില്‍ അവതരിപ്പിച്ച റിയാസിനെ ഞാന്‍ അഭിനന്ദിക്കുന്നു. ഈ ചിത്രം ധാരാളം പേരിലേയ്ക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ക്രിമിനല്‍ നടപടികളില്‍ കുടുങ്ങുന്ന സാധാരണക്കാരന്റെ വേദനകളും ദുരിതങ്ങളും പുറം ലോകത്തെത്തിക്കാന്‍ ഈ സിനിമയ്ക്ക് കഴിയും'.

അടിമാന്‍ ഫിലിംസുമായി സഹകരിച്ച് തികത്ബാരിയും എബി ഫിലിംസ് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം എന്‍ഡി 9 സ്റ്റുഡിയോസുമായി സഹകരിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. സുദര്‍ശന്‍ ഗമാരേയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.

നടന്‍ റിയാസ് അന്‍വറാണ് വാഹിദ് ഷെയ്ഖിനെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മുജ്തബ അസീസ് നാസ പശ്ചാത്തലസംഗീതം നിര്‍വഹിച്ചു. ചിത്രത്തിന്റെ എഡിറ്റിങ് എച്ച്എം നിര്‍വഹിച്ചിരിക്കുന്നു.

Next Story

RELATED STORIES

Share it