Kannur

ഹോം ഡെലിവറി; കണ്ണൂരില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നിബന്ധനകളോടെ ഇളവ്

ഹോം ഡെലിവറി; കണ്ണൂരില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നിബന്ധനകളോടെ ഇളവ്
X

കണ്ണൂര്‍: ജില്ലയിലെ ഹോട്ട് സ്‌പോട്ട് ഒഴികെയുള്ള പ്രദേശങ്ങളില്‍ സിമന്റും ഇലക്ട്രോണിക് സാധനങ്ങളും വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇളവ് അനുവദിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. കേരള സിമന്റ് ഡീലേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് എന്നീ സംഘടനകള്‍ നല്‍കിയ അപേക്ഷകളുടെ അടിസ്ഥാനത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ഏപ്രില്‍ 27, 29 തിയ്യതികളില്‍ സിമന്റ് കടകളും 28, 30 തിയ്യതികളില്‍ ഇലക്ട്രോണിക് കടകളും 27, 28 തിയ്യതികളില്‍ ടാര്‍പോളിന്‍ വില്‍ക്കുന്ന കടകളുമാണ് തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. കടകള്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാം.

എസി, ഫാന്‍, മിക്‌സി, റഫ്രിജറേറ്റര്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ തുറക്കാമെങ്കിലും സാധനങ്ങള്‍ ഹോം ഡെലിവറിയായി മാത്രമേ വിതരണം ചെയ്യാവൂ എന്ന് നിബന്ധനയുണ്ട്. സിമന്റ് കടകളും ടാര്‍ പോളിന്‍ കടകളും തുറന്ന് ശുചീകരണം നടത്തണം. തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയോടെ ഹോം ഡെലിവറി ആയി മാത്രമേ വില്‍പ്പന പാടുള്ളൂ.

തുറന്നു പ്രവര്‍ത്തിക്കുന്ന കടകള്‍ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. ജീവനക്കാര്‍ സാമൂഹിക അകലം പാലിക്കണം. പരമാവധി അഞ്ചു ജീവനക്കാര്‍ മാത്രമേ പാടുള്ളൂ. എല്ലാ ദിവസവും ഒരേ ജീവനക്കാര്‍ തന്നെ ജോലിക്കെത്തണം. തൊഴിലാളികളെ റൊട്ടേറ്റ് ചെയ്ത് ഉപയോഗിക്കരുത്. എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ജോലിസ്ഥലത്ത് വ്യക്തി ശുചിത്വം പാലിക്കുന്നതിന് ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ എന്നിവ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. തൊഴിലാളികള്‍ക്ക് ആവശ്യമായ മെഡിക്കല്‍ പരിശോധന നല്‍കേണ്ടതും കൊവിഡ് 19 രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെ ഇല്ലെന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ഉറപ്പുവരുത്തേണ്ടതുമാണ്. വ്യാപാര സ്ഥാപനത്തിന് അടുത്തുള്ളവര്‍ മാത്രമേ ജോലിക്കെത്താന്‍ പാടുള്ളൂ എന്നും ഉത്തരവില്‍ വ്യക്തമാക്കി.


Next Story

RELATED STORIES

Share it