Kerala

മൂവാറ്റുപുഴയില്‍ കനത്ത മഴയില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

മൂവാറ്റുപുഴയില്‍ കനത്ത മഴയില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു
X

മൂവാറ്റുപുഴ: നഗരത്തില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എട്ട് പേര്‍ക്ക് പരിക്ക്. എഴുമുട്ടം സ്വദേശി കുമാരി ആണ് മരിച്ചത്. കുമാരിക്കൊപ്പം ഉണ്ടായിരുന്ന മറ്റ് കുടുംബാംഗങ്ങളെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുമാരിയുടെ മകനും ഭാര്യയ്ക്കും മകള്‍ക്കുമാണ് ഗുരുതരമായി പരുക്കേറ്റത്. കനത്ത മഴയില്‍ ശനിയാഴ്ച വൈകിട്ട് 4 നാണ് അപകടം. മൂവാറ്റുപുഴ - തൊടുപുഴ റോഡില്‍ നിര്‍മല കോളജ് കവലയിലായിരുന്നു അപകടം.

മൂവാറ്റുപുഴ ഭാഗത്തു നിന്നു തൊടുപുഴ ഭാഗത്തേക്കു പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിര്‍ ദിശയില്‍ വന്ന കാറിലും റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. മൂവാറ്റുപുഴ ഭാഗത്തുനിന്ന് വാഗമണ്ണിലേക്ക് പോവുകയായിരുന്ന സുഹൃത്തുക്കളായ ആറംഗ സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടം സൃഷ്ടിച്ചത്. എതിര്‍ദിശയില്‍ വന്ന തൊടുപുഴ ഏഴുമുട്ടം സ്വദേശികളായ നാലംഗ കുടുംബം സഞ്ചരിച്ച കാറിലും, കരുനാഗപ്പിള്ളി സ്വദേശികളായ ദമ്പതികളും ഇവരുടെ ആറുമാസം പ്രായമുള്ള കുഞ്ഞും സഞ്ചരിച്ചിരുന്ന കാറിലും ഇടിച്ചാണ് അപകടമുണ്ടായത്.

അപകടത്തില്‍ പരിക്കേറ്റ കുമാരിയുടെ മകന്‍ കെ.അനു (40), അനുവിന്റെ ഭാര്യ ലക്ഷമിപ്രിയ (38), ഇവരുടെ മകള്‍ ദീക്ഷിത (9) എന്നിവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

അപകടത്തില്‍പെട്ട മറ്റൊരു വാഹനത്തിലുണ്ടായിരുന്ന ആറംഗ സംഘത്തിലെ രഞ്ജിത്ത്, രാഹുല്‍, അനന്തു, രതീഷ്, ജിതിന്‍ എന്നിവരെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലുണ്ടായിരുന്ന ദമ്പതികളും ഇവരുടെ കുട്ടിയും അപകടത്തില്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടു. അപകടത്തെ തുടര്‍ന്ന് മൂവാറ്റുപുഴ - തൊടുപുഴ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. മൂവാറ്റുപുഴ പോലിസും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് റോഡില്‍നിന്ന് വാഹനങ്ങള്‍ നീക്കം ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഇടിയുടെ ആഘാത്തില്‍ ഒരു വാഹനം പൂര്‍ണമായും മറ്റു രണ്ട് വാഹനങ്ങള്‍ ഭാഗികമായും തകര്‍ന്നു.




Next Story

RELATED STORIES

Share it