Music

'മുക്കുറ്റി തിരുതാളി'...എന്ന ഗാനത്തിന്റെ പുനരാവിഷ്‌കാരവുമായി 'വേലൂരോണം' (വീഡിയോ)

നാടോടിപ്പാട്ടിന്റെ ശൈലിയിലുള്ള 'മുക്കുറ്റി തിരുതാളി'...എന്ന പാട്ടിന് വേലൂര്‍ എന്ന ഗ്രാമത്തിന്റെ സുന്ദരമായ ദൃശ്യങ്ങളിലൂടെ ഗ്രാമീണ നന്മയുടെ ഓണക്കാല കാഴ്ച്ചകളിലൂടെ പുതിയ ദൃശ്യാനുഭവം സൃഷ്ടിച്ചിരിക്കുകയാണ് സന്താള്‍ വേലൂരും കൂട്ടുകാരും.

മുക്കുറ്റി തിരുതാളി...എന്ന ഗാനത്തിന്റെ പുനരാവിഷ്‌കാരവുമായി വേലൂരോണം (വീഡിയോ)
X

വേലൂര്‍(തൃശൂര്‍): ഭരതന്‍ സംവിധാനം ചെയ്ത ആരവം എന്ന സിനിമയിലെ 'മുക്കുറ്റി തിരുതാളി...' എന്ന് തുടങ്ങുന്ന ഗാനം ഓണപ്പാട്ടായി പുനരാവിഷ്‌കരിക്കുകയാണ് തൃശൂര്‍ ജില്ലയിലെ വേലൂര്‍ എന്ന ഗ്രാമത്തിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍. നാടക, ഹൃസ്വ സിനിമാരംഗത്ത് കഴിഞ്ഞ 10 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സന്താള്‍ ബോധിയാണ് 'വേലൂരോണം' എന്ന ഈ സംഗീത ആല്‍ബത്തിന്റെ മുഖ്യ ശില്പി.


ഓണം പ്രകൃതിയുടെ കൂടി ആഘോഷമാണ്. പൂക്കളുടെ പൂവിളിയുടെ പൂപ്പൊലി പാട്ടുകളുടെ ഓണക്കാലത്തിന് ഗ്രാമീണ ചാരുതയുടെ ദൃശ്യഭാഷ്യം ചമയ്ച്ചിരിക്കുകയാണ് ഒരു കൂട്ടും യുവാക്കള്‍. 1979 ല്‍ മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ഭരതന്‍ സംവിധാനം ചെയ്ത് നെടുമുടി വേണുവിന്റെ ആദ്യ കളര്‍ സിനിമയായ 'ആരവം' എന്ന സിനിമയിലെ 'മൂക്കുറ്റി തിരുതാളി'...എന്ന് തുടങ്ങുന്ന ഗാനം മലയാളികള്‍ നെഞ്ചിലേറ്റിയ ഒന്നാണ്. എം ജി രാധാകൃഷ്ണന്‍ ഈണമിട്ട് കാവാലം നാരായണ പണിക്കര്‍ രചിച്ച ഈ പാട്ട് ആലപിച്ചത് ഗാനഗന്ധര്‍വന്‍ യേശുദാസ് ആണ്. നാടോടിപ്പാട്ടിന്റെ ശൈലിയിലുള്ള ഈ പാട്ടിന് വേലൂര്‍ എന്ന ഗ്രാമത്തിന്റെ സുന്ദരമായ ദൃശ്യങ്ങളിലൂടെ ഗ്രാമീണ നന്മയുടെ ഓണക്കാല കാഴ്ച്ചകളിലൂടെ പുതിയ ദൃശ്യാനുഭവം സൃഷ്ടിച്ചിരിക്കുകയാണ് സന്താള്‍ വേലൂരും കൂട്ടുകാരും.

തനിമയാര്‍ന്ന ശൈലിയിലൂടെ സംഗീത സംവിധാന രംഗത്തു ചുവടുറപ്പിച്ച മിഥുന്‍ മലയാളം ഈണം പകര്‍ന്ന പുതിയ പതിപ്പിന്റെ ആലാപനം നിര്‍വഹിച്ചിരിക്കുന്നത് ഗന്ധര്‍വ സംഗീത റിയാലിറ്റി ഷോയിലൂടെ സുപരിചതനായ ഗായകന്‍ അജിത് കൈലാസും കലോല്‍സവ വേദികളിലൂടെ വളര്‍ന്നുവന്ന ഫായിസും ചേര്‍ന്നാണ്. സുനില്‍ നായര്‍, യൂനസ്, ഷംസു എന്നിവര്‍ ചേര്‍ന്നാണ് ഛായഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പഴയ ഗാനത്തിന്റെ ആത്മാവ് നഷ്ടപ്പെടാതെ തന്നെ പുതിയ രൂപത്തില്‍ അവതരിപ്പിക്കാന്‍ അണിയറ ശില്‍പികള്‍ക്ക് സാധിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it